20 Jan 2014

മോട്ടോർ സൈക്കിൾ ഡയറീസ് - വയനാട് (ഒന്നാം ഭാഗം)

      കോട്ടയത്ത്‌ നിന്നും വയനാടിന്റെ കർണാടക അതിർത്തിയായ തിരുനെല്ലി, തോൽപെട്ടി എന്നിവിടങ്ങളിലേക്കൊരു ബൈക്ക് യാത്ര. കേൾക്കുമ്പോൾ സ്വല്പ്പം ബുദ്ധിമുട്ടായിട്ടു തോന്നാം. കുറച്ചു  ബുദ്ധിമുട്ടുണ്ടെങ്കിലും കേരളത്തിലെ പകുതി ജില്ലകളിലൂടെയും കടന്നുപോകുന്ന ഈയൊരു യാത്ര ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

      വെളുപ്പിനെ നാലുമണിയോടെ കോട്ടയത്തു നിന്നും യാത്ര ആരംഭിച്ചു. എറണാകുളവും തൃശ്ശൂരും  പാലക്കാടും കടന്ന്, അത്ര പരിചിതമല്ലാത്ത മലബാറിലേക്ക് പ്രവേശിച്ചു.  മലപ്പുറംകാരുടെ ജീവിതത്തിനെ കാൽപ്പന്തുകളി എത്രത്തോളം സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കിത്തരുന്ന പല കാര്യങ്ങളും വഴിയിൽ കാണുവാൻ കഴിഞ്ഞു. രാഷ്ട്രീയ പരസ്യങ്ങൾ മുതൽ കവലകളിലെ വാതുവെപ്പുമത്സരങ്ങൾ വരെ ഫുട്ബോളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

രാഷ്ടീയത്തിലും ഫുട്ബോൾ












     തുടർന്നു ഉച്ചയോടുകൂടി കോഴിക്കോട് താമരശ്ശേരി ചുരത്തിലെത്തി. 9 ഹെയർ പിൻ വളവുകളുള്ള ഭീമാകാരനായ ഈ ചുരത്തിലൂടെയുള്ള  മലകയറ്റമാണ് പിന്നീടങ്ങോട്ടു. ചുരം കയറി ചെന്നെത്തുന്നത് വയനാട്‌ ചെക്ക്‌പോസ്റ്റിലേക്കാണ്.

താമരശ്ശേരി ചുരം

  കൽപറ്റയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം മാനന്തവാടി, അവിടെനിന്ന് തിരുനെല്ലി. വയനാട്‌ വന്യജീവി സങ്കേതത്തിലൂടെ 21 കിലോ മീറ്റർ യാത്രചെയ്തു വേണം തിരുനെല്ലി ക്ഷേത്രത്തിലെത്തുവാൻ. അതിനാൽ ഇരുട്ട് വീഴുന്നതിനു മുൻപേ ഈ വഴി കടക്കണം. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ പറയാം, ആനയോ മറ്റു മൃഗങ്ങളേയോ ഒന്നും  വഴിയിൽ കണ്ടില്ല.വഴിയിൽ അവിടെയിവിടെയായി ആനത്താരകൾ കാണാം.

സഹചാരി മഹേഷിനൊപ്പം
തിരുനെല്ലിയിലേക്കുള്ള കാനന യാത്ര

  വൈകുന്നേരം 4 മണിയോട് കൂടി ക്ഷേത്രത്തിലെത്തി. കാടാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പരിസരത്തായി കുറച്ചുകടകളും ഹോം സ്റ്റേകളും ആദിവാസി കുടുംബങ്ങളും മാത്രമാണുള്ളത്. ദേവസ്വം ലോഡ്ജിലാണ് മുറി ബുക്ക്‌ ചെയ്തിരുന്നത്. വൈകുന്നേരം ക്ഷേത്ര സന്ദർശനവും മറ്റുമായി കടന്നു പോയി.

                                                                                                         


   തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലയിലൂടെയുള്ള ട്രക്കിംങ്ങാണ് ഇന്നത്തെ പരിപാടി. കർണാടകയും വയനാടും തമ്മിലുള്ള അതിർത്തിയാണ് ഈ മല. സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിലുള്ള ഈ മല കാടും വന്യജീവികളും നിറഞ്ഞതാണ്‌. തൊട്ടടുത്തായിതന്നെ 1700 മീറ്റർ ഉയരത്തിൽ  പക്ഷിപ്പതാളം സ്ഥിതി ചെയ്യുന്നുവെങ്കിലും മാവോയിസ്റ്റ് കടന്നുകയറ്റം സംശയിച്ചു നിലവിൽ  അവിടെ ട്രക്കിംഗ് നിരോധിച്ചിരിക്കുകയാണ്.


