ഡിസം.21 മുതൽ ജനു.12 വരെ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നിരിക്കുന്നു. കേരളത്തിന്റെ പ്രധാന ഊർജ്ജ ഉറവിടവും, ഏഷ്യയിലെ ഏറ്റവും വലിയആർച്ച് ഡാമുമായ ഇടുക്കി ഡാം കണ്ടറിയേണ്ട ഒരു വിസ്സ്മയം തന്നെയാണ്.
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ചേർന്ന ഒരു ജലഭിത്തിയാണ് "ഇടുക്കി ഡാം" എന്നറിയപ്പെടുന്ന പ്രസ്തുത സ്ഥലം. ഏതാനം ദൂരം മാറി സ്ഥിതിചെയ്യുന്ന കുളമാവ് ഡാം കൂടി ചേരുമ്പോഴാണ് ഇടുക്കി അണക്കെട്ട് പൂർണമാവുന്നത്.
|
കുളമാവ് ഡാം |
|
ചെറുതോണി ഡാം |
|
ഇടുക്കി ആർച്ച് ഡാം |
പാലായിൽ നിന്നുമാണ് എന്റെ യാത്ര ആരംഭിച്ചത്.അവിടെനിന്നും 45 കിലോമീറ്റർ ദൂരമുണ്ട് മൂലമറ്റത്തേക്ക്.ഇടുക്കി അണക്കെട്ടിൽ നിന്നും വരുന്ന ജലത്തെ വൈദ്യുതിയാക്കി മാറ്റുന്ന "ഇടുക്കി പവർ സ്റ്റേഷൻ" സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അണക്കെട്ടിൽ നിന്നും 43 കിലോമീറ്റർ അകലെയാണ് പവർ സ്റ്റേഷൻ. എന്നാൽ ഇവിടം സന്ദർശകനിരോധിതമേഘലയാണ്.
മൂലമറ്റം എത്താറാകുന്നതോടെ, കാഞ്ഞാർ പ്രദേശം മുതൽക്കെ തൊടുപുഴയാർ ദൃശ്യമായി തുടങ്ങും. ഇടുക്കിയിലെ ജലം വൈദ്യുതിയാക്കിയത്തിനു ശേഷം പുറത്തുവിടുന്നതിൽ നിന്നുമാണ് തൊടുപുഴയാറിന്റെ ഉത്ഭവം.
|
തൊടുപുഴയാർ (പനോരമ ഷോട്ട് ) |
മൂലമറ്റം കഴിഞ്ഞാൽ പിന്നെയങ്ങോട്ടുള്ള സംസ്ഥാന ഹൈവേ ( SH-33) മലയോരപ്പാതയാണ്. ഇരുവശവും പച്ചപ്പ് നിറഞ്ഞ യാത്ര എന്നാൽ വളരെ ആസ്വാദ്യകരവുമാണ് .
|
എന്റെ സഹചാരി ഉമേഷ് |
|
പ്രകൃതിക്കൊരു "മരണ"മാല്യം : പ്ലാസ്റ്റിക് സഞ്ചികളിലായി നിറച്ച മാലിന്യങ്ങൾ മരങ്ങളിൽ തൂക്കിയിട്ടിരിക്കുന്നത് വഴിയോരങ്ങളിലെ സ്ഥിരം കാഴ്ച്ച യായിരുന്നു. |
40 കിലോമീറ്ററോളം കഴിയുമ്പോൾ കുളമാവ് അണക്കെട്ടിലെത്തും. അണക്കെട്ടിന്റെ മുകളിലൂടെയാണ് റോഡ് പോകുന്നത്.വാഹനങ്ങൾ കടന്നുപോകും എന്നതൊഴിച്ചാൽ ഇവിടവും നിരോധിതമേഘലയാണ്. അണക്കെട്ടിന്റെ മുകളിൽ നിൽക്കുവാണോ ഫോട്ടോ എടുക്കുവാനോ അനുവാദമില്ല.
|
അണക്കെട്ടിന്റെ മുകളിലൂടെ പോകുന്ന സംസ്ഥാന ഹൈവേ |
|
കുളമാവ് അണക്കെട്ടിന്റെ ഒരു വിദൂരദൃശ്യം |
തുടർന്ന് പെരിയാറിന്റെ തീരത്തുകൂടെ സഞ്ചരിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടിൽ എത്താം.
