9 Feb 2014

മോട്ടോർ സൈക്കിൾ ഡയറീസ് - വയനാട് (അവസാന ഭാഗം)

  വെളുപ്പിനെ 7 മണിക്ക് ഞങ്ങൾ തിരുനെല്ലിയോടു യാത്ര പറഞ്ഞു. തോൽപ്പെട്ടിയിലേക്കുള്ള വഴിയും വനത്തിലൂടെയാണ്. പുലർമഞ്ഞിൽ മുങ്ങിയ കാട് മനോഹരമായ ഒരു കാഴ്ചയാണ്, എന്നാൽ അതുപോലെ തന്നെ അപകടകരവും. കാരണം മഞ്ഞുമൂടിയ, വളവുകളും തിരിവുകളും ധാരാളമുള്ള വഴിയിൽ ആനയോ മറ്റു മൃഗങ്ങളോ വന്നുനിന്നാൽ പെട്ടന്നറിയില്ല. ഏതായാലും രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ യാത്ര ആരംഭിച്ചു. പ്രശ്‌നങ്ങളൊന്നും കൂടാതെ തോല്‍പ്പെട്ടിയില്‍ എത്തി. യാത്രാ മദ്ധ്യേ,കാട്ടിലൂടെ ഓടി മറയുന്ന മാൻകൂട്ടത്തെ കാണുവാനും സാധിച്ചു.


   തൊൽപ്പെട്ടിയിൽ ജീപ്പ് സഫാരിയാണുള്ളത്. 275 രൂപാ ഫോറെസ്റ്റ് വകുപ്പിനും 500 രൂപാ ജീപ്പ് ഡ്രൈവറിനും, അതാണ്‌ ഫീസ്‌. ഒരു മണിക്കൂറോളം വരുന്ന സഫാരിയിൽ തോല്പ്പെട്ടി വന്യജീവി സങ്കേതത്തിലൂടെ 20 കിലോമീറ്റർ യാത്ര ചെയ്യാം.
സഫാരിക്ക്‌ മുന്പായി ഒരു ചൂട് ചായ!


   10 മണിയോടെ ഞങ്ങള്‍ സഫാരി ആരംഭിച്ചു. ഏതാനം ദൂരം കടന്നപ്പോൾ 3 ചെന്നായ്ക്കൾ ചേർന്ന് ഒരു മാനിനെ ജീവനോടെ തിന്നുന്ന കാഴ്ച്ച കാണുവാനിടയായി.വാഹനം നിര്‍ത്തി അല്‍പ്പനേരം ആ കാഴ്ച്ച കണ്ടു. തുടര്‍ന്നു മുന്‍പോട്ടുള്ള യാത്രയില്‍ ഹനുമാൻ കുരങ്ങുകൾ, അപൂര്‍വ്വമായി മാത്രം കാണുവാൻ കഴിയുന്ന കുരക്കും മാൻ അഥവാ മുന്‍ര്‍ജാക്, കലമാൻ തുടങ്ങിയവയേയും കണ്ടു. ജനുവരി മാസമായതേയുള്ളുവെങ്കിലും  കാട് മൊത്തത്തിൽ ഉണങ്ങി തുടങ്ങിയിരിക്കുന്നു.


കാട്ടുപോത്തിന്റെ തലയോട്ടി...

 ഹനുമാൻ കുരങ്ങ്

   വാഹനത്തിലിരുന്നുള്ള കാടുകാഴ്ച്ച സുഖപ്രദമാണെങ്കിലും, കാല്‍നടയായി കാടിനെ അനുഭവിച്ചറിയുന്ന ട്രെക്കിങ്ങിന്‍െ സാഹസികത നല്‍കുവാന്‍ ഇതിനു കഴിയില്ല. ജീപ്പിലിരുന്നു കാടുകാണുന്ന സഫാരി കൂടുതല്‍ യാന്ത്രികമാണ്‌. തോൽപെട്ടിയിൽ ഒരു വർഷം മുൻപുവരെ ട്രെക്കിങ്ങ് സജീവമായിരുന്നു. എന്നാൽ കാട്ടാനകളുടെ ആക്രമണം കൂടിയതോടെ നിർത്തുകയാണുണ്ടായത്.

   ഏകദേശം 11 കഴിഞ്ഞതോടെ സഫാരി അവസാനിച്ചു. തോല്‍പ്പെട്ടിയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. പോകും വഴി, മാനന്തവാടിയിലെ പഴശ്ശികുടീരവും സന്ദര്‍ശിച്ചു. ബ്രിട്ടീഷുകാരുമായി പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജാവിന്റെ കുടീരത്തോടൊപ്പം വയനാടിന്റെ ചരിത്രവും പാരബര്യവും പറഞ്ഞുതരുന്ന പുരാവസ്തുപ്രദര്‍ശനവും കാണുവാന്‍ കഴിയും.


    കബനി നദി, ജൈന ക്ഷേത്രങ്ങള്‍ തുടങ്ങിയ കാഴ്ച്ചകളിലൂടെ ഞങ്ങള്‍ വയനാടിനോടു വിട പറഞ്ഞു. തിരിച്ചുള്ള മലയിറക്കത്തില്‍, താമരശ്ശേരി ചുരം എറണാകുളം സിറ്റിയെക്കാളും തിരക്കുനിറഞ്ഞ അവസ്ഥയിലായിരുന്നു. ഉച്ചകഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ അടിവാരത്ത്‌ എത്തി. ഉച്ചഭക്ഷണത്തിനു ശേഷം, വന്ന വഴിയിലൂടെ മടക്കയാത്ര തുടര്‍ന്നു.

   വ്യത്യസ്തരായ ആളുകളേയും സംസ്‌കാരങ്ങളേയും താണ്ടിയുള്ള ഒരു യാത്ര, പ്രകൃതിയും മനുഷ്യനും തമ്മില്‍ സ്‌നേഹിച്ചും കലഹിച്ചും കഴിയുന്ന അത്ഭുത ലോകത്തില്‍ ചിലവഴിച്ച ഏതാനം ദിവസങ്ങള്‍, ഇവയെല്ലാം ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിക്കഴിഞ്ഞിരുന്നു.

                                                                                                                  ( അവസാനിച്ചു )



No comments:

Post a Comment