28 May 2014

'അസുരന്‍'മാര്‍ വിഹരിക്കുന്ന അസുരകുണ്ട്...


 നാനൂറ്റിപതിനെട്ടല്ല നാലുലക്ഷത്തിപതിനെട്ട് ബാറുകള്‍ തുറന്നാലും, നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന, പാടത്തും പറമ്പിലും കാട്ടിലുമിരുന്നുള്ള മദ്യപാനം കുറയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്. വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നുകൂടിയാണിത്. പരിസരമലിനീകരണത്തിനോടൊപ്പം, പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്ക്
 വലിയ ബുദ്ധിമുട്ടുകളും ഇക്കൂട്ടരില്‍ നിന്ന് നേരിടേണ്ടി വരുന്നു...
നാട്ടുകാരുടെ മദ്യപാനകേന്ദ്രവും സാമൂഹികവിരുദ്ധരുടെ ഇഷ്ടപ്രദേശവുമായിമാറിയ അസുരകുണ്ട് എന്ന കൃത്രിമജലാശയത്തിലേക്ക്...

___________________________________

   ഷൊര്‍ണൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, അസുരകുണ്ട് ജലസംഭരണി ആകര്‍ഷകമായ ഒരു ഭൂപ്രദേശമാണ്. വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ, 1977ലാണ് ജലസംഭരണി നിര്‍മ്മിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്നും സംസ്ഥാന പാത 22 ലൂടെ യാത്ര ചെയ്താല്‍ ആറ്റൂര്‍ ഗ്രാമപ്രദേശത്ത് എത്തിച്ചേരാം; അവിടെ നിന്നും പഴയന്നൂര്‍ റോഡിലൂടെ സഞ്ചരിച്ച് അസുരകുണ്ടിലെത്താം. തൃശൂര്‍ വനവകുപ്പിന്റെ കീഴിലുള്ള മച്ചാട് ഡിവിഷനിലാണ് ജലസംഭരണി സ്ഥിതിചെയ്യുന്നത്. 10 മീറ്റര്‍ മാത്രം ഉയരമുള്ള അണക്കെട്ടാണിത്.



    ഷൊര്‍ണൂരുള്ള സുഹൃത്തിനെ കൂട്ടിയാണ്, നാട്ടുകാര്‍ക്കിടയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അസുരകുണ്ട് ജലസംഭരണിയിലേക്ക് ഞാന്‍ പോയത്. ഞാന്‍ അസുരകുണ്ടിലേക്ക് പോകാം എന്നു പറഞ്ഞപ്പോള്‍, 'വേണോ?' എന്നാണ് ആദ്യമവനെന്നോട് ചോദിച്ചത്. കൊലപാതകമൊക്കെ നടന്ന സ്ഥലമാണെന്നും അതിനാല്‍ പോകുന്നത് സുരക്ഷിതമല്ലെന്നും അവന്‍ പറഞ്ഞപ്പോള്‍, ഏതായാലും പോയിനോക്കാമെന്ന് ഞാന്‍ പറഞ്ഞു. ചെക്‌പോസ്റ്റിലെ പോലീസുകാരന്റെ ഭയങ്കരമായ ചോദ്യം ചെയ്യല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി ഇവന്‍ പറയുന്നപോലെയൊന്നുമല്ല, വളരെ കര്‍ക്കശമായിട്ടാണ് അവിടെ കാര്യങ്ങള്‍ നടന്നുപോകുന്നതെന്ന്. എന്നാല്‍ ഉള്ളിലേക്ക് ചെന്നപ്പോള്‍ എത്രത്തോളമാണ് അവിടുത്തെ കര്‍ക്കശത്വം എന്നതെനിക്ക്‌ വ്യക്തമായി.
   സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമാണിവിടം. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് കടന്നുള്ള വഴിയായിട്ടുകൂടെ, അങ്ങിങ്ങായി മദ്യപിച്ചുകൊണ്ടിരിക്കുന്ന ചെറുകൂട്ടങ്ങളെ ധാരാളം കാണാമിവിടെ. വഴിയുടെ നടുക്ക് കുപ്പിവെച്ച് അടിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. കുപ്പിതട്ടാതെ, ഒതുങ്ങി ഞങ്ങള്‍ ഡാമിലേക്ക് നീങ്ങി.

   മനംമടുപ്പോടെയാണ് ചെന്നതെങ്കിലും, അണക്കെട്ടിന്റെ അകത്തേക്ക് പ്രവേശിച്ചതോടെ ഈയൊരു മാനസികാവസ്ഥ മാറി. കരിമ്പനയും കുടപ്പനയും ഉള്‍പ്പടെ നിരവധി വൃക്ഷലതാതികളാല്‍ ചുറ്റപ്പെട്ട തടാകമാണിവിടെ കാണുവാന്‍ സാധിച്ചത്‌. തടാകത്തിന് മിഴിവേകുവാന്‍ നൂറുകണക്കിന് പക്ഷികളും. വേനലിന്റെ ബാക്കിപത്രമായി, അണക്കെട്ടില്‍ തെളിഞ്ഞുവന്ന പാറക്കെട്ടുകളും ചതുപ്പ് നിലങ്ങളും, അസുരകുണ്ടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. പക്ഷിക്കാഷ്ഠത്താല്‍ ചിത്രപ്പണി നടത്തിയ പാറക്കെട്ടുകളും ഇളം പുല്ലുകള്‍ നിറഞ്ഞ നദീതടങ്ങളും പക്ഷികളുടെ കളകൂജനവും തടാകത്തിനെ ചുറ്റപ്പെട്ടിരിക്കുന്ന വൃക്ഷലതാതികളും ചേര്‍ന്ന് ആനന്ദദായകമായ
 ഒരന്തരീക്ഷമാണ് ഇവിടം പ്രദാനം ചെയ്യുന്നത്.




