28 Mar 2014

നോഹ

   ബൈബിളിലെ നോഹയുടെ പെട്ടകം ആധാരമാക്കി, റസല്‍ ക്രോ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് നോഹ. 'ദി റെസ്‌ലര്‍', 'ദി ഫൗണ്ടന്‍' തുടങ്ങിയ നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായ ഡാരണ്‍ അരോണോഫ്‌സ്‌ക്കിയുടെ ആറാമത്തെ ചിത്രമാണിത്. ഐമാക്‌സ് 3ഡിയില്‍ ഇറക്കിയിരിക്കുന്ന ചിത്രം പ്രമേയംത്തിലും ദൃശ്യമികവിലും ഒരുപോലെ മികച്ചതാണ്. ബൈബിളിന്റെ അര്‍ത്ഥതലങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നു എന്ന വിമര്‍ശനത്തിന്റെ പേരില്‍  ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയിരുന്നു. അതോടൊപ്പം തന്നെ ഇസ്ലാമിക സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണ് നോഹയുടെ കഥ എന്ന വാദത്തിന്റെ പേരില്‍ ഇപ്പോഴും നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്നു.

   മനുഷ്യകുലം നശിപ്പിച്ചു നാറാണക്കല്ലാക്കിയ ഭൂമിയെ ഒന്നില്‍ നിന്നും വീണ്ടും തുടങ്ങാനായി ദൈവം നോഹയെ നിയോഗിക്കുന്നു. എന്നാല്‍ മനുഷ്യകുലം ഇല്ലാത്ത ഒരു ലോകം തുടങ്ങണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇച്ഛാശക്തിയോടെ ഇതിനായി പ്രവര്‍ത്തിക്കുമ്പോഴും, മനുഷ്യന്റെ അധികാരമോഹം, പ്രതികാരം, വാത്സല്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ നോഹയ്ക്ക് പ്രതിസന്ഥികള്‍ സൃഷ്ടിക്കുന്നു. ഇവയെ തരണം ചെയ്ത്,  ദൈവീകമായ ഈ ദൗത്യം നിറവേറ്റുക എന്നതാണ് നോഹയുടെ മുന്നിലെ വെല്ലുവിളി.

   ഗ്രാഫിക്‌സുകളോടൊപ്പം തകര്‍പ്പന്‍ 3ഡി രംഗങ്ങളും നിറഞ്ഞതാണ് ആദ്യ പകുതി. രണ്ടാം പകുതിയില്‍ ചിത്രം കൂടുതല്‍ ഗൗരവമേറിയ ആശയങ്ങളിലേക്ക് എത്തിച്ചേരുന്നു.

   മനുഷ്യന്റെ അധികാരമോഹവും അഹങ്കാരവുമെല്ലാം അവനെ സഹജീവികളില്‍ നിന്നുമകറ്റുകയും, തമ്മിലടിയിലൂടെ ലോകത്തിനുതന്നെ ഭീഷണിയായി മാറുകയും ചെയ്തു. എല്ലാ ശക്തികളും സൃഷ്ടാവിന് സ്വന്തമാണെന്നും, അതിനാല്‍ മനുഷ്യകുലത്തിന് ലഭിച്ച ഈ അവസരം തമ്മിലടിച്ചും നശിപ്പിച്ചും കളയാനുള്ളതല്ലെന്നും ചിത്രം വ്യക്തമാക്കുന്നു.

അവസാന വാക്ക്‌ :  മികച്ച ചിത്രം!

23 Mar 2014

ശരീരത്തിനും മനസ്സിനും കുളിരേകി ഇരിങ്ങോള്‍...

 
   മരങ്ങളുടേയും കാടുകളുടേയും മഹത്വം പറയാന്‍ പറ്റിയ സമയമാണിപ്പോള്‍! കാരണം, പാലക്കാട് 40 ഡിഗ്രിയില്‍ എത്തിയപ്പോള്‍ കോട്ടയം 38 വരെയെത്തി. എന്തിന്, തണുപ്പിന് പേരുകേട്ട മൂന്നാറില്‍ വരെ 36 ഡിഗ്രി ചൂട്. ആഗോളതാപനം മലയാളികളും ചെറുതായിട്ട് അറിഞ്ഞുതുടങ്ങിയിരിക്കുന്നു...