ചെറുതോണിയിലാണ് പ്രവേശനകവാടം. നടന്നും സ്പീഡ് ബോട്ടിൽ സഞ്ചരിച്ചും അണക്കെട്ടിനെ കാണുവാനുള്ള സംവിധാനം ഇവിടെയുണ്ട്. ഫോട്ടോഗ്രഫി കർശ്ശനമായി നിരോധിച്ചിരിക്കുന്നു. സന്ദർശ്ശകരെ വിശദമായ പരിശോധന നടത്തിയതിനു ശേഷം മാത്രമേ അകത്തു പ്രവേശിപ്പിക്കുകയുള്ളൂ.
ചെറുതോണി 5 ജലനിര്‍ഗ്ഗമനമാര്‍ഗ്ഗമുള്ള കൂറ്റൻ അണക്കെട്ടാണ്. അതിനെ തുടർന്ന് മലയെ ചുറ്റി ആർച്ച് ഡാമിലേക്കുള്ള വഴികിടക്കുന്നു. അണക്കെട്ടിന്റെ നിർമാണഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന റോപ് വേയ്കളുടേയും മറ്റും അവശിഷ്ട്ടങ്ങൾ ഈ മലയിൽ കാണാം. കുറവൻ മലയിൽ നിന്നും കുറത്തിമലയിലേക്ക് ഒരു മതിലുപോലെ ഇടുക്കി ഡാം കിടക്കുന്നു. അണക്കെട്ടിനു ശേഷം കുറത്തി മലയെ തുളച്ചാണ് വഴി കടന്നുപോകുന്നത്. ആർച്ച് ഡാമിന്റെ അകത്തായി പ്രവർത്തിക്കുന്ന സ്റ്റേഷനിലേക്കുള്ള ലിഫ്റ്റ് ഈ തുരംഗത്തിലാണ്. അണക്കെട്ടിന്റെ അങ്ങോട്ടും ഇങ്ങോട്ടും കൂടി ഏകദേശം 6 കിലോമീറ്റർ നടക്കുവാനുള്ള ദൂരം ഉണ്ട്.
|
ചെറുതോണിയെയും ആർച്ച് ഡാമിനെയും ബന്ധിപ്പിക്കുന്ന മല. |
പുറത്തിറങ്ങിയതിനു ശേഷം ചെറുതോണിയുടെ താഴേക്കുള്ള വഴിയെ പോയി നോക്കി. ഇവിടെയാണ് അടുത്തയിടെ ഇറങ്ങിയ "ഇടുക്കി ഗോൾഡ്" എന്ന ചിത്രത്തിലെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.അവിചാരിതമായി ഇവിടം കാണുവാൻ സാധിച്ചത് യാത്രയ്ക്ക് കൂടുതൽ ആനന്ദം നൽകി.
|
ഇടുക്കി ഗോൾഡ് ചിത്രീകരിച്ച ശ്രീ വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ (പനോരമ ഷോട്ട് ) |
തുടർന്നു ചെറുതോണി ടൌണിൽ എത്തണം ആർച്ച് ഡാമിന്റെ കീഴ്പ്പോട്ടു പോകുവാൻ.ടൌണിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം കടന്നാൽ ഇവിടെയെത്താം.
555 അടി പൊക്കമുള്ള ഈ ഭീമാകരൻ ജലഭിത്തിയുടെ ചുവട്ടിലെത്തുമ്പോൾ ഒരു നിമിഷം നമ്മുടെ ശ്വാസം നിലച്ചു പോകും. ഇടുക്കി എന്ന പേര് ഒരുപക്ഷേ ഇടുക്കിലിരികുന്ന ഈ അണക്കെട്ടിൽ നിന്നുമാവാം ഉണ്ടായത്. ഇവിടെ സന്ദർശകർക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എന്നാൽ ഫോട്ടോഗ്രഫി ഇവിടെയും നിരോധിച്ചിരിക്കുന്നു.
മറ്റു ജില്ലകളെ പോലെ ഇടുക്കി ടൌണ്‍ എന്നുപറയുന്ന ഒന്ന് ഇടുക്കി ജില്ലക്കില്ല. 1976 വരെ കോട്ടയവും അതിനുശേഷം പൈനാവും ആണ് ഇടുക്കിയുടെ ആസ്ഥാനം.
മലയോര കർഷകന്റെ നാട്ടിൽ നിന്നും, കേരളത്തിനു വെളിച്ചം പകരുന്ന ഈ അത്ഭുതത്തെ കണ്ടറിയാൻ സാധിച്ചത്തിന്റെ ആത്മസംതൃപ്‌ത്തിയോടെ ഞാൻ മടങ്ങി.
No comments:
Post a Comment