      സാമൂഹികവിരുദ്ധരുടെ അതിപ്രസരം മൂലം, ഈ സൗന്ദര്യത്തിലേക്ക് എത്തിപ്പെടുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ട് തന്നെ സ്ത്രീകളേയും കുട്ടികളേയും കൂട്ടി ഇവിടെ വരുവാന്‍ ആരും ധൈര്യപ്പെടാറില്ല. 'അസുരകുണ്ട്' അക്ഷരാര്‍ത്ഥത്തില്‍ അസുരന്‍മാരുടെ കുണ്ടാകുന്നതും അങ്ങനെയാണ്. വിനോദസഞ്ചാരത്തിന് വളരെയധികം സാധ്യതകളുള്ള ഈ മനോഹരമായ ജലസംഭരണി, അധികൃതരുടെ അനാസ്ഥമൂലം കുത്തഴിഞ്ഞ നിലയിലെത്തിച്ചേര്‍ന്നിരിക്കുന്നു.








16 May 2014

പെട്ടിതുറന്നപ്പോള്‍..!

   
    ചരിത്ര വിജയവും ചരിത്ര പരാജയവും ഒരേസമയം കാട്ടിത്തന്ന 16ാം ലോകസഭ തിരഞ്ഞെടുപ്പ്, നരേന്ദ്ര മോദി എന്ന വിജയശ്രീലാളിതനേയും രാഹുല്‍ ഗാന്ധി എന്ന പാഴ് ബിംബത്തിനേയും ഭാരതീയ ജനതക്ക് കാട്ടിത്തന്നു. 226 സീറ്റില്‍ നിന്നും രണ്ടക്കത്തിലേക്ക് യു പി എ സഖ്യം തകര്‍ന്നടിഞ്ഞപ്പോള്‍, 282 എന്ന മികച്ച ഭൂരിപക്ഷം ബി.ജെ.പി സ്വന്തമാക്കി. 15ാം ലോകസഭയില്‍ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായിരുന്ന ബി. എസ്. പി ചിത്രത്തില്‍ നിന്ന് മാഞ്ഞുപോവുകയും ആറാം സ്ഥാനത്ത് നിന്നിരുന്ന എ.ഐ.എ.ഡി.എം.കെ ഇവരുടെ സ്ഥാനത്തേക്ക് പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്യപ്പെട്ടു. മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന് കൊട്ടിഘോഷിക്കപ്പെട്ട ആം ആദ്മിയെ തഴഞ്ഞ്, ഡല്‍ഹി ബി.ജെ.പിയെ സ്വീകരിച്ചു. എന്നാല്‍ പഞ്ചാബില്‍ 4 സീറ്റ് വിജയിക്കുവാനായതും വാരാണസിയില്‍ അരവിന്ദ് കേജ്രിവാള്‍ നരേന്ദ്രമോദിയോട് യുദ്ധം ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയതും ആം ആദ്മിയെ തള്ളിക്കളയാറായിട്ടില്ല എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.


     എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന രീതിയില്‍ തന്നെയായിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. യു.പി.എ യുടെ ദേശീയ നാണക്കേടിന് തെല്ലൊരു ശമനം നല്‍കി യു.ഡി.എഫ് 12 സീറ്റ് നേടി. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കെ.സി വേണുഗോപാല്‍, പി.കെ. ബിജു, ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, ഇന്നസെന്റ്, എ. സമ്പത്ത്, എന്‍. കെ പ്രേമചന്ദ്രന്‍, കെ.വി. തോമസ്, സി.എന്‍. ജയദേവന്‍ എന്നിവര്‍ പതിനായിരങ്ങള്‍ നേടിയപ്പോള്‍, ലക്ഷാധിപതികളായി മാറി എം.ബി രാജേഷും ജോസ് കെ. മാണിയും ഇ. അഹമ്മദും. തിരുവനന്തപുരവും കണ്ണൂരും വടകരയും ഇഞ്ചോടിഞ്ച് മല്‍സരമാണ് കാഴ്ചവെച്ചത്. ബി. ജെ. പിയുടെ പ്രതീക്ഷയായിരുന്ന രാജഗോപാല്‍ 8000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയെങ്കിലും, പിന്നീട് ഈ ലീഡ് കുറയുകയും, 15470 വോട്ടിന്‌ ശശി തരൂര്‍ വിജയിക്കുകയായിരുന്നു. ശ്രീമതിയും മുല്ലപ്പള്ളിയും ഇതുപോലെതന്നെ ത്രിശ്ശഃങ്കുവില്‍ നിന്നാണ് ഫലമറിഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടെ, എറണാകുളത്തെ അനിതാ പ്രതാപ് 50000ലധികം വോട്ടും തൃശൂരെ സാറാ ജോസഫ് 44000ലധികം വോട്ടുകള്‍ നേടി. ബി. ജെ. പി യുടെ എം. ടി. രമേഷ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ ഒരു ലക്ഷത്തിനു മുകളില്‍ വോട്ട് നേടി, ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

    ഇടതിന് കേരളത്തില്‍ ലാഭമായിരുന്നുവെങ്കിലും ദേശീയതലത്തില്‍ കനത്ത നഷ്ടം തന്നെയാണുണ്ടായിരിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കപെട്ടേക്കാം എന്ന ഭയത്തിലാണവര്‍. ഒരുപക്ഷേ ആം ആദ്മി ആയിരിക്കാം ഇവര്‍ക്ക് പകരം ദേശീയപാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ പോകുന്നത്.

    2 ലക്ഷത്തിനുമുകളില്‍ നിഷേധവോട്ടാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലുമായി ലഭിച്ചത്. 40000ത്തിലധികം നിഷേധവോട്ടുകള്‍ മലപ്പുറത്തും ആലത്തൂരുമായി ലഭിച്ചപ്പോള്‍, പത്തനംതിട്ടയിലും കോട്ടയത്തും 15000ഓഉംപേരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

11 May 2014

പൂരപ്പറമ്പില്‍...