                                             _____________________________
 
   കടുത്ത വേനലിലും വറ്റാത്ത നീരുറവകള്‍, ഇടതൂര്‍ന്ന വൃക്ഷലതാദികള്‍, പക്ഷികളുടെ കളകളാരവം... സൈലന്റ് വാലിയോ അഗസ്ത്യകൂടമോ അല്ല! പെരുമ്പാവൂര്‍ ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഇരിങ്ങോള്‍ കാവിലാണ് ഈ ജൈവവൈവിധ്യം കാണുവാന്‍ സാധിക്കുന്നത്.


   60 ഏക്കറോളം പടര്‍ന്നുപന്തലിച്ചുകിടക്കുന്ന കാടിന്റെ മധ്യത്തിലാണ്‌
ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂര്‍ പട്ടണത്തില്‍ നിന്നും നാലരക്കിലോമീറ്ററാണ് കാവിലേക്കുള്ള ദൂരം.
ഇലവുമരങ്ങളുള്‍പ്പടെയുള്ള  നിരവധി ആയുര്‍വേദ വൃക്ഷങ്ങള്‍ നിറഞ്ഞതാണ് ഈ കാവ്. നട്ടുച്ചക്കുപോലും സൂര്യപ്രകാശം ഉള്ളിലേക്ക്‌ കടത്തിവിടാതെ, തിങ്ങിനിറഞ്ഞ് ഇവ നിലകൊള്ളുന്നു. പക്ഷികളും ഇഴജന്തുക്കളും സജീവമായ ഇവിടെ ഒരുകാലത്ത് കുരങ്ങുകളും ധാരാളമുണ്ടായിരുന്നു.


   കംസന്‍ വധിക്കുവാന്‍ ശ്രമിച്ച പെണ്‍കുട്ടിയാണ് ഇരിങ്ങോള്‍ ഭഗവതിയായി മാറിയതെന്നാണ്‌ ഐതിഹ്യം. ചുറ്റുപാടുമുള്ള മരങ്ങളും ചെടികളും, ദേവീദേവന്‍മാരാകുന്ന സംരക്ഷണശക്തിയുടെ പ്രതീകമാണ്.


   ക്ഷേത്രത്തിന്റെ പഴയ നടത്തിപ്പുകാര്‍ നാഗഞ്ചേരി എന്ന കുടുബക്കാരായിരുന്നു. എന്നാല്‍ പിന്നീട് കുടുബം ക്ഷയിച്ചപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും  തറവാടായ നാഗഞ്ചേരി മന ലളിതകലാ അക്കാദമിയും ഏറ്റെടുത്തു. കലാപ്രവര്‍ത്തകര്‍ തമ്പടിച്ച ഇവിടം, 'ബുദ്ധിജീവികളു'ടെ കലാനിര്‍മാണങ്ങളാല്‍ നിറഞ്ഞു. 500 വര്‍ഷത്തിലധികം പഴക്കമുള്ള ഈ തറവാടിനുമുന്നില്‍ നഗ്നനായ പുരുഷരൂപമുള്‍പ്പടെയുള്ള നിരവധി സൃഷ്ടികള്‍ ഇന്ന്‌ കാണുവാന്‍ സാധിക്കും. ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ്് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാലയില്‍, ലോകപ്രശസ്ത ശില്‍പ്പികള്‍
നിര്‍മിച്ചവയാണിവയൊക്കെ.





   നഗരത്തിലെ പൊടിപടലങ്ങളിലൂടെ സഞ്ചരിച്ച്, ക്ഷീണിച്ചവശനായി എത്തിയ ഞാന്‍, ഉന്‍മേഷവാനായാണ് കാവില്‍നിന്നും പുറത്തിറങ്ങിയത്. മനസിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുക എന്ന ആരാധനാലയത്തിന്റെ കര്‍ത്തവ്യം, ഹരിതാര്‍ഭമായ അന്തരീക്ഷത്തിലൂടെ ഇരിങ്ങോള്‍ കാവ് പൂര്‍ത്തീകരിക്കുന്നു....








