കർഷകന്റെ വഴിയേ സഞ്ചരിച്ചു നെൽകൃഷി മനസിലാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഞാൻ കോട്ടയത്തിന്റെയും പാലയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കടപ്ലാമറ്റത്ത് എത്തിയത്.
മണ്ണിനെ സ്നേഹിക്കുകയും കൃഷിയെ ജീവശ്വാസം പോലെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരുപറ്റം നാട്ടുകാരാണ് ഇവിടെ നെൽകൃഷിയെ മുൻപോട്ടു നയിക്കുന്നത്.നാട്ടിലെ കാർഷിക കൂട്ടായ്മ്മയുടെ ഫലമായി നിരവധി സാങ്കേതിക മുന്നേറ്റങ്ങൾ അവർക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഇതിലൂടെ കൂടുതൽ ആളുകളെ നെൽകൃഷിയിലേക്ക് ആകർഷിക്കുവാനും ഈ ഗ്രാമത്തിനു സാധിച്ചു.
നാട്ടിലെ പ്രധാന കർഷകരിൽ ഒരാളായ ശ്രീ. സി കെ ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തി ലേക്കാണ് ഒടുവിൽ ഞാൻ ചെന്നെത്തിയത്.കടപ്ലാമറ്റത്തെ നെൽകർഷക സഹകരണ സംഘത്തിന്റെ അദ്ധ്യക്ഷനായ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിനോടൊപ്പം തന്നെയാണ് നെൽകൃഷിയുൾപ്പടെയുള്ള വിവിധ കാർഷികവൃത്തിയിൽ ഏർപ്പെടുന്നത്. പ്രധാനമായും പരമ്പരാഗത രീതികളെ ആധുനികവൽക്കരിച്ചുള്ള ഒരു പുതിയ കൃഷിസമ്പ്രദായമാണ് അദ്ദേഹം അവലംബികുന്നത്.
ഞാൻ എത്തിയത് വിത്ത് വിതച്ചുകഴിഞ്ഞുള്ള പന്ത്രണ്ടാം ദിവസമാണ്.അതിനാൽ അതുവരെയുള്ള കൃഷിയുടെ പുരോഗതി അദ്ദേ ഹത്തോട് ചോദിച്ചു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യ്തത്.
ദിവസം - 1
തീയതി - ഒക്‌ടോ.16, 2013
IR 5 ഇനത്തിലുള്ള നെല്ലുവിത്താണ് ഉപയോഗിക്കുന്നത്. നെല്ലുവിത്ത് വെയിലത്തിട്ട് ഉണക്കി, പിന്നീട് കെട്ടിവെച്ചു. 1 ഏക്കറിന് ( 9 പറ) 40 കിലോ വിത്ത് എന്നാണ് കണക്ക് .
ദിവസം - 3
തീയതി - ഒക്‌ടോ .18, 2013 ( വെളുത്ത വാവ്)
വാവിന്റെ ദിവസമോ അതിനുമുന്പോ ആണ് വിത്ത് വിളപ്പിക്കുവാൻ ഉചിതം.വൈകുന്നേരം 5 മണിയോടെ ചെമ്പു പാത്രത്തിൽ വെള്ളമൊഴിച്ച് വിത്ത് അതിലിട്ടു വെച്ചു.അപ്പോൾ മുതലാണ് വിത്ത് വളർന്നു തുടങ്ങുന്നത്.
ദിവസം - 4
തീയതി - ഒക്‌ടോ .19 , 2013
12-14 മണിക്കൂറിനു ശേഷം രാവിലെ 7 മണിയോട് കൂടി വെള്ളത്തിൽ നിന്നും വിത്ത് പുറത്തെടുക്കുകയും വായുസഞ്ചാരമുള്ള 2 ചാക്കുകളിലായി മുറുക്കികെട്ടി വെക്കുകയും ചെയ്യ്തു.നെല്ലിനു മുറുക്കം കിട്ടുവാനായി ഒന്നിന് മുകളിൽ ഒന്നായി അവയെ അടുക്കി വെച്ചു .