   തൃശൂര്‍ പൂരം ആസ്വദിക്കണമെങ്കില്‍ വ്യക്തമായ ആസൂത്രണത്തോടെ വേണം പൂരപ്പറമ്പില്‍ എത്താന്‍. ഇല്ലെങ്കില്‍ കുറേ ആളുകളുടെ ഇടയിലൂടെ തേരാപാരാ നടക്കാം. എന്താണ് അവിടെ സംഭവിക്കുന്നതെന്നുപോലും മനസിലാവുകയില്ല.
തൃശുര്‍ പൂരത്തിന്റെ വാദ്യഘോഷാദികളിലൂടെ ഒരു യാത്ര...

   രാവിലെ സ്വല്‍പ്പം വൈകിയാണ് ഞാന്‍ എത്തുന്നത്. അപ്പോഴേക്കും പടിഞ്ഞാറേ നടയിലെ നടുവിലാല്‍ വഴി ഘടകപൂരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളുടെ പൂരങ്ങളായിരുന്നു എഴുന്നള്ളിയിരുന്നത്. മൊത്തം 8 ഘടകക്ഷേത്രങ്ങളാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. വാദ്യമേളക്കൊഴുപ്പോടെയാണ് ഇരുകൂട്ടരും തിരുനടയിലെത്തിയിരിക്കുന്നത്.


   പാറമേക്കാവിലേക്ക് ഞാന്‍ നടന്നു. പാറമേക്കാവും തിരുവമ്പാടിയും മാത്രമല്ല, അമ്പലപ്പറമ്പില്‍ ഏഷ്യാനെറ്റും കൈരളിയും വരെ ഏറ്റുമുട്ടുന്നു. ഏറ്റവും മികച്ച രീതിയില്‍ പൂരം ആരവതരിപ്പിക്കും എന്ന മത്സരം.


   കിഴക്കേ ഗോപുരത്തിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന പാറമേക്കാവിന്റെ മുന്നിലായി 14 ഗജവീരന്‍മാരും ഭക്തജനങ്ങളും ഭഗവതിയുടെ എഴുന്നള്ളത്തും കാത്ത് അക്ഷമരായി നില്‍ക്കുന്നു. ആനപ്പുറത്തിരിക്കുന്നവര്‍ മൊബൈലില്‍ സംസാരിച്ച് സമയംകളയുമ്പോള്‍, പോലീസുകാര്‍ മേളക്കാര്‍ക്ക് അണിനിരക്കാന്‍ പാകത്തിന് ജനങ്ങളെ ഒതുക്കുവാന്‍ ശ്രമിക്കുന്നു. പൂരത്തിന്റെ ആവേശത്തില്‍ മതിമറന്ന ആയിരക്കണക്കിന് ആളുകളാണവിടെ തടിച്ച് കൂടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ തള്ളി നീക്കുക എന്നത് ചില്ലറപ്പണിയുമല്ല.


   അവിടിവിടെയായി മേളക്കാര്‍ അണിനിരന്നു. ഏതാനം മിനിറ്റുകള്‍ക്കുള്ളില്‍ പാറമേക്കാവ് ശ്രീപത്മനാഭന്റെ പുറത്തിരുന്ന് ഭഗവതി എഴുന്നള്ളി. ഹര്‍ഷാരവത്തില്‍ പൂരപ്പറമ്പ് പ്രകമ്പനം കൊണ്ടു.

   ചെമ്പട ആരംഭിക്കുകയായി. പെരുവനം കുട്ടന്‍മാരാറാണ് മേളത്തിന്റെ പ്രമാണി. ഉന്തും തള്ളും സഹിച്ച് മണിക്കൂറുകള്‍ കാത്തുനിന്ന് അവശരായ കാണികള്‍ നിമിഷനേരം കൊണ്ട് ഊര്‍ജസ്വലരാവുന്ന കാഴ്ച ഇവിടെ കാണുവാന്‍ സാധിക്കും. കൈകള്‍ വാനിലേക്കുയര്‍ത്തി, പൂരത്തിന്റെ സ്റ്റൈലില്‍ ആയിരങ്ങള്‍ ആടിത്തുടങ്ങി. കുടമാറ്റവും അതോടൊപ്പമുണ്ട്. ഓരോ പുതിയ കുട ചൂടുമ്പോളും വലിയ ആര്‍പ്പുവിളികളാണ് കാണികളില്‍ നിന്നുംമുണ്ടാകുന്നു. ആവേശം വര്‍ധിപ്പിക്കുവാന്‍ പാകത്തിന് വെടിക്കെട്ടും അരങ്ങേറി.
പാറമേക്കാവ് മേളം
   കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്ത മഴ പൂരപ്രേമികളെ ആശങ്കയുടെ മുള്‍മുനയിലാണ് കൊണ്ടെത്തിച്ചത്. മഴമൂലം ഇത്തവണ സാംമ്പിള്‍ വെടിക്കെട്ടും റദ്ദാക്കിയിരുന്നു. എന്നാല്‍ രാവിലെയായതോടെ സൂര്യന്‍ മാനത്ത് തിളങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്.

   മണിക്കൂറുകള്‍ നീണ്ട ചെമ്പട അവസാനിച്ച്, വടക്കുംനാഥന്റെ മുന്നിലേക്കായി ഭഗവതി എഴുന്നള്ളത്ത് ആരംഭിച്ചു. നട്ടുച്ചയായി അപ്പോഴേക്കും. തൃശൂര്‍ നഗരസഭയുടെ സൗജന്യ സംഭാരവിതരണത്തില്‍ നിന്നും രണ്ടു ഗ്ലാസ് വാങ്ങിക്കുടിച്ച് പൂരത്തിന്റെ പിന്നാലെ ഞാനും നടന്നു.

