18 Dec 2013

ആറന്മുള വിമാനത്താവളം : കോഴിത്തോട് ഇനിയെങ്ങോട്ട് ?

     "കെ ജി എസ് എയറോപോളിസി"ന്റെ ആദ്യ പടിയായ എയർപോർട്ട് വരുന്നതോടുകൂടി നശിക്കപ്പെടുന്ന, പമ്പയാറിന്റെ ഒരു ജലശ്രോദസ്സായ കോഴിത്തോടിനെ പിന്തുടർന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളാണ്  ഇവിടെ വിവരിക്കുന്നത്. ഇതിലൂടെ കോഴിത്തോട് എന്ന ജലശ്രോദസ്സിന്റെ ഇന്നത്തെ  അവസ്ഥയും പ്രാധാന്യവും മനസ്സിലാക്കിത്തരുക എന്നതാണ് ഉദ്ദേശിക്കുന്നത്.
 
     വാരിയാപുരം,ഇലന്തൂർ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു കരിമാരത്തുമലയുടെ അടുത്തെത്തുമ്പോഴാണ് കോഴിത്തോടിനെ വിഴുങ്ങുവാൻ തയ്യാറായി വിമാനത്താവളം ഒരുങ്ങുന്നത്. 

      ആറന്മുള പുഞ്ചയും മല്ലപ്പുഴശ്ശേരി പുഞ്ചയും ചേരുന്ന പാടശേഖരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഈ രണ്ടു പുഞ്ചയുടേയും ഇടയിലൂടെ ഒഴുകിയിരുന്ന നീർച്ചാൽ മണ്ണിട്ട്‌ നികത്തിയാണ് എബ്രഹാം കലമണ്ണിൽ ആദ്യ എയർസ്ട്രിപ് നിർമാണത്തിന് തയ്യാറെടുത്തത്.പിന്നീട് ഇതിൽ നിന്നുമയാൾ പിന്മാറിയെങ്കിലും അപ്പോഴേക്കും നീർച്ചാൽ അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. കോഴിത്തോടിൽ നിന്നും ഉത്ഭവിച്ചിരുന്ന ഈ നീർച്ചാലിലെ ജലമുപയോഗിച്ചായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുൻപുവരെ ഇവിടെ കൃഷി നടത്തിയിരുന്നത്. നിലവിൽ നിരവധിയാളുകൾ കുടിൽ കെട്ടി സമരം നടത്തുന്നതും ഈ നികത്തിയ നിലത്തിലാണ്.

തോടിന്റെ നികത്തിയ ഭാഗം
കരിമാരത്തു വന്നുചേരുന്ന കോഴിത്തോട്


നികത്തിയ നിലത്തിലെ കുടിൽ കെട്ടി സമരം

നികത്തിയ ചാൽ
പൂർണമായ നികത്തലിൽ നിന്നും താല്ക്കാലികമായി കോഴിത്തോട്  രക്ഷപെട്ടെങ്കിലും, വിമാനത്താവളം നടപ്പിലാകുന്നതോടെ കരിമാരത്തു വെച്ച് ഈ തോട് അവസാനിക്കും. 
                                                                                                                                                                  

      കരിമാരത്തു വെച്ച് ഈ തോട് മൂടപ്പെട്ടാൽ ഒരു നഷ്ട്ടം എന്നുപറയുവാൻ പാകത്തിന് എന്തെങ്കിലുമുണ്ടോ എന്നതറിയുകയാണ് എന്റെ അടുത്ത ലക്‌ഷ്യം.അതിനായി കരിമാരം മുതൽ പമ്പയാർ വരെയുള്ള കോഴിത്തോടിന്റെ പുരോഗതി കാണുവാൻ ഞാൻ പുറപ്പെട്ടു.
     കരിമാരത്ത് വീതി കുറഞ്ഞെങ്കിലും അടുത്ത കടവായ പള്ളിമുക്കം ഭാഗത്തെ
 ഇടക്കടവിൽ എത്തുമ്പോൾ നല്ല വീതിയിലാണ് കോഴിത്തോട് ഒഴുകുന്നത്‌.

 
ഇടക്കടവിലെ കോഴിത്തോട്
                                                                                                                                                                   

             2003 ൽ  ഉദ്ഘാടനം നടത്തിയ നാൽക്കാലിക്കൽ വലിയപാലത്തിൽ നിന്നാൽ ഇടക്കടവിനു ശേഷമുള്ള തോടിന്റെ അവസ്ഥയും പാഴ്ഭൂമിയായി കിടക്കുന്ന പാടങ്ങളും കാണുവാൻ കഴിയും. പന്തളത്തിലേക്കുള്ള വഴിയായ ഈ പാലത്തിന്റെ പണിയോടനുബന്ധിച്ചു നടത്തിയ മണ്ണിടീൽ പാടങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു.