   വയനാടിന്റെ പല മേഘലകളിലും മാവോയിസ്റ്റുകളുടെ നിരന്തരമായിട്ടുള്ള ഇടപെടലുകൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മാനന്തവാടിയിലെ ചൂരണിയിൽ ലഘുലേഖ വിതരണം ക്വാറി ആക്രമണം തുടങ്ങിയവയും അടുത്തയിടെ ഉണ്ടായതാണ്. ഇതിനാലൊക്കെ ഒട്ടുമിക്ക പൊതുപ്രദേശങ്ങളിലും പ്രധാന നേതാക്കൾക്കായുള്ള ലുക്ക്‌ ഔട്ട്‌ നോട്ടീസ്  പതിപ്പിച്ചിട്ടുണ്ട്.

   തിരുനെല്ലി ഐ ബി ഓഫീസിൽ നിന്നും രാവിലെ 8 മണിയോടുകൂടി ട്രക്കിംഗ് ആരംഭിച്ചു. 5 പേർക്ക് 1500 രൂപാ എന്നതാണ് പാക്കേജ്. ഞങ്ങൾ 3 പേർ മാത്രമേ ഉണ്ടായിരിന്നുവെങ്കിലും മുഴുവൻ തുകയും അടയ്ക്കേണ്ടി വന്നു.  സമീപവാസിയായ മോഹനനാണു ഗൈഡ്. കുറുമർ എന്ന ആദിവാസി വിഭാഗത്തിൽപെട്ടയാളാണ് മോഹനൻ. കഴിഞ്ഞ 12 വർഷമായി ഈ തൊഴിൽ ചെയ്യ്തു വരുന്നു.


കാടിന്റെ കഥകൾ പറഞ്ഞു തരുന്ന മോഹനൻ

വാച് ടവർ
  മൊത്തം 12 കിലോമീറ്റർ ഉണ്ട് ട്രക്കിംഗ്. കുത്തനെയുള്ള മലകയറ്റമാണ് ആദ്യത്തെ പകുതിയോളം ദൂരം. ഈ കയറ്റത്തിനിടക്കാണ് ഫോറെസ്റ്റ് വാച് ടവർ. നല്ല ഉയരത്തിൽ സ്ഥിതി ചെയുന്ന ഈ ടവറിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ശിരോഭ്രമണാവസ്ഥ അനുഭവപ്പെടും. ടവറിനും ഇരട്ടി ഉയരത്തിലാണ് ബ്രഹ്മഗിരി മല. കായികാധ്വാനം വളരെയധികം വേണ്ടിവരുന്ന ഒരു പ്രവർത്തിയാണ് ഈ മലകയറ്റം. അത്യാവശ്യം കുടവയറുള്ള ഞാൻ വളരെ വളരെ കഷ്ട്ടപെട്ടാണ് മുകളിലെത്തിയത്. വെള്ളവും ബിസ്കറ്റും ആവശ്യത്തിനു കൊണ്ടുപോയതുകൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ പകുതിവഴിയിൽ ഞാൻ വീണുപോയേനെ.

ടവറിൽ നിന്നുമുള്ള കാഴ്ച
  ബ്രഹ്മഗിരിയുടെ മുകളിലെത്തിയപ്പോൾ സ്വർഗം കിട്ടിയ അനുഭൂതി. കർണാടക അതിർത്തിയിലെ ഫയർ ലൈൻ പോകുന്നത് ഇതുവഴിയാണ്. അതിർത്തിയിൽ നിന്നും വരുന്ന കാട്ടുതീ തടയാനാണ് ഫയർ ലൈൻ ഉണ്ടാക്കിയിടുന്നത്. എന്നാൽ കർണാടകക്കാർ ഇതൊന്നും ചെയ്യാറില്ല. വനനിയമങ്ങളുടെ നിഷ്കർഷതയിലും പരിപാലനത്തിലും കേരളത്തെ അപേക്ഷിച്ച് അവർ വളരെ പിന്നിലാണ്.
മലമുകളിലെ വിശ്രമം

