27 Feb 2014

ശ്രേഷ്'ട' ഭാഷ മലയാളം




   മു'ഘ'പടത്തെ അനുവ'തി'പ്പിച്ചു, അനാ'ധ'മാക്കി മുന്നേറുന്നു ശ്രേഷ്'ട' ഭാഷയായ മലയാളം. കേരളത്തിന്റെ രാഷ്ടീയ-വിദ്യാഭ്യാസ-കലാ രംഗങ്ങളിലെ
മലയാളഭാഷയുടെ ഇന്നത്തെ ഗതിയാണ് ഈ ചിത്രങ്ങള്‍ കാട്ടിത്തരുന്നത്. മലയാളി മലയാളം മറക്കുന്നതു മാത്രമല്ല ഇതിനു കാരണം, മാറുന്ന സാങ്കേതികവിദ്യക്കൊപ്പം കമ്പ്യൂട്ടിങ് രംഗത്ത് കിടപിടിക്കുവാന്‍ ഭാഷയ്ക്കു കഴിയുന്നില്ല എന്നതും കൂടിയാണ്.

   കഴിഞ്ഞ വര്‍ഷമാണ് മലയാള ഭാഷയ്ക്കു ശ്രേഷ്ഠഭാഷാ പദവി കൈ വന്നത്. ഇതിന്റെ പേരില്‍ നല്ലൊരു തുകയും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. എന്നാല്‍ കമ്പ്യൂട്ടിങ് രംഗത്ത് മലയാള ഭാഷയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല. അതേ സമയം ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗൂഗിളിന്റെ പിന്‍തുണയോടെ മൊബൈല്‍, കമ്പ്യൂട്ടര്‍ പ്ലാറ്റ് ഫോമുകളില്‍ മലയാളഭാഷയെ മികവുറ്റതാക്കുവാന്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ ധനസഹായവും നല്‍കുന്നു. ഇതുപോലെ പ്രവര്‍ത്തിക്കുന്ന വേറെയും സംഘടനകള്‍ കേരളത്തിലുണ്ട്. കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തേണ്ട കാര്യങ്ങളാണ് വിദേശ കമ്പനികളും സ്വതത്ര സംഘടനകളും ചെയ്തുവരുന്നതെന്നത് ലജ്ജാകരമായ ഒരു കാര്യമാണ്.

   മാറുന്ന സാങ്കേതിക വിദ്യക്കനുസരിച്ചു ഭാഷയും തയ്യാറാവേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ ടൈപ്പിങ്ങിലും ഫോണ്ടുകളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം മാറുന്ന സാങ്കേതികതയ്ക്കു മുന്നില്‍ ഇതുപോലെ കോമാളിയായി നില്‍ക്കേണ്ടി വരും മലയാളത്തിന്.


25 Feb 2014

കർഷകനോടൊപ്പം..... ( ആറാം ഭാഗം )


ദിവസം - 104
തീയതി - ഫെബ്രു. 2 , 2014


      കൊയ്യ്ത്തിനെ വരവേല്‍ക്കുവാനായി പച്ചപുതപ്പു വകഞ്ഞു മാറ്റി, സ്വര്‍ണാഭരണ വിഭൂഷയായി പാടശേഖരങ്ങള്‍. ഈ സ്വര്‍ണപ്രഭയില്‍ മണ്ണും മനസ്സും ഒരുപോലെ തിളങ്ങി.

      പച്ചയില്‍ നിന്നും മഞ്ഞയിലേക്കും പിന്നീട് സ്വര്‍ണ നിറത്തിലേയ്ക്കുമാണ് നെല്‍ ചെടിയുടെ മാറ്റം. കൊയ്ത്തിനു തയ്യാറായി എന്നാണ് സ്വര്‍ണ നിറം സൂചിപ്പിക്കുന്നത്.