   അമ്പലത്തിന്റെ മതില്‍ക്കകത്തേക്ക് പ്രവേശിച്ച് തെക്കേ ഗോപുരവും പടിഞ്ഞാറേ ഗോപുരവും ചുറ്റിയാണ് ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നത്. അവിടെ നടക്കുന്ന പാണ്ടിമേളത്തിന്റെ ഏഴയലത്തുപോലും അടുക്കാന്‍ പറ്റില്ല എന്നതാണ് വാസ്തവം. തിക്കിയും തിരക്കിയും മനസുമടുത്തപ്പോള്‍ അടുത്തുകണ്ട ആല്‍ത്തറയുടെ ചുവട്ടില്‍ പോയിരുന്നു.

ഇലഞ്ഞിത്തറ മേളം
   അപ്പോഴാണ് ഞാന്‍ മറ്റൊരുകാര്യം ശ്രദ്ധിക്കുന്നത്; എല്ലാവരും ചെരുപ്പിട്ടാണ് മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ചിരിക്കുന്നത്. മാത്രവുമല്ല, ചുറ്റമ്പലത്തില്‍ ചെരുപ്പിട്ട് കയറിനില്‍ക്കുന്നു കുറേ 'ഭക്തജനങ്ങള്‍'. കൂള്‍ഡ്രിംഗസ് കച്ചവടവും മതില്‍ക്കകത്ത് പൊടിപൊടിക്കുന്നു. കഷ്ടം തന്നെ!

   പെട്ടന്ന് വാനം ഇരുണ്ടു, മഴ ആരംഭിച്ചു. ആളുകള്‍ ചിന്നിച്ചിതറിയോടി. പാണ്ടിമേളം നടക്കുന്നത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ്. ഈയൊരു അവസരം മുതലെടുത്ത് പാണ്ടിമേളത്തിന്റെ അടുത്തെത്താന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. ഗാനമേള നടക്കുമ്പോള്‍ കാണുന്ന സദസിന് സമാനമായ ആള്‍ക്കൂട്ടം. കനത്തമഴയത്ത് മേളത്തില്‍ കുതിര്‍ന്ന് ആടിത്തിമിര്‍ക്കുന്ന അബാലവൃദ്ധം ജനങ്ങള്‍.

പെരുവനം കുട്ടന്‍മാരാറും സംഘവും...
   മഴ ശമിച്ചതോടെ, കുടമാറ്റമെങ്കിലും വൃത്തിക്ക് കാണാം എന്നുകരുതി തെക്കേ ഗോപുരത്തിന്റെ മുന്നിലേക്ക് പാഞ്ഞു. പടപേടിച്ചു പന്തളത്തുചെന്നപ്പോ, പന്തം കൊളുത്തി പട! പോലീസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളുമാണവിടെ. ഞാനും അതിനിടയിലേക്ക് നുഴഞ്ഞുകയറി. വി ഐ പി കസേരകളിലിരുന്ന് സായിപ്പന്‍മാര്‍ ഞങ്ങളുടെ ഈ ദുരവസ്ഥയെ കാമറയില്‍ പകര്‍ത്തുകയായിരുന്നു അപ്പോള്‍...



കുടമാറ്റത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍
   ഏതാനം മണിക്കൂറുകള്‍ക്ക് കഴിഞ്ഞപ്പോ പാറമേക്കാവ് ഭഗവതിയും സംഘവും പുറത്തേക്കിറങ്ങി. വഴിയിലേക്ക് നീങ്ങി, ക്ഷേത്രത്തെ അഭിമുഖീകരിച്ച് 15 ഗജരാജാക്കന്‍മാരും അണിനിരന്നു. തുടര്‍ന്ന് ശിവസുന്ദറിന്റെ പുറത്തായി തിരുവമ്പാടി ഭഗവതിയും കൂട്ടരും പൂരപ്പറമ്പിലേക്കിറങ്ങി. പാറമേക്കാവിനെ അഭിമുഖീകരിച്ച് തിരുവമ്പാടി ടീമും തയ്യാറായി. ഇരുകൂട്ടര്‍ക്കുമിടയിലായി, കയ്യടിച്ചും ആര്‍പ്പുവിളിച്ചും ജനസാഗരം.  

തിരുവമ്പാടി ഭഗവതി പൂരപ്പറമ്പിലേക്ക്...

പാറമേക്കാവിന്റെ കുടമാറ്റം...
   വിവിധ നിറത്തിലും രൂപത്തിലുമുള്ള കുടകള്‍ മാറി മാറി ചൂടുന്ന ചടങ്ങിനെ ജനങ്ങള്‍ ആഘോഷമാക്കിമാറ്റി. ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം കാണികളാല്‍ സമൃദ്ധം. തൃശൂര്‍ നഗരത്തിന്റെ മനസുനിറയെ പൂരം എന്ന ഒരൊറ്റ വികാരം മാത്രമായിരുന്നു അപ്പോള്‍...

6 May 2014

ധനുഷ്‌കോടി അഥവാ പ്രകൃതിയുടെ വികൃതി...

   ലോകം മുഴുവനും കീഴടക്കി എന്ന് മനുഷ്യന്‍ അഹങ്കരിക്കുമ്പോള്‍, അവന് പുനര്‍വിചിന്തനം നല്‍കുവാനായി ഇടയ്ക്കിടെ പ്രകൃതി ക്ഷോഭിക്കാറുണ്ട്. പേമാരിയായും, കൊടുങ്കാറ്റായും, ഉരുള്‍പ്പൊട്ടലായും, വരള്‍ച്ചയായും അവന്‍ നമ്മളെ ഓര്‍മ്മപ്പെടുത്താറുണ്ട്. മനുഷ്യന്‍ വര്‍ഷങ്ങളെടുത്ത് കെട്ടിപ്പെടുക്കുന്ന മണിമാളികകളും സുഖസൗകര്യങ്ങളും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാക്കുവാന്‍ പ്രകൃതിക്കാവും. എന്നാല്‍ ഇതൊന്നും മനുഷ്യനെ ചിന്തിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രകൃതിയുടേയും ജീവജാലങ്ങളുടേയും മേല്‍ കുതിരകയറി, സുഖിച്ച് മദിച്ച് നടക്കുന്നു ബുദ്ധിമാനായ മനുഷ്യന്‍...___________________________________________________





ധനുഷ്‌കോടിയിലേക്ക് അടുത്ത യാത്ര..