   കുറച്ചുനേരം അവിടെയിരുന്നു വിശ്രമിച്ചതിനു ശേഷം മലയുടെ അപ്പുറത്തെ വശത്തേക്ക് ഇറങ്ങിതുടങ്ങി. ആദ്യം എളുപ്പമെന്നു തോന്നിയെങ്കിലും കയറ്റത്തെക്കാളും ബുദ്ധിമുട്ടേറിയതാണ് കുത്തനെയുള്ള ഇറക്കമെന്നു താമസിയാതെ മനസിലായി. എന്നാൽ കുറച്ചുമുന്പായി ആന ഈ ഇറക്കത്തിലൂടെ പോയിരുന്നതായി മോഹനൻ കണ്ടുപിടിച്ചു. ആന എങ്ങനെ ഇതുവഴി പോയി എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഉടനെ ആനയെ കാണാം എന്ന പ്രതീക്ഷയിൽ ഞാൻ ജാഗരൂകനായി മുൻപോട്ടു നീങ്ങി. വയനാട്ടിൽ ആദിവാസികളുൾപ്പെടെ എല്ലാവരും ആനയെ ഒരുപോലെ ഭയക്കുന്നു. ആനകളുടെ സ്ഥിരം ആക്രമണങ്ങൾ തന്നെയാണ് ഇതിനു കാരണം. ഇതിനാൽ ഗൈഡ് പണിക്ക് ആളുകൾ അധികം വരാറില്ല എന്ന് മോഹനൻ ഞങ്ങളോട് പറഞ്ഞു.

ആനയുടെ കാൽപ്പാടുകൾ

മലയിറക്കം

  മലയിറക്കം അവസാനിക്കുനിടത്താണ് ബംഗ്ലാവ് ഷോല എന്നറിയപ്പെടുന്ന ഭാഗം. നിബിഡവനമായ ഇവിടെ  പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു ബംഗ്ലാവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരവശിഷ്ട്ടവും ബാക്കിയില്ലാതെ ബംഗ്ലാവ് നശിച്ചുപോയി.

ബംഗ്ലാവ് ഷോല

"മലമറിച്ച"തിനു ശേഷം  ( പിന്നിൽ ബ്രഹ്മഗിരി മല )

  വീണ്ടും മൊട്ടക്കുന്നിലേക്കു ഞങ്ങൾ നടന്നു കയറി. വഴിയിൽ കിടന്നു ഒരു മുള്ളൻപന്നിയുടെ മുള്ള് കിട്ടി. കുറച്ചു ദൂരം താണ്ടിയപ്പോൾ അടുത്തുള്ള മറ്റൊരു നിബിഡവനത്തിൽ നിന്നും ആനയുടെ ചിന്നം വിളിയും അതോടൊപ്പം മരച്ചില്ല ഒടിക്കുന്ന ശബ്ദവും കേട്ടു. മോഹനൻ പറഞ്ഞ ആന ഇതുതന്നെ എന്നു ഉറപ്പായി. എന്നാൽ ആ ഭാഗത്തേക്ക് പോകുവാൻ ഡിപ്പാർട്ടുമെന്റ് അനുവാദമില്ലെന്നു അയാൾ പറഞ്ഞത് ഞങ്ങളിൽ നിരാശയുണ്ടാക്കി.


  ആനയെ കാണാൻ കഴിയാത്തതിന്റെ ക്ഷീണം മാറ്റിയത് ചുരത്തോട് വെള്ളച്ചാട്ടത്തിൽ കുളിച്ചാണ്. ഉച്ചക്ക് 1 മണിക്കും ഫ്രീസറിലെ വെള്ളത്തിന്റെ തണുപ്പാണ് വെള്ളത്തിന്. അത്രയും നേരം നടന്നതിന്റെ മുഴുവൻ ക്ഷീണവും ഇവിടത്തെ കുളിയിലൂടെ പമ്പകടന്നു.

ഞങ്ങളുടെ കുളിസീൻ A  ആയതിനാൽ ഇടാൻ കഴിയില്ല , ക്ഷമിക്കുക!