ഇടക്കടവിൽ നിന്നും ഒഴുകിയെത്തുന്ന  കോഴിത്തോട്
മണ്ണിട്ട്‌ വീതി കുറഞ്ഞ ഭാഗം








പാലം കടന്നുള്ള തോടിന്റെ  യാത്ര

                                                                                                                                                                

തുടർന്ന് തുരുത്തിമലയിലെത്തുകയും ഒഴൂർകടവ് പാലത്തിനടിയിലൂടെ പമ്പയാർ ലക്ഷ്യമിട്ട് നീങ്ങുകയും ചെയ്യുന്നു.
 
ഒഴൂർ കടവ് പാലം

തുരുത്തിമലയിലൂടെ കോഴിതോട്




                                                                                                                                                       

അവസാനമായി ഞാൻ ചെന്നെത്തുന്നത്  പ്രധാന റോഡിലുള്ള "കോഴിപ്പാലം" എന്ന കോവിൽപാലത്തിലാണ്. തോടിന്റെ രണ്ടു വശങ്ങളിൽ നിന്നും മണ്ണിട്ട്‌ വീതി കുറഞ്ഞ അവസ്ഥയാണ് ഇവിടേയും കാണുവാൻ കഴിഞ്ഞത്. കോഴിത്തോട് പമ്പയാറുമായി ചേരുന്നത് ഇതിന്റെ അടുത്താണ്.


പമ്പയോട് കോഴിതോട് വന്നുചേരുന്ന സ്ഥലം

     ആറന്മുള ഗ്രാമത്തിന്റെയും പമ്പയാറിന്റെയും ഒരു പ്രധാന  ജലസ്രോദസ്സാണ് അതിജീവിക്കുവാൻ പാടുപെട്ടുകൊണ്ടിരിക്കുന്ന ഈ ജലാശയം. എയർപോർട്ട് വരുന്നത് തീർച്ചയായും ഇതിനൊരു ഭീഷണിയാണ്.

         ആറന്മുളയിലെ പ്രശ്നങ്ങൾക്ക് ആത്യന്തികമായ കാരണം നെൽകൃഷിയുടെ നാശമാണ്. കൃഷി നിലക്കുകയും പാഴ്ഭൂമിയായി കൃഷിയിടങ്ങൾ കിടക്കുകയും ചെയ്യ്തതാണ് വ്യവസായികളെ ആകർഷിക്കുന്നതിനും ഭൂമി ഉടമകൾ അതു വില്ക്കുവാൻ നിർബന്ധിതരായിമാറിയതിനും കാരണം. നെൽകൃഷി നടത്തിയാണ് ഇവിടെ സമരം ചെയ്യേണ്ടത്. അപ്പോൾ മാത്രമേ യഥാർത്ഥത്തിലുള്ള വികസനം ആറന്മുളയിലുണ്ടാവുകയുള്ളൂ. എങ്കിൽ മാത്രമേ ആ പൈതൃക ഗ്രാമത്തെ വീണ്ടും അതിന്റെ പ്രൗഢിയിൽ എത്തിക്കാനാവുകയുള്ളൂ.

       ആറന്മുളയിൽ വിമാനം പറപ്പിക്കുവാൻ ധ്രിതി കാട്ടുന്ന സർക്കാർ മറിച്ച് നെല്കൃഷിയെ പുനരാര്‍ജ്ജിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള നടപടികൾക്കാണ് ധ്രിതി കാട്ടേണ്ടത്‌.

- ഹരി


7 comments:

