10 Dec 2013

അന്താരാഷ്ട്ര ചലച്ചിത്ര മേള, കേരളം 2013 : ഒരു പ്രേക്ഷകാനുഭവം ! (ഒന്നാം ഭാഗം)

ഡിസം.8, ഞായർ: കേരളത്തിന്റെ ചലച്ചിത്രമാമാങ്കമായ അന്താരാഷ്ട്ര ചലച്ചിത്ര മേള അനുഭവിച്ചറിയുവാൻ പുലർച്ചെ 8 മണിയോടുകൂടി ഞാൻ തലസ്ഥാനനഗരിയിൽ എത്തി.സ്വന്തമായി ഡെലിഗേറ്റ് പാസ്സ് ഇല്ലാതിരുന്നതിനാൽ, സ്റ്റാച്യു ജംഗ്ഷനിൽ ചെന്ന് നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്ന പാസ്സ് സുഹൃത്തിൽ നിന്നും കയ്യ്പ്പറ്റി.


        
        നേരത്തേ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം തുർക്കിഷ് ചിത്രമായ Meddah (Storyteller) കാണുവാനായി കെ എസ്‌ എഫ് ഡി സി യുടെ തിയേറ്റർ കോംപ്ലെക്സിൽ എത്തി. മൂന്നു സ്ക്രീനുകളുള്ള കോംപ്ലെക്സിലെ "കൈരളി"യിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.എന്നാൽ അവിടെ ചെന്നപ്പോളാകട്ടെ സൂചികുത്താനിടമില്ലാത്തയത്രേം തിരക്ക്. കാത്തുനില്ക്കാതെ അടുത്ത സ്ക്രീനായ "ശ്രീ"യിൽ കയറി.ഈജിപ്ത്യൻ ചിത്രമായ Al-Khoroug Lel-Nahar (Coming Forth By Day) ആണ് പ്രദർശനം. വലിയ തിരക്കില്ല. ചുറ്റുവട്ടം നോക്കിയപ്പോ അദാ ഇരിക്കുന്നു കവി കുരീപ്പുഴ ശ്രീകുമാർ. എല്ലാ ചിത്രവും ആരംഭിക്കുന്നതിനു മുൻപായി രണ്ടു അവതാരകമാർ വന്ന് ചിത്രത്തിനെകുറിച്ച് വിവരണം നല്കും.കൃത്യസമയത്തുതന്നെ ചിത്രം ആരംഭിച്ചു.

kairali,sree & nila
inside sree


      






         
Coming Forth By Day
അറബ് സ്ത്രീ-സംവിധായികയായ ഹാല ലോട്ഫിയുടെ ഈ ചിത്രം വേൾഡ് സിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. തളർന്നു കിടപ്പിലായ അച്ചൻ, ആത്മാർഥമായി ശിശ്രുഷിക്കുന്ന മകൾ, നിർവികാരയായ അമ്മ എന്നിവരുടെ ജീവിതം കാണിക്കുന്ന ചിത്രം     ഒരുപക്ഷേ വിരസമായ ഒരു കഥാപശ്ചാത്തലത്തിലുള്ള ചിത്രമായതിനാലാവാം  കാണികളുടെ ക്ഷമനശിപ്പിക്കുന്ന രീതിയിലുള്ള ഒരു അനുഭവമാണ് നൽകുന്നത്. ജീവിതയാഥാർത്യങ്ങളായ അവസ്ഥകൾ പറയുന്ന ചിത്രം, അങ്ങനെയുള്ള ഒരവസ്ഥയുടെ വിരസത കാണികളിലുണ്ടാക്കുന്നതിലൂടെ വിജയിക്കുക തന്നെയാണ് ചെയ്യ്തത് എന്നും പറയാം .



     സിനിമയ്ക്കു ശേഷം പുറത്തിറങ്ങിയപ്പോൾ സംവിധായകൻ ഹരിഹരനെ കണ്ടു. അടുത്തതായി ടോപ്‌ ആംഗിൾ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം ബ്ലാക്ക് ഫോറെസ്റ്റ്‌ കാണാനായി കലാഭവൻ തിയറ്ററിലേക്ക് നടന്നു. ഞാൻ ചെന്നപ്പോഴേക്കും തിയറ്റർ നിറഞ്ഞിരുന്നു. ഏറ്റവും മുൻപിലായി ഒരു സീറ്റ്‌ കിട്ടി. ഉത്ഘാടനത്തിനായി എത്തിയ സംവിധായകൻ ജോഷി മാത്യു അടുത്ത സീറ്റിൽ തന്നെ ഉണ്ടായിരുന്നു. പുള്ളിയെ ചാനലുകാർ വീഡിയോയിൽ എടുത്തപ്പോൾ ഞാനും ഗമയോടെ അടുത്തിരുന്നു. 

