25 Feb 2014

സമൂഹത്തെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന 'ഹൈവേ' ....

  ഡല്‍ഹിയില്‍ ഒരു ധനിക കുടുംബത്തിലെ പെണ്‍കുട്ടിയെ ( ആലിയ ഭട്ട് ) അവളുടെ കല്യാണ തലേന്ന് രാത്രി ഒരു പറ്റം കൊള്ളക്കാർ തട്ടികൊണ്ടുപോകുന്നു. തടവിൽ കഴിയുന്ന അവള്‍ക്കു എന്നാൽ തുടര്‍ന്നുള്ള യാത്ര കൂടുതല്‍ സുരക്ഷിതത്വമാണ് പ്രദാനം ചെയ്യുന്നത്. ക്രിമിനല്‍ എന്നു സമൂഹം മുദ്രകുത്തിയ മഹാവീര്‍ (രണ്‍്ദീപ് ഹൂട) അവളുടെ സ്ത്രീത്വത്തിന്റെ സംരക്ഷകനായി മാറുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് 'ഹൈവേ' എന്ന ചിത്രം.

   സ്ത്രീയെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന കഥ, സമൂഹത്തിലെ കപട സദാചാരങ്ങളെ തുറന്നു കാട്ടുന്നു. വിദ്യാഭ്യാസവും സമ്പത്തും നിറഞ്ഞ കുടുംബങ്ങളില്‍ പോലും സ്ത്രീ സുരക്ഷിതയല്ല, സ്വന്തം വീടുകളില്‍ തന്നെ അവള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഈയൊരവസ്ഥയില്‍ വീടിന്റെ പുറത്ത് അവള്‍ക്കു സുരക്ഷിതത്വം വേണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥം - 'ഹൈവേ' ഉന്നയിക്കുന്ന ചോദ്യം ഇതാണ്‌.

   സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരേ ഏറ്റവുമധികം പ്രതിഷേധിച്ച നഗരമെന്ന നിലയ്ക്കാവാം ഡല്‍ഹി തട്ടിക്കൊണ്ടുപോകല്‍ നടക്കുന്ന സ്ഥലമായി തിരഞ്ഞെടുത്തത്. ഗ്ലാമറിന്റെ ഒരംശം പോലും ചേര്‍ക്കാതെ, വിഷയത്തോടു നൂറുശതമാനവും നീതി പുലര്‍ത്തി സംവിധായകന്‍ ഇംതിയാസ് അലി. അതോടൊപ്പം റൊമാന്റിക്ക് രംഗങ്ങളൊന്നും കൂടാതെ തീവ്രമായ പ്രണയവും സംവിധായകന്‍ അവതരിപ്പിക്കുന്നു. സംഭവിച്ചതിനെതിരേയുള്ള ഒരു പ്രതിഷേധമല്ല, മറിച്ച് എന്തുകൊണ്ടിങ്ങനെയൊക്കെ സംഭവിക്കുന്നു എന്നതിന്റെ ഒരവലോകനമാണ് ഈ ചിത്രം. എക്കാലത്തും സ്ത്രീയ്ക്കു പുരുഷന്റെ സംരക്ഷണവും പുരുഷനു സ്ത്രീയുടെ വാത്സല്യവും ആവശ്യമായ ഒന്നാണെന്നും, അതിലൂടെ സ്ത്രീപുരുഷബന്ധം എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ചിത്രം പറഞ്ഞുതരുന്നു.

    പശ്ചാത്തല സംഗീതം വളരെ കുറച്ചേ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളുവെങ്കിലും റസൂല്‍ പൂക്കുട്ടിയുടെ പശ്ചാത്തല ശബ്ദം ഈ കുറവിനെ ഇല്ലാതാക്കുന്നു. ഷിംല താഴ്‌വരയിലെ രംഗങ്ങള്‍ ശബ്ദരൂപകല്‍പ്പനയിലൂടെ മികച്ച ഒരനുഭവമാക്കി മാറ്റി അദ്ദേഹം.

   യുക്തിക്കു നിരക്കാത്ത പല സന്ധര്‍ഭങ്ങളും കഥയിലുടനീളം കാണുവാന്‍ സാധിക്കുമ്പോഴും കഥയുടെ ഉദ്ദേശശുദ്ധി ഈ പ്രശ്‌നങ്ങളെ മറികടക്കും. ബോളിവുഡിലെ നായികമാരുടെ സ്ഥിരം സ്വഭാവങ്ങളും ആലിയ ഭട്ടിന്റെ 'വീര'യിൽ കാണുവാന്‍ സാധിക്കും. ഇംതിയാസ് അലിയുടെ മുന്‍ ചിത്രങ്ങളായ ജബ് വി മെറ്റ്, റോക്ക്‌സ്റ്റാര്‍ എന്നിവ സഞ്ചരിച്ച, ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള  അതേ വഴികളിലൂടെയാണ് ഹൈവേയും സഞ്ചരിച്ചിരിക്കുന്നത് എന്നത് കൗതുകകരമായ മറ്റൊരു കാര്യമാണ്.



അവസാന വാക്ക്‌ : തീര്‍ച്ചയായും കണ്ടിരിക്കേണ്ട, സാമൂഹിക പ്രസക്തിയുള്ള
 ചിത്രം
!


2 comments:

  1. Man,the article you wrote is exceptionally well positioned and crisp. I feel happy for you, expressing your thoughts through blogs is a fantastic job. You became professional in blog writing. The classic style of expression is missing in many leading news papers in Kerala, you have it. Keep it up and all the best.
    Regards
    CJ

    ReplyDelete