      വരുന്ന ആഴ്ച്ചയോടെ കൊയ്ത്തുപണികള്‍ ആരംഭിക്കുവാന്‍ ഗ്രാമത്തിലെ കര്‍ഷകര്‍ തീരുമാനിച്ചു. അതിനായി കടപ്ലാമറ്റം കൃഷി ഭവന്‍ മുഖാന്തരം ജില്ലാപഞ്ചായത്തു വഴി കൊയ്ത്തു-മെതി യന്ത്രം മുന്‍കൂട്ടി ഇടപാടു ചെയ്തു. അന്‍പതേക്കറോളം പാടങ്ങളാണു കൊയ്യാന്‍ തയ്യാറായി നില്‍ക്കുന്നത്.

      വിളവെടുപ്പ് ഉത്സവത്തിനു സാക്ഷ്യം വഹിക്കുവാനായി ഗ്രാമത്തോടൊപ്പം ഞാനും തയ്യാറായി......

 

 






THOUGHT PROVOKING 'HIGHWAY' ...



  Story of a girl ( Alia Bhatt ) from a rich family residing in Delhi, who got accidently kidnapped by a group of gangsters, a day before her marriage. Her fear of bondage gradually turns in to a feeling of freedom. She feels more safe with the main abductor Mahavir Bhati ( Randeep Hooda ), than with her family. Rest of the journey forms the movie 'Highway'.

   'Highway' is a woman oriented subject which reveals the fake face of present society. It is a proclamation of the fact that, even in rich & well educated families, woman is not safe. She is tortured in different ways inside her family itself. "How she will get protection outside, when situation is more severe inside?" is the question that is asked by this movie. 'Highway' never tries to protest against what had happened. It analyses the reason behind all these issues. It shows how men and women are interconnected, how they can provide a feeling of safety and affection between each other.

   Without adding any glamorous scenes, Director Imtiaz Ali had shown 100% loyalty to the subject. Sensible and intense love is conveyed to the audience without adding any romantic songs or scenes. New Delhi is recently known for her protest against Delhi gang rape, which becomes the place for kidnap in this movie.
   Background music is rarely used while sound design by Rasool Pookutty make scene's more enjoyable without music. Shimla valley scene is one which sounds more natural and best without background score.
   Sometimes it is felt that ‘Highway’ is riding through the same old path as ‘Rockstar’ and ‘Jab we met’ did. Also the story line brings many situations which are against logic. But still all these things found negligible when we considered the positive sides of the movie. 

FINAL WORD : A MUST WATCH !


സമൂഹത്തെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന 'ഹൈവേ' ....

  ഡല്‍ഹിയില്‍ ഒരു ധനിക കുടുംബത്തിലെ പെണ്‍കുട്ടിയെ ( ആലിയ ഭട്ട് ) അവളുടെ കല്യാണ തലേന്ന് രാത്രി ഒരു പറ്റം കൊള്ളക്കാർ തട്ടികൊണ്ടുപോകുന്നു. തടവിൽ കഴിയുന്ന അവള്‍ക്കു എന്നാൽ തുടര്‍ന്നുള്ള യാത്ര കൂടുതല്‍ സുരക്ഷിതത്വമാണ് പ്രദാനം ചെയ്യുന്നത്. ക്രിമിനല്‍ എന്നു സമൂഹം മുദ്രകുത്തിയ മഹാവീര്‍ (രണ്‍്ദീപ് ഹൂട) അവളുടെ സ്ത്രീത്വത്തിന്റെ സംരക്ഷകനായി മാറുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് 'ഹൈവേ' എന്ന ചിത്രം.

   സ്ത്രീയെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന കഥ, സമൂഹത്തിലെ കപട സദാചാരങ്ങളെ തുറന്നു കാട്ടുന്നു. വിദ്യാഭ്യാസവും സമ്പത്തും നിറഞ്ഞ കുടുംബങ്ങളില്‍ പോലും സ്ത്രീ സുരക്ഷിതയല്ല, സ്വന്തം വീടുകളില്‍ തന്നെ അവള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഈയൊരവസ്ഥയില്‍ വീടിന്റെ പുറത്ത് അവള്‍ക്കു സുരക്ഷിതത്വം വേണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥം - 'ഹൈവേ' ഉന്നയിക്കുന്ന ചോദ്യം ഇതാണ്‌.

   സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരേ ഏറ്റവുമധികം പ്രതിഷേധിച്ച നഗരമെന്ന നിലയ്ക്കാവാം ഡല്‍ഹി തട്ടിക്കൊണ്ടുപോകല്‍ നടക്കുന്ന സ്ഥലമായി തിരഞ്ഞെടുത്തത്. ഗ്ലാമറിന്റെ ഒരംശം പോലും ചേര്‍ക്കാതെ, വിഷയത്തോടു നൂറുശതമാനവും നീതി പുലര്‍ത്തി സംവിധായകന്‍ ഇംതിയാസ് അലി. അതോടൊപ്പം റൊമാന്റിക്ക് രംഗങ്ങളൊന്നും കൂടാതെ തീവ്രമായ പ്രണയവും സംവിധായകന്‍ അവതരിപ്പിക്കുന്നു. സംഭവിച്ചതിനെതിരേയുള്ള ഒരു പ്രതിഷേധമല്ല, മറിച്ച് എന്തുകൊണ്ടിങ്ങനെയൊക്കെ സംഭവിക്കുന്നു എന്നതിന്റെ ഒരവലോകനമാണ് ഈ ചിത്രം. എക്കാലത്തും സ്ത്രീയ്ക്കു പുരുഷന്റെ സംരക്ഷണവും പുരുഷനു സ്ത്രീയുടെ വാത്സല്യവും ആവശ്യമായ ഒന്നാണെന്നും, അതിലൂടെ സ്ത്രീപുരുഷബന്ധം എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ചിത്രം പറഞ്ഞുതരുന്നു.

    പശ്ചാത്തല സംഗീതം വളരെ കുറച്ചേ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളുവെങ്കിലും റസൂല്‍ പൂക്കുട്ടിയുടെ പശ്ചാത്തല ശബ്ദം ഈ കുറവിനെ ഇല്ലാതാക്കുന്നു. ഷിംല താഴ്‌വരയിലെ രംഗങ്ങള്‍ ശബ്ദരൂപകല്‍പ്പനയിലൂടെ മികച്ച ഒരനുഭവമാക്കി മാറ്റി അദ്ദേഹം.

   യുക്തിക്കു നിരക്കാത്ത പല സന്ധര്‍ഭങ്ങളും കഥയിലുടനീളം കാണുവാന്‍ സാധിക്കുമ്പോഴും കഥയുടെ ഉദ്ദേശശുദ്ധി ഈ പ്രശ്‌നങ്ങളെ മറികടക്കും. ബോളിവുഡിലെ നായികമാരുടെ സ്ഥിരം സ്വഭാവങ്ങളും ആലിയ ഭട്ടിന്റെ 'വീര'യിൽ കാണുവാന്‍ സാധിക്കും. ഇംതിയാസ് അലിയുടെ മുന്‍ ചിത്രങ്ങളായ ജബ് വി മെറ്റ്, റോക്ക്‌സ്റ്റാര്‍ എന്നിവ സഞ്ചരിച്ച, ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള  അതേ വഴികളിലൂടെയാണ് ഹൈവേയും സഞ്ചരിച്ചിരിക്കുന്നത് എന്നത് കൗതുകകരമായ മറ്റൊരു കാര്യമാണ്.



അവസാന വാക്ക്‌ : തീര്‍ച്ചയായും കണ്ടിരിക്കേണ്ട, സാമൂഹിക പ്രസക്തിയുള്ള
 ചിത്രം
!