  അരമണിക്കൂർ ജലക്രീഢയ്ക്ക് ശേഷം ബ്രഹ്മഗിരിയുടെ ഒരുവശം ചുറ്റി തിരികെ വാച് ടവറിന്റെ അടുത്തെത്തി. അവിടെനിന്നും തിരിച്ചുള്ള മലയിറക്കം. 3 മണിയോടെ താഴെ ഐ ബി യിൽ എത്തിച്ചേർന്നു. കയ്യും കാലും ഒടിഞ്ഞു മടങ്ങിയെങ്കിലും ഈ ട്രക്കിങ്ങിലൂടെ  മനസിനു ലഭിച്ച സുഖം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

                                                                                    തുടരും...




19 Jan 2014

പൊതുജനം കഴുതയോ, അതോ കോമാളിയോ ?




കോണ്‍ഗ്രസ്‌ : എ ഐ സി സി യിൽ നടന്ന "പെർഫോമൻസ് റൗണ്ടി"ൽ വേദിയിലിരുന്ന ബഹു. പ്രധാന മന്ത്രിയോട് 12 സിലിണ്ടറാക്കണമെന്നു പറഞ്ഞ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. തത്ഫലമായി സബ്സിഡി സിലിണ്ടറുകളുടെ  എണ്ണം 12 ആക്കാൻ സർക്കാർ തീരുമാനിച്ചു.

സി പി എം : ഐതിഹാസികമായ നിരാഹാരസമരത്തിലൂടെ സബ്സിഡി സിലിണ്ടറുകൾ 12 എണ്ണമാക്കുവാൻ കേന്ദ്രം നിർബന്ധിതരായി.

കഴിഞ്ഞ ഏതാനം ദിവസങ്ങൾക്കൊണ്ട് 300 ഓളം രൂപ കൂട്ടിയ പാചകവാതകത്തിന് സംസ്ഥാന സർക്കാർ വാറ്റ് ഒഴിവാക്കി 41 രൂപ കുറച്ചു. ഈ വാർത്ത സർക്കാരിന്റെ വലിയ നേട്ടമായി ചില മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു.


ഇലക്ഷൻ അടുത്തതോടെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുവാനായി നെട്ടോട്ടമോടുന്ന കോണ്ഗ്രസ്സുകാരോടും കമ്മ്യൂണിസ്റ്റുകാരോടും ഈയവസരത്തിൽ പറയുവാൻ ഒന്നേയുള്ളൂ ; കേരളത്തിൽ ബോധമുള്ള ജനങ്ങൾ ഇനിയും അവശേഷിക്കുന്നുവെന്ന കാര്യം നിങ്ങൾ മറക്കാതിരിക്കുക!

16 Jan 2014

"വോക്സ് വാഗണി"ൽ സഞ്ചരിക്കുന്ന ആം ആദ്മിയായി സാറാ ജോസഫ്‌ ....


    പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ്‌ ഏതാനം ദിവസങ്ങൾക്കു മുൻപ് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ ആം ആദ്മിയായ ഇവർ ഇപ്പോഴും സഞ്ചരിക്കുന്നതാകട്ടെ 10 ലക്ഷം  രൂപയുടെ ആഡംബര കാറിലും. ഇന്ന് (ജനു.16 ) മണർകാട്, സെന്റ്‌ മേരീസ് കോളേജ് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി.


    മാറ്റങ്ങൾ വേണമെന്ന് വേദികളിലും പുസ്തകങ്ങളിലും ഘോരം ഘോരം പ്രസംഗിക്കുന്നവർ പ്രവർത്തിയിൽ വരുമ്പോൾ സ്വാർത്ഥരാവുന്നു. ഇത് മനുഷ്യസഹജമാണ്. വായു മലിനീകരണത്തേയും പ്രകൃതിയേയും കുറിച്ച് ആവലാതിപ്പെടുന്നവരുടെ കൂട്ടത്തിലുള്ള ആളാണ് സാറ. അവർ കയറുന്നതിനു 10 മിനിറ്റ് മുൻപേ എ സി ഇട്ടു കാർ തണുപ്പിക്കുന്നു ഡ്രൈവർ. ശുദ്ധവായു നിറഞ്ഞ മണർകാട് എന്ന ഗ്രാമത്തിലൂടെ പോകുമ്പോളും ചില്ലിട്ടു എ സി യിൽ പോകുന്നവർ എഴുതിവെക്കുന്നതിലും പറയുന്നതിലും എന്ത് ആത്മാർത്ഥതയാണ് പ്രതീക്ഷിക്കേണ്ടത്.പൊതു വാഹനങ്ങൾ പരമാവധി ഉപയോഗിക്കുന്നത് ആം ആദ്മി പാർടിയുടെ സ്റ്റൈൽ ആകയാലും, ഇതു വഴി മലിനീകരണം കുറയ്ക്കാം എന്നുമിരിക്കെ ഒരാൾക്ക്‌ വേണ്ടി വലിയ കാർ ഉപയോഗിക്കാതെ, സാറാ ജോസഫ്‌ പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിച്ച് സമൂഹത്തിനു മാർഗ്ഗദർശ്ശിയാവുകയല്ലേ വേണ്ടത് ?