ദിവസം - 6
തീയതി - ഒക്‌ടോ .21 , 2013
48 മണിക്കൂറിനു ശേഷം ചാക്കിലെ വിത്തുകളെ വീണ്ടും വെള്ളത്തിലിടുന്നു.വെള്ളത്തിലിട്ടു ചൂട് നിയന്ത്രിക്കുന്നതിലൂടെ കാർബണ്‍ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കുക എന്നതാണ് ലക്‌ഷ്യം. ഒന്നര മണിക്കൂറിനുശേഷംപഴയതുപോലെ ചാക്കിൽ കെട്ടി വെച്ചു .
ദിവസം - 7
തീയതി - ഒക്‌ടോ .22 , 2013
24 മണിക്കൂറിന് ശേഷം വിത്ത് പരിശ്ശോധിച്ചു. വേരിന്റെ നീളം കൂടുതലാണെങ്കിൽ തറയിൽ നിരത്തുകയും വെള്ളം തളിക്കുകയും വേര് കുറവാണെങ്കിൽ കൂട്ടിയിടുകയും ചെയ്യും.ഇവിടെ വേര് പാകത്തിന് കിട്ടിയതിനാൽ ഉടൻതന്നെ നെല്ല് പാടത്ത് വിതച്ചു.
ഒക്‌ടോ.16 മുതൽക്കു പാടത്ത് തോട് വെട്ടൽ, പാത്തി ക്രമീകരിക്കൽ,വരമ്പ് വെക്കൽ,ഉഴുതുമറിക്കൽ മുതലായ പണികൾ ആരംഭിച്ചിരുന്നു
വിത്ത് വിതച്ചു അഞ്ചാം ദിവസം ഞാറ്റടി( മുളച്ച വിത്ത്) മുകളിൽ കാണുവാൻ പാകത്തിനാകും.തുടർന്നുള്ള 4 മുതൽ 7 ദിവസം വരെ നിലത്തിലെ വെള്ളത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം.
കളയുടെ വളർച്ചയെ പ്രതിരോധിക്കുവാനായി പാടത്ത് വെള്ളം ഒരു നിശ്ചിത അളവിൽ കെട്ടിക്കിടത്തുകയും നെൽച്ചെടിയുടെ വേരുപിടിച്ചു വളർച്ച ഉണ്ടാകുവാനായി വെള്ളം ഇറക്കിവിടുകയും ചെയ്യും. ഇങ്ങനെ വെള്ളം കയറ്റിയും ഇറക്കിയുമാണ് നെല്ലിന്റെ വളർച്ചയെ പുരോഗമിപ്പിക്കുന്നത്. പാത്തിയിലൂടെ ജലസ്രോതസ്സുകളിലെ വെള്ളം പാടത്ത് എത്തിക്കുകയും,വരമ്പുകളിലുള്ള മടകളിലൂടെ എല്ലാ നിലങ്ങളിലേക്കും വെള്ളം വ്യാപിപ്പിച്ച് പിന്നീട് ആവശ്യത്തിനു ശേഷം കനാലുകളിലൂടെ വെള്ളം പുറത്തുകളയുകയും ചെയ്യും.
നെൽ കൃഷിയുടെ ആദ്യഭാഗങ്ങൾ കേട്ടുമനസ്സിലാക്കിയതിനുശേഷം തുടർന്നുള്ള പണികൾ കാണുന്നതിനായി ഞാൻ അദ്ദേഹത്തിന്റെ കൂടെ പാടത്തേക്കു പോയി ....
( തുടരും......)
Thanks for the information.....
ReplyDeleteim following the full cultivation procedures nd ll b publishing one by one...plz keep in touch
ReplyDeleteMammukkaye pole ullavar ithilekku varunnathu nallathanu...athupole ee chittakalum padikkanam...nelkrushi oru sukruthamanu.....
ReplyDelete