6 Dec 2013

കർഷകനോടൊപ്പം..... ( നാലാം ഭാഗം )


   
ദിവസം - 28
തീയതി - നവം.18 , 2013


        ഞാറുകൾ പിടിക്കാത്ത ഭാഗങ്ങളിൽ പറിച്ചുനടുക എന്നതാണ് ഇന്നത്തെ പണി. ഇത്തവണ കൃഷിയിൽ ഒരു കൈ നോക്കാമെന്ന് ഞാൻ തീരുമാനിച്ചു. ഞാറുനടലിനായി ഞാനും പാടത്തിറങ്ങി.

ചേറിൽ ഇറങ്ങിയപ്പോൾ നല്ല തണുപ്പ്.മൂന്നാം കണ്ടത്തിൽ ഞാറുകൾ വളരെയധികം കുറഞ്ഞതിനാൽ, അവിടെനിന്നും പണി ആരംഭിച്ചു.പറിച്ചു നടുമ്പോൾ ശരാശരി 15 സെന്റിമീറ്റർ അകലത്തിൽ നടണം.

      
          ഞാറുനടലിനിടയിൽ പതിവുപോലെ കുശലങ്ങളുമായി ചില നാട്ടുകാർ അതുവഴി വന്നു.
നെൽകൃഷിക്കൊപ്പം ക്ഷീരകർഷകനും കൂടിയായ കുഞ്ഞാപ്പനാണ് ആദ്യം എത്തിയത്.
കഴിഞ്ഞ വർഷം വരെ പാട്ടത്തിനു കൃഷി ചെയ്യ്ത കുഞ്ഞാപ്പൻ ഇത്തവണ അതിനു മുതിർന്നില്ല.
ഞാറുകുറവുള്ളിടത്ത് ഏലിശല്യമാണെന്ന് അറിഞ്ഞപ്പോൾ വേപ്പിൻ പിണ്ണാക്കിന്റെ പ്രയോഗം ഫലം ചെയ്യുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ നല്ല വേപ്പിൻ പിണ്ണാക്ക് കിട്ടാനില്ലെന്നു ഉണ്ണികൃഷ്ണൻ.



       പിന്നീടു അതിലേ പോയ രാജൻ, പാടത്ത് നിൽക്കുന്ന ഞങ്ങളെ കണ്ടപ്പോൾ വിളിച്ചു പറഞ്ഞു " ഇങ്ങനെ മിണ്ടാതെ  ഞാറുനടാൻ പറ്റില്ല, ഞാറ്പാട്ട്‌ പാടിക്കേ....". " ഞാറു പാട്ടില്ല, വേണമെങ്കിൽ ഒരു പുതിയ സിനിമ പാട്ട് പാടാം " ഞാൻ തമാശയായി പറഞ്ഞു. തുടർന്ന് രാജൻ തന്നെ ഒരു ഞാറുപാട്ട് ഉറക്കെ പാടിക്കൊണ്ട് നടന്നു നീങ്ങി.

       ഉച്ചയോടുകൂടി രണ്ട് സെന്റിനടുത്ത് നിലത്തിൽ ഞാറു നട്ടുകഴിഞ്ഞിരുന്നു .


ഞാറുനടൽ അവസാനിപ്പിച്ചു പാടത്തിനു പുറത്തിറങ്ങിയ എന്റെ കാലിൽ ഒരു കുളയട്ട (leech) കടിച്ചുതൂങ്ങി കിടക്കുന്നു.അട്ടകടി പാടത്തെ പതിവ് സംഭവമായതിനാൽ, ഉണ്ണികൃഷ്ണൻ കയ്യിൽ സോപ്പ്കഷ്ണം കരുതിയിരുന്നു. സോപ്പ് കഷ്ണം ഉപയോഗിച്ച് അട്ടയെ ഇളക്കി മാറ്റി.

    പൊരിവെയിലത്ത് മണിക്കൂറുകളോളം പണിയെടുത്തു ക്ഷീണിച്ചുവെങ്കിലും നെൽകൃഷിയുടെ ഭാഗമാവാൻ സാധിച്ചതിൽ എനിക്ക് വളരെയധികം ചാരിധാർഥ്യം തോന്നി.

                                                                                                                   ( തുടരും ...)


No comments:

Post a Comment