     ആം ആദ്മിയായി മാറ്റത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോൾ സ്വയം മാറേണ്ടേ എന്ന ചോദ്യവും ചോദിക്കുന്നത് നന്നായിരിക്കും." ആം ആദ്മി" വന്നാലും കെജരിവാൾ വന്നാലും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ തന്നെയായിരിക്കും എന്നതാണ് ഇതെല്ലാം കാട്ടിത്തരുന്നത്. സാധാരണക്കാരൻ എന്ന ലേബൽ പദവികൾക്കും പ്രസ്തിക്കുമായുള്ള ഒരു ടെക്നിക്ക് മാത്രം.

15 Jan 2014

ജോണുമൊത്തുള്ള കോട്ടയം അനുഭവങ്ങളുമായി പുരുഷൻ ....

   ജനങ്ങൾക്കുവേണ്ടി ജനകീയമായി സിനിമ നിർമിച്ചു ജനങ്ങളിലൊരാളായി ജീവിച്ച ചങ്ങാതിയുടെ ഓർമ്മകൾ  പുരുഷന്റെയുള്ളിൽ ഇന്നും മായാതെ നിൽക്കുന്നു.. ജോണ്‍ എബ്രഹാമിന്റെ കോട്ടയത്തെ ഏറ്റവുമടുത്ത സുഹൃത്തായ പുരുഷൻ, തന്റെ പഴയകാല ഓർമകളിലേക്ക് വീണ്ടും നടന്നു കയറി.

പുരുഷൻ
ജോണ്‍ എബ്രഹാം
 1983 ലാണ് പുരുഷൻ ജോണിനെ പരിചയപ്പെടുന്നത്. പുരുഷൻ അന്ന് ചെറിയ കച്ചവടവും മറ്റുമായി കഴിഞ്ഞുപോവുകയായിരുന്നു. പുത്തനങ്ങാടിയിലെ സഹോദരിയെ കാണുവാനാണ് ജോണ്‍ എത്തുന്നതെങ്കിലും താമസവും മറ്റും പുറത്തെവിടെങ്കിലുമായിരിക്കും. ജോണിനു കിടക്കുവാൻ  പ്രത്യേകിച്ചൊരു സ്ഥലമോ സൗകര്യമോ ഒന്നും തന്നെ വേണ്ടിയിരുന്നില്ല. ഏതു വഴിയിലും പറമ്പിലും കിടന്നുറങ്ങും. കോട്ടയം തിരുനക്കരയമ്പലത്തിന്റെ നടയായിരുന്നു അവരുടെ പ്രിയപ്പെട്ട ഒത്തുകൂടൽ സ്ഥലം. വന്നിരുന്നു നിമിഷങ്ങൾക്കകം ആളുകൾ അവിടെക്കൂടും, എല്ലാവരുമായി ജോണ്‍ സൗഹൃദത്തിലാവുകയും ചെയ്യും. നല്ലൊരു ഗായകനും കൂടിയായിരുന്ന അദ്ദേഹം "ഓ ദുനിയാ കെ രഖ്വാലോ..", "പറന്നു പറന്നു.." എന്നീ ഗാനങ്ങൾ അവിടെയിരുന്നു പാടുക പതിവായിരുന്നു.ചിലപ്പോഴൊക്കെ തിരുനക്കര മഹാദേവനെ നോക്കി ജോണ്‍ പറയും " അളിയോ നമസ്ക്കാരം..."