16 Feb 2014

ദൈവത്തിന്റെ വിരല്‍പ്പാടു"കൾ"


   പണ്ട് ചോറ്റാനിക്കര മകംതൊഴലിന് എടുത്ത ചിത്രത്തിലെ   സ്ത്രീയെ  എട്ടുവര്‍ഷത്തിനുശേഷം  വീണ്ടും അതേ  സ്ഥലത്ത് അവിചാരിതമായി കണ്ടതും, ഫോട്ടോ എടുത്തു കഴിഞ്ഞയുടനെ അവരെ കാണാതാവുകയും ചെയ്ത സന്ദർഭം ഇന്ന് (ഫെബ്രു.16) രാവിലെ  മാതൃഭൂമിയിൽ കണ്ടു. ഫോട്ടോഗ്രാഫർ ബി. മുരളികൃഷ്ണനാണ് ഈ അസുലഭ മുഹൂർത്തം ലഭിച്ചത്.

    എന്നാൽ  ഹിന്ദുവിലെ തുളസി കാക്കാടിനും മനോരമയിലെ റോബർട്ട്‌ വിനോദിനും കേരള കൗമുദിയിലെ പേരില്ലാത്ത ഫോട്ടോഗ്രാഫർക്കും  "നിമിഷനേരം കൊണ്ട് ആള്‍ക്കൂട്ടത്തിലെവിടെയോ അലിഞ്ഞുപോയ" അതേ സ്ത്രീയെ തന്നെയാണ് ഫ്രെയിമിൽ കിട്ടിയത്.


"ആകസ്മികമായ ഈ ദൈവത്തിന്റെ വിരല്‍പ്പാടു" ഒരേ സമയം ഇത്രയധികം ഫോട്ടോഗ്രാഫർമാർക്കുണ്ടായതാണ് ഏറ്റവും വലിയ അത്ഭുതമായി എനിക്ക് തോന്നിയത്.

9 Feb 2014

മോട്ടോർ സൈക്കിൾ ഡയറീസ് - വയനാട് (അവസാന ഭാഗം)

  വെളുപ്പിനെ 7 മണിക്ക് ഞങ്ങൾ തിരുനെല്ലിയോടു യാത്ര പറഞ്ഞു. തോൽപ്പെട്ടിയിലേക്കുള്ള വഴിയും വനത്തിലൂടെയാണ്. പുലർമഞ്ഞിൽ മുങ്ങിയ കാട് മനോഹരമായ ഒരു കാഴ്ചയാണ്, എന്നാൽ അതുപോലെ തന്നെ അപകടകരവും. കാരണം മഞ്ഞുമൂടിയ, വളവുകളും തിരിവുകളും ധാരാളമുള്ള വഴിയിൽ ആനയോ മറ്റു മൃഗങ്ങളോ വന്നുനിന്നാൽ പെട്ടന്നറിയില്ല. ഏതായാലും രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ യാത്ര ആരംഭിച്ചു. പ്രശ്‌നങ്ങളൊന്നും കൂടാതെ തോല്‍പ്പെട്ടിയില്‍ എത്തി. യാത്രാ മദ്ധ്യേ,കാട്ടിലൂടെ ഓടി മറയുന്ന മാൻകൂട്ടത്തെ കാണുവാനും സാധിച്ചു.


   തൊൽപ്പെട്ടിയിൽ ജീപ്പ് സഫാരിയാണുള്ളത്. 275 രൂപാ ഫോറെസ്റ്റ് വകുപ്പിനും 500 രൂപാ ജീപ്പ് ഡ്രൈവറിനും, അതാണ്‌ ഫീസ്‌. ഒരു മണിക്കൂറോളം വരുന്ന സഫാരിയിൽ തോല്പ്പെട്ടി വന്യജീവി സങ്കേതത്തിലൂടെ 20 കിലോമീറ്റർ യാത്ര ചെയ്യാം.
സഫാരിക്ക്‌ മുന്പായി ഒരു ചൂട് ചായ!