    മനുഷ്യനുമേലുള്ള പ്രകൃതിയുടെ ആക്രമണത്തിന്റെ ഏറ്റവും ഭയാനകമായ ഉദാഹരണമാണ് ധനുഷ്‌കോടി എന്ന പ്രേത നഗരം. തമിഴ്‌നാട്ടിലെ രാമാനന്ദപുരം ജില്ലയുടെ ഭാഗമാണ് ധനുഷ്‌കോടി. രാമേശ്വരം ജില്ലയിലുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, ഒരുകാലത്ത് രാമേശ്വരത്തേക്കാളും വലിയ പട്ടണമായിരുന്ന. 1964ലുണ്ടായ കനത്ത ചുഴലിക്കാറ്റിലും അതിനെ തുടര്‍ന്നുണ്ടായ ഭീമന്‍ തിരമാലകളിലും തകര്‍ക്കപ്പെടുകയായിരുന്നു ഈ നഗരം. സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി ഉള്‍പ്പടെ, ഒരു പട്ടണം മുഴുവന്‍ തിരമാലകള്‍ തുടച്ചെടുത്തു. റയില്‍വേ സ്റ്റേഷന്റേയും പള്ളിയുടേയും വിദ്യാലയങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍, ഒരു മഹാദുരന്തത്തിന്റെ സ്മാരകമായി ഇവിടെ കാണുവാന്‍ കഴിയും. 1800ഓളം ആളുകളാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. ഇവിടം വാസയോഗ്യമല്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതോടെ ദുരന്തഭൂമി അതേപടി നിലനില്‍ക്കുകയും ചെയ്യ്തു.




   ഇന്ത്യയുടെ മുനമ്പായ ധനുഷ്‌കോടിയില്‍ നിന്നും വെറും 12 കിലോമീറ്റര്‍ മാത്രമാണ് അയല്‍രാജ്യമായ ശ്രീലങ്കയിലേക്ക്. ദുരന്തത്തിന് മുമ്പ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള പ്രധാന വഴികളിലൊന്നായിരുന്നു ധനുഷ്‌കോടി. ഇവിടെ നിന്നും ബോട്ട് മാര്‍ഗത്തിലാണ് കൊളബോയിലേക്ക് ആളുകള്‍ പോയിരുന്നത്. സിലോണ്‍ റേഡിയോയില്‍ ഒരു കാലത്ത് സംപ്രേക്ഷണം ചെയ്യ്തിരുന്ന മലയാളം പരിപാടികള്‍ ധനുഷ്‌കോടിയുടെ സംഭാവനയായിരുന്നു എന്നും പറയാം. കാരണം കേരളത്തില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ അവിടെ എത്തിച്ചേരുവാന്‍ സാധിച്ചിരുന്നത് ഈ മാര്‍ഗത്തിലൂടെയായിരുന്നു. 64ലെ ദുരന്തത്തിനു ശേഷം ശ്രീലങ്കന്‍ റേഡിയോയില്‍ മലയാളം പരിപാടികളുടെ സംപ്രേക്ഷണവും ഇല്ലാതായി.



   തുറമുഖവും കസ്റ്റംസ് ഓഫീസും തപാല്‍ ഓഫീസും വിദ്യാലയങ്ങളും ആശുപത്രികളുമെല്ലാം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിശ്വസിക്കുവാന്‍ തന്നെ പ്രയാസം. അതുപോലെയാണ് ഈ തീരപ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 500ഓളം ആളുകള്‍ മത്സ്യബന്ധനവും കച്ചവടവുമായി ഇപ്പോള്‍ ഇവിടെ താമസിച്ചുവരുന്നു. വൈദ്യുതിയോ മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. കടല്‍ ക്ഷുഭിതമാകുമ്പോള്‍ കരയിലേക്ക് തിരകളടിച്ച് കയറും. പേടിപ്പെടുത്തുന്ന ഈയൊരവസ്ഥയിലും ഉപജീവനത്തിനായി ജീവിതം കഴിച്ചുകൂട്ടുന്നു ഇവര്‍.
പുതുറോഡ് റെയില്‍വേ സ്‌റ്റേഷന്‍ എന്നറിയപ്പെട്ടിരുന്ന ധനുഷ്‌കോടി സ്‌റ്റേഷന്‍
   ഇന്ത്യന്‍ മഹാസമുദ്രം ഒരുവശത്തും ബംഗാള്‍ ഉള്‍ക്കടല്‍ മറുവശത്തുമായാണ് ധനുഷ്‌കോടിയുടെ കിടപ്പ്. ധനുഷ്‌കോടിയുടെ മുനമ്പിലെത്തുമ്പോള്‍ രണ്ടു വശത്തുനിന്നും തിരമാലകള്‍ അടിച്ചുകയറുന്ന അത്ഭുതപ്രതിഭാസം കാണുവാന്‍ സാധിക്കും. രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഭാഗമാണ് മുന്നിലേക്ക് കിടക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്ന, ചുണ്ണാമ്പുകല്ലുകളാല്‍ നിറഞ്ഞ പ്രദേശമാണിത്.പുരാതനകാലത്ത് ഇതൊരു പാലമായിത്തന്നെ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സീതയെ രക്ഷിക്കുവാനായി ലങ്കയിലേക്ക് രാമന്‍ നിര്‍മ്മിച്ച രാമ സേതു ഇതാണെന്നും വിശ്വസിക്കപ്പെടുന്നു. അതിര്‍ത്തിയായതിനാല്‍ നിരോധിതമേഖലയാണിവിടം.