"അമ്മ അറിയാനു" ദേശീയ പുരസ്ക്കാരം ലഭിച്ച സമയം, കോട്ടയം റെയിൽവേ സ്റ്റേഷനിൽ ജോണും പുരുഷനും നിൽക്കുമ്പോൾ ഏഴു വയസ്സോളം വരുന്ന ഒരു കുട്ടി ഓടിവന്നു അമ്മ അറിയാൻ നല്ല സിനിമയായിരുന്നു എന്നു പറഞ്ഞു ജോണിന് കൈ കൊടുത്തു. തന്നെ വല്ലാതെ സന്തോഷിപ്പിച്ച ഈയൊരു അഭിനന്ദനത്തിനൊപ്പം വരില്ല ഒരവാർഡും എന്നദ്ദേഹം പിന്നീടു പറഞ്ഞിരുന്നതായും പുരുഷൻ ഓർക്കുന്നു.

ചെറുപ്പത്തിലേ നഷ്ട്ടപ്പെട്ട അമ്മയുടെ ഓർമ്മകൾ ജോണിനെ എന്നും വേദനിപ്പിച്ചിരുന്നു. "അമ്മ അറിയാനി"ലെ അമ്മമാർ ഈ വേദനകളുടെ ആവിഷ്ക്കാരമായിരുന്നിരിക്കാം. "അമ്മ അറിയാനായി" ഇറക്കിയ ലഘുലേഖയിലെ വരികൾ പുരുഷൻ ഇന്നും ഓർക്കുന്നു. "അമ്മേ അമ്മക്കെന്നെ അറിയാമല്ലോ...എന്റെ പാതകൾ, എനിക്കൊരുക്കിയ കാഴ്ച്ചകൾ, ഇവിടെയെല്ലാം കുരുതിയാണമ്മേ കുരുതി..."

ജോണിന്റെ അമിതമായ മദ്യപാനത്തെ ഇടയ്ക്കിടയ്ക്ക് ചോദ്യം ചെയ്തിരുന്ന പുരുഷന്‌ "നീ പോയി നിന്റെ കാര്യം നോക്ക്" എന്ന  മറുപടിയാണ് കിട്ടിയിരുന്നതു. കോഴിക്കോട് വെച്ചു മദ്യലഹരിയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ജോണ്‍ വീണു മരിച്ചപ്പോൾ, താൻ കൂടെയുണ്ടായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും പശ്ചാതാപത്തോടെ പുരുഷൻ ഓർക്കുന്നു.

7 Jan 2014

നെൽ കൃഷിയിലെ കുടുംബക്കൂട്ടായ്മ.

 
   2014 നെ കുടുംബകൃഷി വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചപ്പോൾ, വർഷങ്ങളായി കുടുംബക്കൂട്ടായ്മയിലൂടെ നെൽകൃഷി നടത്തി വരികയാണ് കോട്ടയം മാഞ്ഞൂരെ 36 ഓളം കർഷകകുടുംബങ്ങൾ. മമ്മുട്ടിയും ശ്രീനിവാസനും നടത്തുന്ന കൃഷിയെ നമ്മൾ കൊട്ടിഘോഷിക്കുമ്പോൾ, നെൽകൃഷിയെ ആശ്രയിച്ചും സ്നേഹിച്ചും കഴിയുന്ന ഇവരേയും മറക്കുവാൻ പാടില്ല.
കോട്ടയത്തിനും വൈക്കത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന 36 ഓളം കൃഷിക്കാരുടെ 48 ഏക്കർ വരുന്ന പാടശേഖരത്തിലാണ് ഈ കൂട്ടായ്മ്മ ഇന്നും തുടർന്നു പോരുന്നത്.

     വഴിയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന വളച്ചകാരി-കണ്ടം കുഴി എന്നീ പാടശേഖരങ്ങൾ ചേരുന്നതാണ് കൃഷിയിടം.വർഷങ്ങളായി ഇവിടുത്തെ കൃഷിക്ക് മേൽനോട്ടം നടത്തി വരുന്നത് രാമചന്ദ്രനാണ്.ഒട്ടുമിക്ക ദിവസവും രാത്രിയിൽ പാടത്തിനോടു ചേർന്നുള്ള പമ്പ്‌ഹൗസിലാണ് ഇദ്ദേഹത്തിന്റെ താമസം.

