17 Nov 2013

കർഷകനോടൊപ്പം..... ( രണ്ടാം ഭാഗം )

 ദിവസം - 12
തീയതി - നവം.2 , 2013

        ഏതാണ്ട് 8 മണിയോടുകൂടി ഞങ്ങൾ കൃഷിയിടത്ത് എത്തി. പാടത്തിന്റെ ഒരു ഭാഗത്ത്‌ ഏതാണ്ട് നാല്പതു സെന്ററിൽ ( 4 പറ ) നാടൻ ഇനമായ മുണ്ടകൻ തലയുയർത്തി നില്കുന്നതും കാണാം.4 മാസത്തോളം പിന്നിട്ട മുണ്ടകൻ, കതിർ രൂപപ്പെടുന്ന അവസ്ഥയിലെത്തി നില്ക്കുന്നു.ഉണ്ണികൃഷ്ണന്റെ പുതിയ കൃഷിക്ക്  എല്ലാ അഭിവാദ്യങ്ങളും നേർന്നുകൊണ്ട് അവർ കാറ്റത്ത്‌ പാറിപറന്നു.

   

          




         അതിനോടടുത്തുള്ള  ഒരേക്കറോളം ( 9 പറ ) വരുന്ന നിലത്തിലാണ് പുതിയ കൃഷി തുടങ്ങിയിരിക്കുന്നത്. IR -5 ഇനത്തിൽ പെട്ട വിത്തുകളാണിവിടെ വിതച്ചിരികുന്നത്. 4 ഇഞ്ച്‌ പൊക്കം വരുന്ന ഞാറ്റടികൾ  വളർന്നു നിൽക്കുന്നത് കാണാം.നിലത്തിൽ 2 ഇഞ്ചോളം പൊക്കത്തിൽ വെള്ളം നിറയ്ക്കാനായി നിലവിൽ പാത്തി തുറന്നു വെച്ചിരിക്കുകയാണ്.

        തൂമ്പകൊണ്ട് കിളച്ചു ചേറിളക്കിവരമ്പുകളുടെ
കേടുപോക്കുകയാണ് പ്രധാന പണി.

അതിനിടെ  പാടത്തിന്റെ ഏതാണ്ട് 1 പറയോളം ഭാഗത്ത് വിത്ത് നശിച്ചതായി കണ്ടു.അതിനോടൊപ്പം തന്നെ എലികളുടെ നിരവധി കാല്പ്പാടുകളും അങ്ങിങ്ങായി കാണുവാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വെച്ച എലിവിഷം കാര്യമായ ഫലങ്ങളൊന്നും കണ്ടിട്ടില്ല എന്ന് ചുരുക്കം. ചത്ത എലികളെ പരിസരങ്ങളിലൊന്നും കണ്ടില്ല.ഒരു പക്ഷേ "എലിവിളയാട്ടം" ഉണ്ടായതായിവേണം കരുതാൻ.


    നെൽ കൃഷിയുടെ ആദ്യത്തെ 10 ദിവസങ്ങളിൽ പാടത്ത് എലികളുടെ വിഹാരം വലിയതോതിൽ ഉണ്ടാവും.വിത്തിനോടൊപ്പമുള്ള അരിയുടെ അംശമാണ് എലികളെ ആകർഷിക്കുന്നത്.സാധാരണ ഭക്ഷണ സാധനങ്ങളിൽ എലിവിഷം നിറച്ചു പാടത്തിന്റെ ചുറ്റുപാടും വെച്ചാണ് അവയെ കൊല്ലുന്നത്.എലികളെ കൊല്ലുന്നതിലുണ്ടാകുന്ന പാളിച്ചകൾ അവയുടെ കൂട്ടമായ ആക്രമണത്തിൽ കലാശിക്കുന്നു, അതിനെ "എലിവിളയാട്ടം" എന്നു നാട്ടുകാർക്കിടയിൽ പറയപ്പെടുന്നു.


      പണിക്കിടയിലുള്ള വിശ്രമവേളകൾ അടുത്ത നിലങ്ങളിലെ കൃഷിക്കാരുമായുള്ള  ചർച്ചകളിലൂടെയാണ്‌ കടന്നു പോകുന്നത്.തന്റെ നിലത്ത് 32 ഇടങ്ങഴി വിത്ത് വിതച്ചിടത്ത്  28 ഇടങ്ങഴി ഞാറ്റടിയെ കിട്ടിയുള്ളൂ എന്ന് ടോമി പരിഭവപെട്ടപ്പോൾ തന്റെ നിലത്തു കൂടുതൽ വെള്ളം കെട്ടികിടക്കുകയും അത് ഇറക്കി വിടാൻ പാകത്തിലുള്ള കനാലോ മറ്റു സൗകര്യങ്ങളൊ ഒരുക്കുന്നതിലുള്ള പഞ്ചായത്തിന്റെ കാര്യക്ഷമതയില്ലായ്മ്മയിൽ പ്രതിഷേധിക്കുകയാണ് ജോർജ് ചെയ്യ്തത്.കൊച്ചു വർത്തമാനങ്ങൾക്കു ശേഷം കരിക്കുവെള്ളവും
പൈനാപ്പിൾ കഷ്ണങ്ങളും കഴിച്ചു ക്ഷീണമകറ്റി വീണ്ടും കത്തിനിൽക്കുന്ന സൂര്യന്റെ ചുവട്ടിലേക്ക്‌ഞങ്ങളിറങ്ങി.


     പാടത്തിന്റെ ചില ഭാഗങ്ങളിൽ ഞാറ്റടിയോട് ചേർന്ന് എണ്ണപാട പോലെ എന്തോ ഒന്ന് നിലത്ത് കാണുന്നുണ്ടായിരുന്നു. നിലം ഉഴുതുമറിച്ചത്തിനുശേഷം അഴുകുമ്പോൾ ഉണ്ടാകുന്ന സൽഫ്യ്റ്റ്,ഓക്സൈഡി ന്റെയുമൊക്കെ അംശ- മാണിത്‌. ഇത് നെല്ലിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.ഇതു തടയാൻ കുമ്മായമാണ് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത്.എന്നാൽ കുമ്മായമിടൽ തുടർന്നുള്ള 15 ദിവസത്തെ വളപ്രയോഗം തടസപ്പെടുത്തും.പിന്നീടു natural rock phosphate വളത്തിനോട് കൂട്ടിചേർക്കുക വഴി ഈയൊരു പ്രശ്നം ഒഴിവായി.


വരമ്പുകൾ ശരിയാക്കി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി തിരിച്ചു.അതിനു ശേഷം വളം വിതറുക എന്നതാണ് പദ്ധതി. എന്നാൽ പെട്ടന്ന് കാലാവസ്ഥ മാറി. തുലാവർഷത്തിലെ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടുകൂടിയ  മഴ.വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും  ഫലമുണ്ടായില്ല.

അതിനിടക്ക് കോട്ടയത്ത്‌ നിന്നും എന്റെ ചില സുഹൃത്തുക്കൾ വിളിച്ചുപറഞ്ഞു അവിടെ "ആലിപ്പഴം"(hailstorm)വീണു എന്ന്.അതിന് സാക്ഷ്യം വഹിക്കാൻ പറ്റാതെപോയത്  വലിയ ഒരു നഷ്ടമായി
എനിക്ക് തോന്നി.                                                                                
                                                                                                                    ( തുടരും......)

No comments:

Post a Comment