        
         സിനിമ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങിപ്പോന്നു. അത്രയ്ക്ക് നല്ല ചിത്രം. ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്കു നാണക്കേടാണ് ഈ ചിത്രം എന്നെനിക്കു തോന്നി. പരിസ്ഥിതി സംരക്ഷണം എന്ന വിഷയം പ്രതിപാദിക്കുന്നു എന്നതൊഴിച്ചാൽ ഒരു നല്ല കാര്യവും ഈ ചിത്രത്തിനെകുറിച്ച് പറയുവാനില്ല.




       അടുത്തതായി കാണേണ്ട ചിത്രം ദി കൊഫീൻ മേക്കർ  രമ്യ തിയറ്ററിലാണ്. അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് നേരെ വിട്ടു രമ്യയിലേക്ക്. പ്രദർശനത്തിനു അര മണിക്കൂർ മുൻപേ തിയറ്റർ നിറഞ്ഞു. ചിത്രത്തിന്റെ സംവിധായിക വീണ ബക്ഷിയും പ്രേക്ഷകരുമായി സംവദിക്കുവാൻ എത്തിയിട്ടുണ്ടായിരുന്നു.

ജീവിതം സന്തോഷിക്കുവാനും മറ്റുള്ളവരെ സ്നേഹിക്കുവാനുമുള്ളതാണ് എന്ന സന്ദേശം നല്കുന്ന ഒരു ആർദ്രമായ ചിത്രമാണ് ദി കൊഫീൻ മേക്കർ . ശവപ്പെട്ടി നിർമാതാവും എന്നാൽ ഈ പണിയെ വെറുക്കുന്നവനുമായ ഒരാളുടെ  ജീവിതത്തിലേക്ക് മരണം ഒരാൾ രൂപമായി കടന്നുവരികയും, അതുവരെ അയാൾ ഒറ്റക്കിരുന്നു കളിച്ചിരുന്ന തന്റെ പ്രിയ-വിനോദമായ ചെസ്സ്‌ "മരണ"വുമായി  മത്സരിച്ചു കളിക്കുന്നതുമാണ് പ്രമേയം.ഗോവൻ ഇംഗ്ലീഷും കൊങ്കിണിയും കൂടിക്കലർന്ന ഭാഷയാണ്‌ കഥാപാത്രങ്ങൾ സംസാരിക്കുന്നത്.എന്നാൽ ഒരു രാജ്യാന്തര മേളക്ക് പ്രദർശിപ്പിക്കുവാൻ പാകത്തിനുള്ള വിഷയമോ മറ്റൊന്നും തന്നെ ഈ  ചിത്രത്തിനില്ല. ഇൻഗ്മർ ബർഗ്മാന്റെ ""ദി സെവൻത് സീൽ" എന്ന ചിത്രത്തിന്റെ അതേ ആശയമായ മരണവുമായുള്ള ചെസ്സു കളിയാണ് വീണ ബക്ഷി അതേപടി ഇതിൽ കാണിക്കുന്നത്. കഥാപാത്രത്തിന്റെ പേരിൽ പോലും സാമ്യം. "ദി സെവൻത് സീലി"ൽ മാക്സ് വോണ്‍ സൈദോയുടെ "അന്റോണിയസ്" എന്ന കഥാപാത്രം ഇതിൽ നസറുദിൻ ഷാ യുടെ "ആന്റ്റൊണ്‍" ആകുന്നു.

സംവിധായിക : വീണ ബക്ഷി

 സിനിമയ്ക്കു ശേഷമുള്ള സമ്പർക്ക പരിപാടിയിൽ ഇതിനെക്കുറിച്ച്‌ സംവിധായികയോട് ഞാൻ ചോദിച്ചപ്പോൾ സെവൻത് സീലിനെക്കുറിച്ച് കേട്ടിട്ടേ ഇല്ല എന്നാണവർ പറഞ്ഞത്.കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അവർ പറഞ്ഞതും ശരിയാ, സിനിമ പിടിക്കണമെങ്കിൽ ബർഗ്മാൻ ആരാണെന്നൊന്നും അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല. എല്ലാ സിനിമ ആസ്വാദകരും കയ്യടിച്ചു.

കഷ്ട്ടം!

ഇതുവരെ ഒരു സിനിമയും ത്രിപ്ത്തി നല്കിയില്ല. ചെറിയൊരു മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി.

       പൊതുവെ നല്ല അഭിപ്രായം കേട്ട സിങ്കപൂരിയൻ  ചിത്രം "ഇലോ ഇലോ" കാണുവാൻ അതുല്യയിൽ എത്തി. ഒരു മണിക്കൂർ മുൻപേ തിയറ്ററിന്റെ പകുതി പോലുമില്ലാത്ത അണ്‍റിസർവ്വ്ട് സീറ്റുകൾ നിറഞ്ഞു. ഇടിച്ചുതള്ളി ആളുകൾ. ഇതെന്തു ന്യായം എന്നുപറഞ്ഞു ചില കാണികൾ സംഘാടകരുമായി വഴക്ക് തുടങ്ങി. ഒടുവിൽ കുറേ ആളുകൾ റിസർവ്വ്ട് സീറ്റുകളിൽ ചാടിക്കയറി ഇരുന്നു.