   10 മണിയോടെ ഞങ്ങള്‍ സഫാരി ആരംഭിച്ചു. ഏതാനം ദൂരം കടന്നപ്പോൾ 3 ചെന്നായ്ക്കൾ ചേർന്ന് ഒരു മാനിനെ ജീവനോടെ തിന്നുന്ന കാഴ്ച്ച കാണുവാനിടയായി.വാഹനം നിര്‍ത്തി അല്‍പ്പനേരം ആ കാഴ്ച്ച കണ്ടു. തുടര്‍ന്നു മുന്‍പോട്ടുള്ള യാത്രയില്‍ ഹനുമാൻ കുരങ്ങുകൾ, അപൂര്‍വ്വമായി മാത്രം കാണുവാൻ കഴിയുന്ന കുരക്കും മാൻ അഥവാ മുന്‍ര്‍ജാക്, കലമാൻ തുടങ്ങിയവയേയും കണ്ടു. ജനുവരി മാസമായതേയുള്ളുവെങ്കിലും  കാട് മൊത്തത്തിൽ ഉണങ്ങി തുടങ്ങിയിരിക്കുന്നു.


കാട്ടുപോത്തിന്റെ തലയോട്ടി...

 ഹനുമാൻ കുരങ്ങ്

   വാഹനത്തിലിരുന്നുള്ള കാടുകാഴ്ച്ച സുഖപ്രദമാണെങ്കിലും, കാല്‍നടയായി കാടിനെ അനുഭവിച്ചറിയുന്ന ട്രെക്കിങ്ങിന്‍െ സാഹസികത നല്‍കുവാന്‍ ഇതിനു കഴിയില്ല. ജീപ്പിലിരുന്നു കാടുകാണുന്ന സഫാരി കൂടുതല്‍ യാന്ത്രികമാണ്‌. തോൽപെട്ടിയിൽ ഒരു വർഷം മുൻപുവരെ ട്രെക്കിങ്ങ് സജീവമായിരുന്നു. എന്നാൽ കാട്ടാനകളുടെ ആക്രമണം കൂടിയതോടെ നിർത്തുകയാണുണ്ടായത്.

   ഏകദേശം 11 കഴിഞ്ഞതോടെ സഫാരി അവസാനിച്ചു. തോല്‍പ്പെട്ടിയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. പോകും വഴി, മാനന്തവാടിയിലെ പഴശ്ശികുടീരവും സന്ദര്‍ശിച്ചു. ബ്രിട്ടീഷുകാരുമായി പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജാവിന്റെ കുടീരത്തോടൊപ്പം വയനാടിന്റെ ചരിത്രവും പാരബര്യവും പറഞ്ഞുതരുന്ന പുരാവസ്തുപ്രദര്‍ശനവും കാണുവാന്‍ കഴിയും.


    കബനി നദി, ജൈന ക്ഷേത്രങ്ങള്‍ തുടങ്ങിയ കാഴ്ച്ചകളിലൂടെ ഞങ്ങള്‍ വയനാടിനോടു വിട പറഞ്ഞു. തിരിച്ചുള്ള മലയിറക്കത്തില്‍, താമരശ്ശേരി ചുരം എറണാകുളം സിറ്റിയെക്കാളും തിരക്കുനിറഞ്ഞ അവസ്ഥയിലായിരുന്നു. ഉച്ചകഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ അടിവാരത്ത്‌ എത്തി. ഉച്ചഭക്ഷണത്തിനു ശേഷം, വന്ന വഴിയിലൂടെ മടക്കയാത്ര തുടര്‍ന്നു.

   വ്യത്യസ്തരായ ആളുകളേയും സംസ്‌കാരങ്ങളേയും താണ്ടിയുള്ള ഒരു യാത്ര, പ്രകൃതിയും മനുഷ്യനും തമ്മില്‍ സ്‌നേഹിച്ചും കലഹിച്ചും കഴിയുന്ന അത്ഭുത ലോകത്തില്‍ ചിലവഴിച്ച ഏതാനം ദിവസങ്ങള്‍, ഇവയെല്ലാം ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിക്കഴിഞ്ഞിരുന്നു.