വളച്ചകാരി-കണ്ടം കുഴി   പാടം
പമ്പ്‌ഹൗസ്സ്‌
രാമചന്ദ്രൻ

      പാടത്ത് ഞാറുനടൽ  പുരോഗമിക്കുന്നു. തൊഴിലാളികളായി 5 സ്ത്രീകളുണ്ട്. ഈ വർഷം ഇറക്കിയിരിക്കുന്നത് ഡി5 ഇനത്തിൽപ്പെട്ട വിത്താണ്. മാക്കിൽ കുഴിയാഞ്ഞാൽ തോടാണ് കൃഷിക്കായുള്ള ജലസ്രോദസ്സ്. വേദഗിരിയിൽ നിന്നും ആരംഭിക്കുന്ന ഈ തോട് വേമ്പനാട്ടുകായലിൽ ചെന്നു ചേരുന്നു. പായലും ചെറിയ തോതിലുള്ള മാലിന്യങ്ങളും നിറഞ്ഞ ഈ തോട് വൃത്തിയാക്കുവാനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്തത്തിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രദേശത്തെ കൃഷി ഓഫീസറും മറ്റു ഉദ്യോഗസ്ഥരും വളരെ നല്ല രീതിയിൽ കൃഷിയെ പിന്‍താങ്ങുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

മാക്കിൽ കുഴിയാഞ്ഞാൽ തോട്


     നമ്മുടെ പാരമ്പര്യത്തേയും വ്യക്തിത്വത്തേയും വിളിച്ചോതുന്നത്പച്ചവിരിച്ച ഈ പാടശേഖരങ്ങളാണ്.വലിയ റോഡുകൾക്കും ഷോപ്പിംഗ്‌ മാളുകൾക്കും നല്കാൻ കഴിയാത്ത ഒരു സ്വാഭിമാനം ഇവ നമുക്ക് നൽകുന്നു.എന്നാൽ പുതിയ തലമുറ ഈ രംഗത്തേക്ക് വരുവാൻ വിമുഖത കാട്ടുന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യവുമാണ്.

2 Jan 2014

കെ എസ് ആർ ടി സി എന്ന മുൾക്കിരീടം അണിഞ്ഞ തിരുവഞ്ചൂർ ! ( മീറ്റ്‌ ദി പ്രസ്സ്‌ : തിരുവഞ്ചൂർ രാധാകൃഷ്ണൻ )


കോട്ടയം: ആഭ്യന്തരം എന്ന വിവാദവകുപ്പ് കൈമാറി, നഷ്ട്ടത്തിന്റെ കണക്കുകൾ മാത്രം പറയുവാനുള്ള കെ എസ് ആർ ടി സിയെന്ന പുതിയ മുൾകിരീടം ധരിച്ചു മന്ത്രി തിരുവഞ്ചൂർ. കെ എസ് ആർ ടി സിയിലെ കണക്കുകൾ കണ്ടു ഭയന്നിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.കോട്ടയം പ്രസ്‌ ക്ലബ്ബിൽ നടന്ന മീറ്റ്‌ ദി പ്രസ്സ്‌ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


     കെ എസ് ആർ ടി സി യുടെ ഇപ്പോഴത്തെ മാസവരുമാനം 144 കോടിയും ചിലവു 237 കോടിയുമാണ്. ഇതിൽ ഏറ്റവും പ്രധാനം പെൻഷനുവേണ്ടിയുള്ള 37 കോടിയാണ്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിന്നും കൊമേർഷ്യൽ അല്ലാത്ത, പൊതുഗതാഗതം ലക്ഷ്യമിട്ടുള്ള ഒരു ബ്രേക്ക്‌ഈവെൻ അവസ്ഥയിൽ നടത്തിക്കൊണ്ടു പോവുക എന്നതാണ് ലക്‌ഷ്യം.

    ഗതാഗതത്തിനോടോപ്പം വനം കായികം സിനിമ പരിസ്ഥിധി എന്നിവയാണ് കയ്യിൽ വന്നിരിക്കുന്ന മറ്റു വകുപ്പുകൾ. ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട്‌ നാളെ വരും. വർഷങ്ങളായി മലയോരങ്ങളിൽ താമസിച്ചുവരുന്നവർക്ക് അരക്ഷിതാവസ്ഥ ഉണ്ടാവാതെ, പരിസ്ഥിധിയും കർഷകരേയും ബാലൻസ് ചെയ്തുകൊണ്ടുള്ള ഒരവസ്ഥയെ മാത്രമേ സർക്കാർ അനുവദിക്കുകയുള്ളു.