പിന്നിലായി രാമസേതുവിന്റെ ആരംഭം...
ഇരുവശത്തുമായി അറബിക്കടലും ബംഗാള്‍ കടലും..
.
   രാമേശ്വരം എന്നത് പാക് കടലിടുക്കിന്റെ മറുവശത്തായിക്കിടക്കുന്ന ദ്വീപാണ്. പാമ്പന്‍ ദ്വീപ് എന്നും ഇവിടം അറിയപ്പെടുന്നു. പാമ്പന്‍ പാലമാണ് രാമേശ്വരത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. 2345 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഏറ്റവും വലിയ പ്രത്യകത എന്നത്, കപ്പല്‍ കടത്തിവിടാനുള്ള കാന്റിലിവര്‍ സംവിധാനമാണ്. 64ലെ കൊടുങ്കാറ്റില്‍ പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതിയിലൂടെ പുതിയ തലമുറയ്ക്ക് പരിചിതനായ ഇ ശ്രീധരന്റെ നേത്രത്വത്തിലാണ് അന്ന് പാലം പുതുക്കിപ്പണിതത്. അണ്ണാ-ഇന്ദിര ഗാന്ധി എന്നാണ് പാലത്തിന്റെ ഔദ്യോഗിക നാമം.

പാമ്പന്‍ പാലം

   രാമേശ്വരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്‍മദേശം എന്നത്. എ ജെ മന്‍സില്‍ എന്ന പേരിലുള്ള ഗൃഹത്തില്‍ അദ്ദേഹത്തിന്റെ സഹോദരനാണ് ഇപ്പോള്‍ താമസിക്കുന്നത്.

   രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിലൊന്നാണ്. രാമ രാവണയുദ്ധത്തില്‍ താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായി ശിവനോട് പ്രാര്‍ത്ഥിച്ചു എന്നാണ് സങ്കല്‍പ്പം.

   ധനുഷ്‌കോടിയെന്താണെന്ന് മനസിലാക്കാതെ പോയാല്‍ വെറും തരിശ്ഭൂമിയാണ് കാണുവാന്‍ കഴിയുന്നത്. എന്നാല്‍ തകര്‍ന്നടിഞ്ഞ ഈ ശവപ്പറമ്പിന്റെ ചരിത്രമറിഞ്ഞ് പോയാല്‍, പഴയ പ്രതാപശാലിയായ നഗരം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നതായി കാണുവാന്‍ സാധിക്കും. അതുതന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതയും...

2 May 2014

കന്യാകുമാരിയില്‍ നിന്നും കൂടംകുളത്തേക്ക് ഒരു യാത്ര...


   കന്യാകുമാരിയും കൂടംകുളവും അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ്. പശ്ചിമഘട്ടമലനിരയുടെ വാലറ്റം, ഇന്ത്യയുടെ മുനമ്പ്, മഹാരഥന്‍മാരുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണ്... കന്യാകുമാരിയുടെ പ്രത്യേകതകള്‍ ഇങ്ങനെ പോകുമ്പോള്‍ കൂടംകുളം നമ്മളിലുണര്‍ത്തുന്നത് ആണവനിലയം എന്ന ഭയത്തെയാണ്‌. ഭൂപ്രകൃതിയുടെ കാര്യത്തിലും ആളുകളുടെ പെരുമാറ്റത്തിലും വരെ വേറിട്ടുനില്‍ക്കുന്നു ഈ അയല്‍നാടുകള്‍.  

ഇതെല്ലാം നേരില്‍ കാണുവാന്‍ ഞാന്‍ പുറപ്പെട്ടു...
                            ______________________________________________

   വെളുപ്പിനെ അഞ്ചരയോടെയാണ് ഞാന്‍ കന്യാകുമാരിയില്‍ വന്നിറങ്ങുന്നത്. ബസ്സിറങ്ങി ഏതാനം ദൂരം നടന്നാല്‍ എത്തിച്ചേരുന്നത് ഇന്ത്യയുടെ മുനമ്പിലേയ്ക്കാണ്.

   സൂര്യോദയം കാണുവാനായി വിവേകാന്ദപ്പാറയെ അഭിമുഖീകരിച്ച് നൂറുകണക്കിനാളുകള്‍ അക്ഷമരായി നില്‍ക്കുന്നു. ഏതാനം നിമിഷത്തെ കാത്തിരിപ്പിനുശേഷം, 133 അടി ഉയരമുള്ള തിരുവള്ളുവരുടെ പ്രതിമയ്ക്കും വിവേകാന്ദപ്പാറയ്ക്കും പിന്നിലായി സൂര്യന്‍ ഉദിച്ചുയര്‍ന്നു. സൂര്യോദയം ഫോട്ടോയില്‍ പകര്‍ക്കുവാനുള്ള തിടുക്കത്തിലായിരുന്നു മിക്ക സന്ദര്‍ശകരും. ഫോട്ടോ എടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി, സൂര്യോദയം നമ്മുടെ പിന്നില്‍ കൃത്രിമമായി സൃഷ്ടിക്കാനറിയാവുന്ന ഫോട്ടോഷോപ്പ് വിദഗ്ധന്‍മാരും ധാരാളമുണ്ടിവിടെ. ഇത്രയും ബഹളത്തിനിടയ്ക്ക്‌
വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും ഒരുപക്ഷേ ഉദയസൂര്യന്റെ ഭംഗി സ്വന്തം നേത്രത്തിലൂടെ കണ്ടാസ്വദിച്ചത്.









   വിളക്കുമാടം, ഗാന്ധിമണ്ഡപം, കന്യാകുമാരി ക്ഷേത്രം എന്നിവയെല്ലാം ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്നു.

   തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി, 1956ലാണ് തമിഴ്‌നാടുമായി ചേരുന്നത്. എന്നാല്‍ ഇന്നും മലയാളത്തെ പൂര്‍ണമായും മറക്കാത്ത നാട്ടുകാരാണിവിടെയുള്ളത്. ഒട്ടുമിക്ക കടകളിലും മലയാളത്തിലുള്ള എഴുത്തുകള്‍ കാണുവാന്‍ സാധിക്കും; എന്നാല്‍ വ്യാകരണം കൃത്യമാകണമെന്നില്ല.


   തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കൂടംകുളം ഗ്രാമം കാണുക എന്നതാണ് അടുത്ത ലക്ഷ്യം. ഏതാനം മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചതിനുശേഷം, കൂടംകുളത്തേയ്ക്ക് തിരിച്ചു. കന്യാകുമാരിയില്‍ നിന്നും അഞ്ചുഗ്രാമത്തിലേക്കുള്ള ബസ്സ് കയറി. കേരളത്തിന്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന സ്ഥലങ്ങളാണ് യാത്രയിലുടനീളം കാണുവാന്‍ കഴിഞ്ഞത്. തെങ്ങിന്‍തോപ്പുകളും, വാഴത്തോപ്പുകളും, നെല്‍കൃഷികളുമായി സമൃദ്ധമായ നിലങ്ങള്‍ ഹരിതാര്‍ഭമായ ദൃശ്യഭംഗി പ്രദാനം ചെയ്യുമ്പോള്‍, കുളിര്‍കാറ്റ് മനസിനെ ഊര്‍ജ്ജസ്വലമാക്കുന്നു. പലയിടങ്ങളിലും കൊയ്ത്ത് നടക്കുന്നു. യന്ത്രങ്ങളൊന്നും കൂടാതെ, പൂര്‍ണമായും മനുഷ്യസഹായത്തോടുകൂടിയുള്ള കൊയ്യ്ത്താണിവിടെ കാണുവാന്‍ കഴിഞ്ഞത്.


   അഞ്ചുഗ്രാമത്തില്‍ നിന്നും കൂടംകുളത്തേക്കുള്ള വണ്ടികയറി. തിരുനല്‍വേലി ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കൂടംകുളം. തമിഴ്‌നാടിന്റെ ഊര്‍ജദാരിദ്രത്തിന് ഒറ്റമൂലിയായ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടംകുളം നൂക്ലിയര്‍ പവര്‍ പ്ലാന്റ് അഥവാ കെ. എന്‍. പി. പി. എന്നാണ് നിലയം അറിയപ്പെടുന്നത്. ഇന്ത്യന്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.


   ദേശീയപാത 44 ലിലൂടെയാണ് കൂടംകുളത്തേക്ക് പോകുന്നത്. കന്യാകുമാരിയില്‍ തുടങ്ങി കാശ്മീരില്‍ അവസാനിക്കുന്ന ഹൈവേയാണിത്. വഴിയുടെ ഇരുവശങ്ങളിലും കാറ്റാടിമുട്ടുകള്‍ ധാരാളമായി കണുവാന്‍ സാധിക്കും. 2000 മെഗാവാട്ട് വരെ വൈദ്യുതി  ഉത്പാദിപ്പിക്കുവാനാവശ്യമായ കാറ്റാടിയന്ത്രങ്ങള്‍ തിരുനെല്‍വേലി മൊത്തമായി സ്ഥാപിച്ചിരിക്കുന്നു. യാത്രയില്‍ എവിടെ തിരിഞ്ഞ് നോക്കിയാലും കാറ്റാടിമുട്ടുകള്‍ മാത്രം.


   പശ്ചിമഘട്ട മലനിര അവസാനിക്കുന്ന പ്രദേശമാണ് കന്യാകുമാരി. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിന്റെ വില മനസിലാക്കണമെങ്കില്‍ കന്യാകുമാരിയില്‍ നിന്നും കൂടംകുളത്തേക്ക് ഒരു യാത്ര നടത്തിയാല്‍ മതി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചീത്തവിളിച്ച എല്ലാവരേയും ഇതിലൂടെ യാത്ര ചെയ്യിക്കേണ്ടത് അത്യാവശ്യമാണ്.

   ദേശീയപാതയില്‍ നിന്നും ഗ്രാമവീഥിയിലേക്ക് ബസ്സ് കടന്നു. പൊടിപടലം നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ വഴിയാണ് പിന്നീടങ്ങോട്ട്. ഇരുവശങ്ങളിലും തരിശുഭൂമി. ചൂട് കാറ്റ്.

   ചൂട് കാറ്റും പൊടിപടലവുമേറ്റ്, അവശനിലയിലാണ് കൂടംകുളം ഗ്രാമത്തിലെത്തിച്ചേര്‍ന്നത്. ഒരു ചെറിയ വിശ്രമം ലക്ഷ്യമിട്ട്, സുഹൃത്ത് താമസിക്കുന്ന ലോഡ്ജിലേക്ക് ചെന്നു.  നാട്ടിലെ ഒരു കൊച്ചുമുതലാളിയായ അര്‍പുതം സാമുവലിന്റെ് ലോഡ്ജാണിത്. ആണവനിലയം നാട്ടില്‍ വന്നതോടെ പൊട്ടിമുളച്ച അനേകം പണക്കാരിലൊരാളാണ് സാമുവല്‍. ആണവനിലയത്തിനെതിരെ വലിയ സമരകോലാഹലങ്ങളെല്ലാം ഉണ്ടായെങ്കിലും, പണവും തൊഴിലും കിട്ടിത്തുടങ്ങിയതൊടെ ജനങ്ങള്‍ സന്തോഷവാന്‍മാരായി. അങ്ങനെ പതുക്കെ പതുക്കെ സമരങ്ങളും ഇല്ലാതായി മാറി. ഏതാനം മാസങ്ങള്‍ മുമ്പായി രണ്ടു റിയാക്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചും തുടങ്ങി.