 എന്റെ പ്രതീക്ഷകൾ തെറ്റിയില്ല. നല്ല നിലവാരമുള്ള ഒരു ചിത്രം.

വഴക്കാളിയായ 10 വയസ്സുകാരന് അവനെ നോക്കാൻ വരുന്ന പെണ്‍കുട്ടിയുമായുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ്‌ ആൻടോണി ചെൻ എഴുതി സംവിധാനം ചെയ്യ്ത ഈ ന്യൂ ഏഷ്യൻ സിനിമ പറയുന്നത്.

വളരെ വികാരഭരിതമാണ് ചിത്രം.കഥയുടെ പശ്ചാത്തലത്തിൽ  സിംഗപ്പൂരിലെ സാമൂഹിക പ്രശ്നങ്ങളും ചർച്ചചെയ്യപ്പെടുന്നു. ഇംഗ്ലീഷ് അറിയാത്ത പ്രൊഫഷണൽ ആയ പുരുഷന് ജോലി നഷ്ട്ടമാവുമ്പോൾ വീട്ടിൽ ജോലിക്ക് വരുന്ന പെണ്‍കുട്ടി ഇംഗ്ലീഷ് അനായാസം സംസാരിക്കുന്നു എന്നതിലൂടെ  ആഗോളവത്കരണത്തിന്റെ ഭാഗമായി  ഇംഗ്ലീഷ് ഭാഷയ്ക്ക്‌ പ്രാധാന്യം നല്കാതിരുന്നത് 1997 ലെ ഏഷ്യൻ സാമ്പത്തിക മാന്ദ്യത്തിനു കാരണമായി എന്ന് ചിത്രം പരോക്ഷമായി പ്രതിപാദിക്കുന്നു.

മേളയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് "ഇലോ ഇലോ ".


        ജർമൻ എക്സ്പ്രെഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ഥമായ നിശബ്ദ ചിത്രം "ദ കാബിനറ്റ് ഓഫ് ഡോ.കാലിഗറി"യാണ് ഇന്നത്തെ എന്റെ അവസാന പ്ലാന്‍. രാത്രി ഭക്ഷണത്തിന് ശേഷം കെ എസ്‌ എഫ് ഡി സി യുടെ തിയേറ്റർ കോംപ്ലെക്സിലെ "നിള"യിലെത്തി.  


ഡി വി ഡി പ്രിൻറ് ആണ് ചിത്രം. രാത്രി ആയതിനാൽ വളരെ കുറച്ചുമാത്രം കാഴ്ച്ചക്കാർ. നിശബ്ദമായ ചിത്രം തുടങ്ങി മിനിറ്റുകൾക്കകം കാണികൾ അക്ഷമരായി പിറുപിറുത്തു തുടങ്ങി. "താല്പ്പര്യം ഇല്ലാത്തവന്മാർ ഇറങ്ങിപോടെ..." പുറകിൽ നിന്നും ഒരു കലാസ്നേഹി വിളിച്ചുപറഞ്ഞു. ഒരുപറ്റം "ന്യൂ ജനറേഷൻ" പിള്ളേർ സ്ഥലം കാലിയാക്കി. പിന്നീട് ഇതെന്തു സിനിമ എന്നുപറഞ്ഞു മറ്റുചിലരും ഇറങ്ങിപ്പോയി.ഒടുവിൽ ഞങ്ങൾ കുറച്ചുപേർ മാത്രം അവശേഷിച്ചു.

എന്നാൽ കാലത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് ഇപ്പോഴും നമ്മളെ രോമാഞ്ചപ്പെടുത്തുവാൻ കെൽപ്പുള്ള ചിത്രമാണ് "ദ കാബിനറ്റ് ഓഫ് ഡോ.കാലിഗറി".കഥാന്ത്യത്തിൽ "ട്വിസ്റ്റ്‌" എന്ന ആശയം  കൊണ്ടുവന്ന പ്രഥമചിത്രം, നിശബ്ദയുഗത്തിലെ ഹൊറർ ചിത്രങ്ങളുടെ ഏറ്റവും ഉത്തമ ഉദാഹരണം എന്നിങ്ങനെ സിനിമ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിനോടുള്ള ആളുകളുടെ പ്രതികരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
  
                                                                                                   
( തുടരും )




അവസാന ഭാഗം :
http://harisjourney.blogspot.in/2013/12/2013_10.html

No comments:

Post a Comment