    തിരക്കു പിടിച്ച്‌ സ്വകാര്യവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കെ എസ് ആർ ടി സിയിൽ തിരുവഞ്ചൂർ പറഞ്ഞ പോലെയുള്ള നടപടികൾ എങ്ങനെ പ്രാവർത്തികമാവും എന്നത്  കാത്തിരുന്നു കാണാം.

മാധ്യമപ്രവർത്തകരുമായി സൗഹൃദ സംഭാഷണം

അങ്ങനെ "പ്രതിഷേധിക്കുവാൻ" നമ്മുക്ക് ഒരു പാർട്ടികൂടി...


ദേശീയ തലത്തിൽ ഉണ്ടായ എൽ പി ജി വില വർധനയ്ക്കെതിരേ  കോട്ടയം സെൻട്രൽ ജങ്ങ്ഷനിൽ ആം ആത്മി പാർട്ടി ജില്ലാ വിഭാഗം ചൂലുയർത്തി, അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

നല്ല കാര്യം!

 എന്നാൽ "ആപ്" ഭരണം തുടങ്ങിയ ഡൽഹിയിൽ ഇതിനെതിരെ കാര്യമായ ഒന്നും നടന്നില്ല. അരവിന്ദ് കേജ്രിവാൾ കോണ്‍ഗ്രെസ്സുകാരുമായി ചങ്ങാത്തം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ ഇതൊന്നും ശ്രദ്ധിക്കുവാൻ അദ്ദേഹത്തിനും മറ്റു "ന്യൂ ജെനറെഷൻ സമരക്കാർ"ക്കും സമയമില്ല.






1 Jan 2014

കേരളത്തിൽ ഇപ്പോഴും തുടർന്നുവരുന്ന മൃഗബലികൾ


     നൂറുകണക്കിന് കോഴികളെ ഗുരുതിക്കളത്തിനു മുൻപിലായി തലയറുത്ത് കൊന്നുകൊണ്ടുള്ള മൃഗബലി. കേൾക്കുമ്പോൾ പണ്ട് നടന്നിരുന്നതെന്നോ അല്ലെങ്കിൽ ഏതെങ്കിലും അന്യസംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന ആചാരമെന്നോ തോന്നിയേക്കാം. എന്നാൽ അല്ല, 2013 ലും കേരളത്തിൽ ഇങ്ങനെയുള്ള ആചാരങ്ങൾ നടന്നു വരുന്നു.


     കോട്ടയം ജില്ലയിലെ രാമപുരം പ്രദേശത്തായി സ്ഥിതി ചെയ്യുന്ന കൊണ്ടമറുക് ശ്രീ പോർക്കലി ക്ഷേത്രത്തിലെ ഗുരുതിപൂജയുടെ ഭാഗമായുള്ള മൃഗബലിക്കാണു അവിചാരിതമായി ഞാൻ സാക്ഷ്യം വഹിച്ചത്. എല്ലാ വർഷവും മണ്ഡലകാലത്ത് നടത്തിവരുന്ന ആചാരമാണിത്. രാത്രി പത്തരയോടുകൂടി ഗുരുതിക്കളത്തിൽ നടക്കുന്ന പൂജക്ക് ശേഷം കോഴികളെ അതിനു മുൻപിലായാണ് ബലി നൽകുന്നത്. അറുത്ത തല ഗുരുതികളത്തിലിട്ട്, ഉടൽ വഴിപാടുകാർ കൊണ്ടുപോവുകയും ചെയ്യുന്നു. ഭൂതഗണങ്ങൾക്കായി ചോര നൽകുന്നു എന്നതാണ് ഈ ആചാരത്തിനു പിന്നിലെ സങ്കല്പം.







    അടുത്തുള്ള അമ്പലങ്ങളിൽ ഇതേ രീതിയിലുള്ള ബലികൾ വർഷങ്ങൾക്കുമുൻപേ നിർത്തിയിരുന്നു. എന്നാൽ ഇവിടെ ഇതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. സഹജീവികളുടെ ചോര കൊടുത്തു കിട്ടുന്ന അനുഗ്രഹങ്ങൾ എന്തിനാണ് മനുഷ്യന് എന്നു ഞാൻ ചിന്തിച്ചുപോയി.