17 Mar 2014

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്...

   കടുവാശല്യം, കസ്തൂരിരംഗന്‍ വിഞ്ജാപനം തുടങ്ങിയവയുടെ പേരില്‍ വയനാട്ടിലെ ആയിരത്തി ഇരുനൂറോളം ഏക്കര്‍ വനഭൂമി അഗ്നിക്കിരയാക്കി. തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തിലെ ഏഴു പ്രദേശങ്ങളിലാണ് മനുഷ്യന്റെ ഈ 'കാടത്തം' അരങ്ങേറിയത്.ഒരുകൂട്ടം ആളുകള്‍ വനത്തിന് തീയിടുന്നത് കണ്ടെന്ന് അവകാശപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ അന്‍വര്‍, ദൃശ്യം പകര്‍ത്തുവാന്‍ ശ്രമിച്ച തന്നെ മര്‍ദിക്കുകയും, കാമറ തകര്‍ത്തെന്നും പോലീസില്‍ പരാതി നല്‍കിയതിലൂടെയാണ് പുറം ലോകം ഈ അട്ടിമറി അറിയുന്നത്.

   കടുവയും ആനയുമൊക്കെ വസിച്ചിരുന്ന സ്ഥലങ്ങളിലാണ് മനുഷ്യന്‍ കടന്നുകയറി, ആധിപത്യം സ്ഥാപിച്ചത്. ജനപ്പെരുപ്പം മൂലം ആ പ്രക്രിയ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവരുടെ പരിമിതമായ ലോകത്തേയ്ക്ക് മനുഷ്യന്‍ കടന്നുചെല്ലുമ്പോള്‍ ആക്രമണം ഉണ്ടാവുക സ്വാഭാവികം. അതൊരു കാരണമാക്കി അവരേയും അവരുടെ ആവാസ വ്യവസ്ഥയേയും നശിപ്പിക്കുക എന്നത് ഏറ്റവും വലിയ തോന്നിവാസമാണ്.

   മനുഷ്യന്‍മാര്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക്, പാവം മൃഗങ്ങള്‍ എന്തു പിഴച്ചു. മനുഷ്യനുവേണ്ടിയാണ് ലോകവും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതെന്നൊക്കൊ അവകാശപ്പെടുന്ന, പ്രബുദ്ധ മനുഷ്യകുലത്തില്‍ വന്ന് പിറന്നതില്‍ ലജ്ജ തോന്നി പോകുന്നു...



12 Mar 2014

തുളസി 'തറ '...

   ആയുര്‍വേദത്തില്‍ ഏറ്റവും വലിയ സ്ഥാനം വഹിക്കുന്ന തുളസിച്ചെടി, ജീവന്റെ അമൃത് എന്നാണ് അറിയപ്പെടുന്നത്. നിരവധി ഔഷധ ഗുണമുള്ള ഇവ മാനസിക പിരിമുറുക്കത്തെ വരെ തടയുവാന്‍ കെല്‍പ്പുള്ളവയാണ്.

   ഔഷധങ്ങളുടെ രാഞ്ജിയായ തുളസി, മലയാളിയുടെ സംസ്‌കാരത്തിന്റേയും ഭാഗമാണ്. ലക്ഷ്മീ ദേവിയെ സ്വീകരിക്കുവാനായി പണ്ടു കാലം മുതല്‍ക്കേ ഹിന്ദുമത വിശ്വാസികള്‍ തങ്ങളുടെ വീടുകളില്‍ തുളസിത്തറകള്‍ പരിപാലിച്ചു വരുന്നു. ഭൂമിയില്‍ നിന്നുമുള്ള സ്വര്‍ഗകവാടമായും തുളസി കരുതപ്പെടുന്നു. ബ്രഹ്മ്മാവ് തുളസിച്ചെടിയുടെ ശിഖരങ്ങളില്‍ വസിക്കുന്നുവെന്നതും മറ്റൊരു ദൈവീക സങ്കല്‍പ്പം.

കോട്ടയം നഗരത്തിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന തുളസിത്തറ.