  1. കേരളത്തില്‍ നെല്‍ കൃഷി പലയിടത്തും നാമാവിശേഷമായത് വിമാനത്താവളം പോലെയുള്ള സംരംഭങ്ങള്‍ വന്നത് മൂലമല്ല. കേരളത്തില്‍ നിന്നും വന്‍ തോതില്‍ കായിക അദ്ധ്വാനം നടത്താന്‍ ശേഷിയുള്ളവര്‍ മെച്ചമായ തൊഴില്‍ അവസരങ്ങള്‍ തേടി കേരളത്തില്‍ നിന്നും ചേക്കേറുകയും ശരാശരി ഇന്ത്യന്‍ തൊഴിലാളികളെക്കാള്‍ നല്ല വരുമാനം നേടാന്‍ പ്രാപ്തി പ്രാപിക്കുകയും ചെയ്തത്കാരണം കേരളത്തിലെ തൊഴിലാളി വേതനം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വളരെ കൂടിയതിനാലും കായിക അദ്ധ്വാനം വേണ്ടി വരുന്ന കൃഷിപ്പണി പോലെയുള്ള ജോലികള്‍ക്ക് ആളില്ലാതായതും ഒക്കെ നിമിത്തമാണ്. പലയിടങ്ങളിലും സ്വന്തമായി തന്നെ കൃഷിപ്പണി നടത്താന്‍ ആളില്ല. നെല്‍കൃഷി വലിയ പ്രയോജനം ചെയ്യുന്നില്ല എന്ന് പലരും മനസ്സിലാക്കിയത് നെല്‍പ്പാടങ്ങള്‍ തരിശു കിടക്കാന്‍ കാരണം ആയി. വയലുകള്‍ വലിയ ബാദ്ധ്യത ആണെന്ന് തോന്നിത്തുടങ്ങിയ സാഹചര്യത്തിലാണ് കേരളീയര്‍ വയല്‍ നികത്തി വീട് വയ്ക്കാനും വില്‍ക്കാനും ഒക്കെ തുടങ്ങിയത്. ഇതൊക്കെയും കേരളത്തനിമയും കേരളത്തിന്‍റെ പരിസ്ഥിതിയെയും പലതരത്തില്‍ ബാധിച്ചിരിക്കുന്നു എന്നതും വാസ്തവം തന്നെ. എന്നാല്‍ അതിനു പോംവഴി പാരമ്പര്യം മുറുകെപ്പിടിക്കുന്നു എന്ന് പുറമേ കാണിക്കാന്‍ വേണ്ടി ആധുനിക സൌകര്യങ്ങളെ കണ്ണടച്ചു എതിര്‍ക്കുക എന്നതല്ല. എതിര്‍ക്കാന്‍ വേണ്ടി എതിര് കാണിക്കുക എന്ന സിദ്ധാന്തം ആര്‍ക്കും ആത്യന്തികമായി ഗുണം ചെയ്യില്ല. ഞങ്ങളങ്ങു സഹിച്ചോളാം എന്ന മനസ്ഥിതി ആത്മഹത്യാ പരം എന്ന് ആരും പ്രത്യേകം പറയേണ്ടതില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ എന്ത് പോംവഴി പൊതുവായി മെച്ചം എന്ന് ചിന്തിക്കുന്ന്നത് ഉചിതം.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  2. ആധുനികവല്‍ക്കരണം കൃഷിയിലും നടപ്പിലാക്കുവാന്‍ സാധിക്കും. അതുവഴി നമ്മുടെ പാരമ്ബര്യത്തെ തിരിച്ചു പിടിക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ കോണ്‍ക്രീറ്റ്‌ വികസനം മാത്രമല്ല ആധുനിക ആധുനികവല്‍ക്കരണം.

    നെല്‍ കൃഷി നശിച്ചത് വിമാനത്താവളം കാരണമാണെന്ന് ഇവിടെ പറഞ്ഞിട്ടില്ല.

    പിന്നെ "മെച്ചം" ഉണ്ടാകുന്ന കാര്യം വിമാനത്താവളം തന്നെയാണ്. അതിനു യാതൊരു സംശയവുമില്ല.

    ReplyDelete
  3. പഴയ കാളപ്പൂട്ടും നടീൽ പെണ്ണുങ്ങളും ഇതര പണിക്കാരും ഇക്കാലത്ത് കിട്ടാനില്ലെന്നത് സത്യമാണ്. വർദ്ധിച്ച വരുമാനം മലയാളികളെ കർഷകത്തൊഴിലുകളിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ടാവണം. എന്നാലും ആധുനകകാലത്ത് ആവശ്യമായ യന്ത്രങ്ങൾ ലഭ്യമായിരിക്കേ കാളവണ്ടിയുഗത്തിൽ കൃഷിചെയ്യണമെന്ന് ആരും പറയുന്നില്ലല്ലോ. ആധുനിക യന്ത്രങ്ങളുപയോഗിച്ചു കൃഷി ചെയ്യണം. കൃഷി നിലക്കാൻ ഇടനിലക്കാരായ വിതരണക്കാർ നല്ലൊരു പരിധിവരെ കാരണക്കാരാണ്. ഏതായാലും ഇനി തലമുറകൾ ജീവിക്കാനുള്ളതാണ് ഇവിടെ എന്ന ബോധം ഓരോരുത്തർക്കുമുണ്ടാവുന്നതു നല്ലതാണ്.

    ReplyDelete
  4. Mr. Rajan, i wrote what i saw and i believe that there is a balance btw nature and human beings. Seeing only the benefits wouldn't make u a good human. Also development doesnt mean living in a highly sophisticated manmade environment.