                                                                                                                  ( അവസാനിച്ചു )



ഓം ശാന്തി ഓശാന

  നേരം, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളുടെ മാതൃകയില്‍ കഥയെ ആഖ്യാനം ചെയ്യുന്ന ഈ 'ന്യൂ ജനറേഷന്‍' ചിത്രം, എന്നാല്‍ ഭൂരിഭാഗത്തും അരോചകവും കോപ്രായവുമായി മാറുന്നു. ഒരു നേരമ്പോക്ക് ചിത്രം എന്ന നിലയില്‍ പോലും ശരാശരിക്കും താഴെയാണ് 'ഓം ശാന്തി ഓശാന''.

  എടുത്തു പറയേണ്ട ഒരു കാര്യം സാധാരണ പൈങ്കിളി ചിത്രങ്ങളില്‍ കാണാറുള്ളതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥയുടെ പുരോഗമനം എന്നതാണ്. പെണ്ണുകാണല്‍ പോലെ ഒരു 'പുരുഷന്‍കാണല്‍' വരെ ചിത്രത്തില്‍ ഭാവന ചെയ്യപ്പെടുന്നു.

  2000ത്തിന്റെ ആദ്യം നടക്കുന്ന കഥയെ നിറം, കഹോന പ്യാര്‍ ഹെ, ദില്‍ ചാഹ്താ തുടങ്ങിയ അക്കാലത്തെ പ്രശസ്ത സിനിമകളിലൂടെയും (ദ്രശ്യത്തില്‍ അവതരിപ്പിച്ചതു പോലെ ), ടെലിവിഷനിലെ ദൂരദര്‍ശന്‍ യുഗത്തിലൂടെയും, നോക്കിയ 3311 ഫോണിലൂടെയും, ഹീറോ ഹോണ്ട ബൈക്കിലൂടെയും മറ്റുമാണ് അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഈ പറഞ്ഞ സാധനങ്ങളല്ലാതെ മറ്റൊന്നും കഥയുടെ കാലത്തോട് നീതി പുലര്‍ത്തുന്നുമില്ല. അമിതമായി വ്യത്യസ്ഥത കാണിക്കുവാന്‍ ശ്രമിച്ചതിലൂടെ, അടിസ്ഥാനപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. മദ്ധ്യ കേരളത്തില്‍ താമസിക്കുന്ന നായകന്‍ തന്റെ അമ്മയെ ചെറിയൊരു അസുഖത്തിന്റെ പേരില്‍ കോഴിക്കോടു മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങള്‍ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നവയുമാണ്. ഹെല്‍മറ്റ് ഇല്ലാതെ ചിത്രത്തിലുടനീളം കറങ്ങിനടക്കുന്ന നായകന്‍, ഒരുപക്ഷേ സിനിമയിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയ ഋഷിരാജ് സിംങിനുള്ള ഒരു മറുപടിയായി കണക്കാക്കാം.

  സ്ഥിരം ഭാവങ്ങളും അതോടൊപ്പം ഒന്നും കാര്യമായി അവകാശപ്പെടുവാനില്ലാത്ത അഭിനയവും നസ്‌റിയ കാഴ്ച്ച വെച്ചപ്പോള്‍, പക്വത നിറഞ്ഞ അഭിനയത്തിലൂടെ നിവിന്‍ പോളി ഭാവി മുന്‍നിരത്താരം എന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അടുത്തയിടെ മലയാളത്തില്‍ കണ്ടു തുടങ്ങിയ ചില ശൈലികളുടെ, ആവര്‍ത്തന വിരസത നിറഞ്ഞ അനുകരണമാണ് ജൂഡ് ആന്റണി എന്ന സംവിധായകന്റെ ഏറ്റവും വലിയ പോരായ്മയായി കാണുവാന്‍ സാധിക്കുന്നത്.