   വിശുദ്ധിയുടേയും ദൈവീകതയുടേയും പര്യായമായ തുളസിത്തറയുടെ ഈയവസ്ഥ മലയാളിയുടെ സംസ്‌കാരത്തിന്റെ തകര്‍ച്ചയായിത്തന്നെ കാണുവാന്‍ സാധിക്കും...

6 Mar 2014

കർഷകനോടൊപ്പം..... ( അവസാന ഭാഗം )

ദിവസം  114
തീയതി  ഫെബ്രു. 12 , 2014


   അങ്ങനെ കൊയ്ത്തു-മെതി യന്ത്രമായ 'ക്രോപ്പ് ടൈഗര്‍', നൂറു മേനി കൊയ്യാന്‍ തയ്യാറായി ഗ്രാമത്തിലെത്തി. ഉത്സവപറമ്പില്‍ എഴുന്നള്ളത്തിന് തയ്യാറായ ഗജരാജനെ കണ്ട പ്രതീതിയില്‍ കര്‍ഷകരും  നാട്ടുകാരും. അടുത്ത ഒരാഴ്ച്ചയോളം ഇവനായിരിക്കും നാട്ടിലെ സംസാരവിഷയം.

   കഴിഞ്ഞ രണ്ടു കൊല്ലമായി യന്ത്ര സഹായത്തോടെയുള്ള കൊയ്ത്താണ് നടന്നു വരുന്നത്. അതിനു മുന്‍പൊക്കെ അഞ്ചും ആറും പേരടങ്ങുന്ന കൊയ്ത്തുകാര്‍ ഒരാഴ്ച്ചയോളം അധ്വാനിച്ചാണ് കൊയ്തിരുന്നത്. യന്ത്രം വന്നതോടെ ആഴ്ച്ചകള്‍ എന്നത് മണിക്കൂറുകളായി ചുരുങ്ങി. എന്നാല്‍ കൊയ്ത്തുകാരുടെ കൃത്യത അവയ്ക്ക് നല്‍കുവാന്‍ പലപ്പോഴും കഴിയാറില്ല. നെല്ല് പൊട്ടിപോവുക എന്നത് യത്രക്കൊയ്ത്തിലെ ഒരു പ്രധാന പ്രശ്‌നമാണ്.

   ഗ്രാമത്തിലെ അന്‍പതേക്കറോളം പാടം കൊയ്ത്തിനു തയ്യാറായിക്കഴിഞ്ഞു. ആദ്യമായി ടോമിയുടെ പാടത്തുനിന്നുമാണ് തുടക്കം. അതിനു ശേഷമാണ് ഉണ്ണികൃഷ്ണന്റെ പാടം. രാവിലെ 11.30 കഴിഞ്ഞപ്പോള്‍ ടൈഗര്‍ എത്തി.





   യന്ത്രത്തിന്റെ മുന്‍വശത്തെ ബ്ലേഡ് നെല്‍ചെടിയെ ചുവടേ മുറിച്ച്, വേര്‍തിരിച്ച നെല്ലിനെ സംഭരണിയിലേക്ക് കടത്തിവിടുന്നു. വൈക്കോല്‍ പുറന്തള്ളുകയും ചെയ്യുന്നു. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന 'ക്രോപ്പ് ടൈഗറി'ന്റെ ഒരു മണിക്കൂര്‍ വാടക 1750 രൂപയാണ്. ഒന്നര ഏക്കര്‍ പാടം കൊയ്യാന്‍ വെറും രണ്ടു മണിക്കൂറാണ് എടുത്തത്.




   ഒന്നര ഏക്കറില്‍ നിന്നും 1.6 ടണ്‍ എന്നതാണ് ഉണ്ണികൃഷ്ണന്റെ പാടം നല്‍കിവരുന്ന ശരാശരി വിളവ്. എന്നാല്‍ ഇതിലും കൂടുതല്‍ വിളവുനല്‍കുന്ന പാടശേഖരങ്ങള്‍ കടപ്ലാമറ്റത്തുണ്ട്.  വെയിലിന്റെ ലഭ്യതയാണ് ഇതിന്റെ പ്രധാന കാരണം. തെക്കു-വടക്കായി പാടം സ്ഥിതി ചെയ്യുകയും കിഴക്കു-പടിഞ്ഞാറ് വെയിലടിക്കുകയും ചെയ്യുന്നു. ഇതുമൂലം രാവിലെ പത്തു മുതല്‍ വൈകിട്ടു മൂന്നു വരെ മാത്രം വെയില്‍ ലഭിക്കുമ്പോള്‍, മറ്റു ചില നിലങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വെയില്‍ ലഭിക്കുന്നു. വിളവിലെ വ്യതിയാനത്തിനു കാരണം ഇതാണ്.