    ReplyDelete
  5. കോഴി തോടിനു ആ പേര് വന്നത് ...
    പണ്ട് പണ്ട്, അതായതു ഒരു മുപ്പതു വര്ഷം മുൻപ് പച്ച പരവതാനി പോലെ നെല് വയലുകൾ,
    നിറയെ വെള്ളവുമായി, വശങ്ങളിൽ നിറയെ കാടും,
    ഈ തോട് ജീവിച്ചിരുന്നു. ചരിത്രം പിന്നെ ഫാസ്റ്റ് ഫോർവേഡ്, കൃഷിയും കര്ഷകനും കര്ഷക തൊഴിലാളിയും ഒക്കെ അപ്രത്യക്ഷം, വി - ക - സ - നം, ഇനി നാട്ടുകാര് ബാക്കി
    അന്ന് കോഴി തോട് കോഴികളുടെ വിഹാര രംഗം, സർവ്വത്ര അവയുടെ ബഹളം
    രാത്രി പുഞ്ച കൊയ്ത് അടുക്കിയതിനു കാവൽ കിടക്കുമ്പോൾ ചെയ്തു കൂട്ടിയ വികൃതികൾ
    (ഒരു അരിങ്ങോട്ടു കാവ് കാരന്റെ അത്മഗതത്തിൽ നിന്ന് )

    ReplyDelete
  6. നെല്കൃഷി ചെയ്യാതെ പാടങ്ങൾ തരിശു കിടന്നാൽ അത് നികത്തി കോണ്‍ക്രീറ്റ് സൗദങ്ങൽ പണിയണം എന്ന് നാട്ടു നടപ്പുണ്ടോ? നെല്കൃഷി ചെയ്താലും ഇല്ലെങ്കിലും പാടങ്ങൾ പ്രകൃതി ദത്തമാണ്. പ്രകൃതി ഭൂമിയിൽ ഒരുക്കിയിരിക്കുന്ന ജല സംഭരണികളാണ് പാടങ്ങൾ. അധികജലത്തെ ഭൂമിയിൽ തന്നെ തടഞ്ഞു നിർത്തുകയും, വേനൽക്കാലങ്ങളിൽ നീരുറവകൾ വറ്റിപോകാതെ കാക്കുകയും ചെയ്യും. അതുപോലെ മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന നദിയിലെ വെള്ളം ഉൾക്കൊള്ളാനും അതുമൂലം ഇതര പ്രദേശങ്ങളിലേക്ക് വെള്ളപ്പൊക്കം ഉണ്ടാകാതെ സൂക്ഷിക്കാനും പാടശേഖരങ്ങൾ സഹായിക്കുന്നു. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ അമിത മനുഷ്യവിഭവശേഷി ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ലാഭകരം അല്ലെങ്കിൽ ലാഭകരമായി എങ്ങിനെ കൃഷി നടത്താം എന്നും അതിനനുസരിച്ച് യന്ത്രവല്ക്കരണം നടത്തുകയും ചെയ്യേണ്ടത് അതാതു കാലത്ത് ജനങ്ങള് തിരഞ്ഞെടുക്കുന്ന സർക്കാരുകൾ ആലോചിച്ചു നടപ്പാക്കേണ്ടാതാണ്. അതിനല്ലേ ഇവിടെ പ്ലാനിംഗ് കമ്മീഷനും, കൃഷി വകുപ്പും, അതിനൊരു മന്ത്രിയും. കൃഷി ഇല്ലെങ്കിൽ അവിടെം വെറുതെ കിടന്നു കൊള്ളട്ടെ. അതുകൊണ്ട് ഒരു ദൂഷ്യവും ഉണ്ടാകുന്നില്ല. എന്നാൽ കുന്നുകൾ ഇടിച്ചു, പാടങ്ങൾ നികതിയുള്ള ഈ തലതിരിഞ്ഞുള്ള വികസനം കേരളത്തിൽ ഉണ്ടാകാൻ പോകുന്നത് രൂക്ഷമായ വരള്ച്ചയും, അതുപോലെ മഴക്കാലത്ത് ഉണ്ടാകാൻ പോകുന്ന പ്രകൃതി ക്ഷോഭങ്ങളും ആണ്. പരിസ്ഥിതി പ്രവര്ത്തകനായ ശ്രീ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞത് പോലെ "കാലാവസ്ഥയിലെ അപൂര്‍വ വ്യതിയാനങ്ങള്‍ ഇനി കൂടുതല്‍ സാധാരണമാകുന്ന കാലമാണെന്ന സത്യം കൂടി പരിഗണിച്ചുവേണം വികസനം നടത്താന്‍ എന്ന് അധികൃതരും ഓര്‍ക്കണം. അല്ളെങ്കില്‍ നാം നടത്തുന്ന ഏതുവികസനത്തെയും ഒഴുക്കിക്കളയാന്‍ പ്രകൃതിക്ക് അരനിമിഷം മതിയെന്നെങ്കിലും മനസിലാക്കുക".

    ReplyDelete