5 Feb 2014

കർഷകനോടൊപ്പം..... ( അഞ്ചാം ഭാഗം )

ദിവസം - 61
തീയതി - ഡിസം.21 , 2013 


മാറിയിടം ഗ്രാമത്തിലെ നെൽപ്പാടങ്ങളെല്ലാം പച്ച പുതച്ചു കഴിഞ്ഞു. കാറ്റത്ത്‌ പാറിപ്പറക്കുന്ന നെൽച്ചെടികളുടെ മുകളിലൂടെ കൊക്കുകൾ പാറിപറന്നു നടക്കുന്നു. ആഞ്ഞടിക്കുന്ന കാറ്റത്ത്‌ നെൽചെടിയുടേയും ചേറിന്റെയും  ഒത്തുചേർന്നുള്ള ഒരു പ്രത്യേക മണം. ഗ്രാമാന്താരീക്ഷത്തിൽ ജീവിച്ച ഏതൊരാൾക്കും 'നൊസ്റ്റാൾജിയ'യാണിത്.
 
പതിമൂന്നാം ദിവസത്തെ വളമിടലിനു ശേഷം അടുത്ത മുപ്പതാം ദിവസമാണ് രണ്ടാം ഘട്ട വളമിടല്‍. എന്നാല്‍ വളര്‍ച്ച നല്ല രീതിയിലായിരുന്നതിനാല്‍ വളമിടലിന്റെ  ആവശ്യം വന്നില്ല. തോട്ടില്‍ നിന്നും കയറ്റിവിടുന്ന വെള്ളത്തിലടങ്ങിയിരിക്കുന്ന എക്കല്‍ നിക്ഷേപം ജൈവവളമായി പ്രയോജനം ചെയ്തതിനാലാവാം ഇത്.

മൂന്നാം ഘട്ട വളമിടല്‍ ഇന്നാണ് ആരംഭിച്ചത്. പൊട്ടാഷ് 50 കിലോ, യൂറിയ 10 കിലോ വേപ്പിന്‍ പിണ്ണാക്ക് 5 കിലോ, എന്നിങ്ങനെയാണ് മിശ്രിതം. 12 മണിക്കൂര്‍ വെച്ചതിനുശേഷം വളമിടല്‍ ആരംഭിച്ചു. ഒരുമണിക്കൂര്‍ കൊണ്ട് ഒരേക്കറോളം നിലത്ത് വളമിടല്‍ നടത്തി.  

                                                                                                                                      ( തുടരും ...)

2 Feb 2014

കോട്ടയം നഗരത്തിൽ കണ്ടൈനർ ലോറി ആക്സിടൻറ്‌

കോട്ടയം:  നഗരത്തെ വിറപ്പിച്ചുകൊണ്ട് രാത്രി 9.30 നു ഓടിക്കൊണ്ടിരുന്ന ലോറിക്കു തീ പിടുത്തം. എം ആർ എഫ് ടയർ കമ്പനിയുടെ ലോടുമായി പോവുകയായിരുന്ന ട്രക്കിനാണ് തീ പിടുത്തം ഉണ്ടായത്. ബേക്കർ ജംഗ്ക്ഷനിൽ  നിന്നും എം സി റോഡിലൂടെ നാഗമ്പടം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം അക്സിസ് ബാങ്കിനോട് ചേർന്നുള്ള വഴിയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. എം ആർ എഫിന്റെ ട്രാക്ക്ട്ടർ, ട്രക്ക് ടയറുകളായിരുന്നു കണ്ടൈനറിൽ. നാട്ടുകാരുടെയും ഫയർ ഫോർസ്-പോലീസിന്റെയും പരിശ്രമത്തോടെ തീ അണക്കുകയായിരുന്നു. വണ്ടിയിൽ നിന്നും പകുതിയോളം ടയറുകൾ നാട്ടുകാരുൾപ്പടെയുള്ള രക്ഷാപ്രവർത്തകർ നീക്കിയത് വലിയ ദുരന്തം ഒഴിവാക്കുവാൻ സഹായകരമായി.