   നാല്‍പ്പത് ചണച്ചാക്കിലാക്കി, കൊയ്ത നെല്ലിനെ അറകളിലേയ്ക്ക് മാറ്റി. കീടനാശിനികള്‍ ഇല്ലാത്ത ഈ നെല്ല്, സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മറ്റ് കര്‍ഷകരില്‍ നിന്നും കിലോയ്ക്ക് പതിനാറ് രൂപാ നിരക്കില്‍ സഹകരണ സംഘം റൈസ് മില്‍, നീണ്ടൂര്‍, നെല്ല് സംഭരിക്കും.വിപണിവിലയ്ക്ക് നാട്ടുകാരും നെല്ല് വാങ്ങും. എന്നാല്‍ വൈക്കോലിന്റെ ആവശ്യക്കാര്‍ ഇത്തവണ കുറഞ്ഞിരിക്കുന്നു. കിലോയ്ക്ക് ഒരു രൂപാ നിരക്കിലാണ് വൈക്കോല്‍ വില്‍ക്കുന്നത്.

   അന്‍പതേക്കറോളം വരുന്ന പാടങ്ങളില്‍ നിന്നുമായി ഏകദേശം അറുപത് ടണ്‍ നെല്ല് ഈ കൊച്ചു ഗ്രാമം ഉത്പാദിപ്പിച്ചു. ഭക്ഷ്യ ഉത്പാദനത്തിലൂടെ പതിമൂന്ന് ലക്ഷം രൂപയുടെ വാണിജ്യമാണ് ഇവര്‍ നടത്തിയിരിക്കുന്നത്‌. രണ്ട് മാസത്തെ മുഴുവന്‍ സമയ പ്രവര്‍ത്തനവും തുടര്‍ന്നുള്ള മേല്‍നോട്ടവും മാത്രമാണ് ഇതിനാവശ്യമായി വന്നതും.

   'നെല്‍കൃഷി നഷ്ടമാണ്' എന്ന് പറയുന്നവര്‍ക്കുള്ള 'ചുട്ട' മറുപടിയാണീ കണക്കുകള്‍.




   ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ പ്രയോജനകരമായ ഒന്നാണ് നെല്‍കൃഷി. മാറിയ കാലത്തിനനുസരിച് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കാതെ, പഴയ സമ്പ്രദായങ്ങള്‍ തുടര്‍ന്നതിലൂടെയാണ് പല സ്ഥലങ്ങളിലും നെല്‍കൃഷി നഷ്ടത്തിലായത്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്, സംസ്‌കാരവും പാരമ്പര്യവും മുറുകെപ്പിടിക്കുകയാണ് ഉണ്ണികൃഷ്ണനുള്‍പ്പെടുന്ന കടപ്ലാമറ്റത്തെ കര്‍ഷകസമൂഹം.

   വിത്തു വിതയ്ക്കല്‍ മുതല്‍ കൊയ്യല്‍ വരെ നേരില്‍കണ്ട്, നെല്‍കൃഷിയെ അടുത്തറിയുവാന്‍ സാധിച്ചതിന്റെ ആത്മനിര്‍വൃതിയോടെ ഞാന്‍ കടപ്ലാമറ്റം ഗ്രാമത്തിനോട് വിട പറഞ്ഞു.

   കൊയ്ത്തിന്റെ ആരവം തീരുന്നതിന് മുന്‍പേ പാടങ്ങളില്‍ കുട്ടികളുടെ ആരവം തുടങ്ങി. ക്രിക്കറ്റും ഫുട്‌ബോളുമായി അവധിക്കാലം ആഘോഷിക്കുവാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു...

                                                                                                                      (അവസാനിച്ചു )