   ചെറിയ ഒരുറക്കത്തിനുശേഷം സ്ഥലം കാണാന്‍ ഞാനിറങ്ങി. ഹിന്ദുസ്ഥാന്‍ ട്രെക്കറിലാണ് യാത്ര. കൂടംകുളത്തെ വഴികള്‍ക്ക് ചേര്‍ന്ന വണ്ടിയാണിത്. ഗ്രാമങ്ങളിലൂടെ കയറിയിറങ്ങിയൊരു യാത്ര. ആണവനിലയത്തില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നതിനാല്‍, കവാടം വരെ പോയി കണ്ടിട്ടുവരാം എന്ന് തീരുമാനിച്ചു. സി. ആര്‍. പി. എഫ്, പോലീസ്, കരസേന, തീരസേന എന്നിങ്ങനെ നിലയത്തിന്റെ സംരക്ഷണത്തിനുവേണ്ടി മാത്രം വിവിധ സേനകള്‍ ഇവിടെ തമ്പടിച്ചിരിക്കുന്നു. കവാടത്തില്‍ നിന്നും വളരെ ഉള്ളിലായാണ് റിയാക്ടറുകള്‍ സ്ഥിതിചെയ്യുന്നത്. നിലയത്തിന്റെ പേരെഴുതിയ ബോര്‍ഡ് കാണാമെന്നല്ലാതെ മറ്റ് ഗുണമൊന്നുമുണ്ടായില്ല.


   എന്നാല്‍ ദൂരെനിന്നും കാണാവുന്ന ഒരുപ്രദേശം അവിടെയടുത്തുണ്ടെന്ന് ഡ്രൈവറായ ശെല്‍വം പറഞ്ഞു. ആണവനിലയം ഒരുവശത്തും തിരുവള്ളുവരുടെ പ്രതിമ മറുവശത്തുമായുള്ള രംഗം കാണുവാന്‍ പാകത്തിനുള്ള ചെട്ടിക്കുളം എന്ന കടല്‍ത്തീരമാണത്. ഏകദേശം 5 കിലോമീറ്റര്‍ സഞ്ചരിച്ചാണിവിടെയെത്തിയത്.  അധികം ആളുകളൊന്നും വരാത്ത, ഉള്‍പ്രദേശമാണിവിടം.എന്നാല്‍ സദാസമയം ഇവിടം സൈനിരനിരീക്ഷണത്തിലുമാണ്.


   കാറ്റാടി യന്ത്രങ്ങളേയും അടുത്ത് കാണുവാന്‍ ഇങ്ങനെയൊരു യാത്രയിലൂടെ അവസരം ലഭിച്ചു. വിമാനം പറന്നുപോകുന്ന ശബ്ദത്തെ അനുസ്മരിപ്പിക്കുന്നു ഇവയുടെ ചിറകടി ശബ്ദം. ജയലളിത ഉദ്ഖാടനം ചെയ്ത വലിയ കാറ്റാടിയന്ത്രം വളരെ ആവേശത്തോടെയാണ ശെല്‍വം കാട്ടിത്തന്നത്.

   സുനാമി നാശംവിതച്ച ചില ഗ്രാമങ്ങളും സന്ദര്‍ശിച്ച്, കന്യാകുമാരിയിലേക്ക് തിരിച്ചു.

   യാത്രാമദ്ധ്യേ കേന്ദ്രമന്ത്രി ജി. കെ. വാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഞങ്ങള്‍ക്ക് കുറുകെ വന്നു. ഏതാനം ആഢംബരക്കാറുകളുടെ അകമ്പടിയോടെ, തന്റെ വാഹനത്തിന്റെ സണ്‍റൂഫിനിടയിലൂടെ കൈകാണിച്ച് അയാള്‍ കടന്നുപോകുന്നു. അണികളോ, ജയ്യ് വിളികളോ, ഒന്നുമില്ല. ഇതാരാ, എന്താ എന്നൊന്നുമറിയാതെ അന്തംവിട്ട് നില്‍ക്കുന്ന കുറേ നാട്ടുകാരും.



   വട്ടക്കോട്ടയിലേക്കാണ് അടുത്തതായി പോയത്. പേള്‍ ഹാര്‍ബറായിരുന്ന കുമാരി തുറമുഖത്തിന്റെ സംരക്ഷണത്തിനായി നിര്‍മ്മിച്ച കോട്ടയാണ് വട്ടക്കോട്ടൈ. എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിലായി, പാണ്ഡ്യസാമ്രാജ്യകാലത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഈ കോട്ട, കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയോട് പരാജയപ്പെടുകയും തുടര്‍ന്ന് തിരുവിതാംകൂര്‍ സൈന്യാധിപനായിമാറുകയും ചെയ്ത ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്യാപ്പ്റ്റന്‍ ഡിലനോയുടെ നേത്രത്വത്തില്‍ പുനര്‍നിര്‍മ്മാണം നടത്തി. 7.62 മീറ്റര്‍ ഉയരമുള്ള ഈ സംരക്ഷണഭിത്തിക്കുള്ളില്‍ ആയുധപ്പുരകളും മണ്ഡപങ്ങളും കുളവുമൊക്കെ നിര്‍മ്മിച്ചിരിക്കുന്നു. പശ്ചിമഘട്ട മലനിരകളും കന്യാകുമാരി സമുദ്ര തീരവും ഗ്രാമങ്ങളിലെ കാറ്റാടിയന്ത്രങ്ങളുമെല്ലാം ഇവിടെ നിന്നാല്‍ കാണുവാന്‍ സാധിക്കും.



വട്ടക്കോട്ടയില്‍ നിന്നുമിറങ്ങിയപ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞിരുന്നു. എന്റെ മടക്കയാത്രയ്ക്ക് സമയമായി...