20 Jan 2014

മോട്ടോർ സൈക്കിൾ ഡയറീസ് - വയനാട് (ഒന്നാം ഭാഗം)

      കോട്ടയത്ത്‌ നിന്നും വയനാടിന്റെ കർണാടക അതിർത്തിയായ തിരുനെല്ലി, തോൽപെട്ടി എന്നിവിടങ്ങളിലേക്കൊരു ബൈക്ക് യാത്ര. കേൾക്കുമ്പോൾ സ്വല്പ്പം ബുദ്ധിമുട്ടായിട്ടു തോന്നാം. കുറച്ചു  ബുദ്ധിമുട്ടുണ്ടെങ്കിലും കേരളത്തിലെ പകുതി ജില്ലകളിലൂടെയും കടന്നുപോകുന്ന ഈയൊരു യാത്ര ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

      വെളുപ്പിനെ നാലുമണിയോടെ കോട്ടയത്തു നിന്നും യാത്ര ആരംഭിച്ചു. എറണാകുളവും തൃശ്ശൂരും  പാലക്കാടും കടന്ന്, അത്ര പരിചിതമല്ലാത്ത മലബാറിലേക്ക് പ്രവേശിച്ചു.  മലപ്പുറംകാരുടെ ജീവിതത്തിനെ കാൽപ്പന്തുകളി എത്രത്തോളം സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കിത്തരുന്ന പല കാര്യങ്ങളും വഴിയിൽ കാണുവാൻ കഴിഞ്ഞു. രാഷ്ട്രീയ പരസ്യങ്ങൾ മുതൽ കവലകളിലെ വാതുവെപ്പുമത്സരങ്ങൾ വരെ ഫുട്ബോളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

രാഷ്ടീയത്തിലും ഫുട്ബോൾ












     തുടർന്നു ഉച്ചയോടുകൂടി കോഴിക്കോട് താമരശ്ശേരി ചുരത്തിലെത്തി. 9 ഹെയർ പിൻ വളവുകളുള്ള ഭീമാകാരനായ ഈ ചുരത്തിലൂടെയുള്ള  മലകയറ്റമാണ് പിന്നീടങ്ങോട്ടു. ചുരം കയറി ചെന്നെത്തുന്നത് വയനാട്‌ ചെക്ക്‌പോസ്റ്റിലേക്കാണ്.

താമരശ്ശേരി ചുരം

  കൽപറ്റയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം മാനന്തവാടി, അവിടെനിന്ന് തിരുനെല്ലി. വയനാട്‌ വന്യജീവി സങ്കേതത്തിലൂടെ 21 കിലോ മീറ്റർ യാത്രചെയ്തു വേണം തിരുനെല്ലി ക്ഷേത്രത്തിലെത്തുവാൻ. അതിനാൽ ഇരുട്ട് വീഴുന്നതിനു മുൻപേ ഈ വഴി കടക്കണം. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ പറയാം, ആനയോ മറ്റു മൃഗങ്ങളേയോ ഒന്നും  വഴിയിൽ കണ്ടില്ല.വഴിയിൽ അവിടെയിവിടെയായി ആനത്താരകൾ കാണാം.

സഹചാരി മഹേഷിനൊപ്പം
തിരുനെല്ലിയിലേക്കുള്ള കാനന യാത്ര

  വൈകുന്നേരം 4 മണിയോട് കൂടി ക്ഷേത്രത്തിലെത്തി. കാടാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പരിസരത്തായി കുറച്ചുകടകളും ഹോം സ്റ്റേകളും ആദിവാസി കുടുംബങ്ങളും മാത്രമാണുള്ളത്. ദേവസ്വം ലോഡ്ജിലാണ് മുറി ബുക്ക്‌ ചെയ്തിരുന്നത്. വൈകുന്നേരം ക്ഷേത്ര സന്ദർശനവും മറ്റുമായി കടന്നു പോയി.

                                                                                                         


   തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലയിലൂടെയുള്ള ട്രക്കിംങ്ങാണ് ഇന്നത്തെ പരിപാടി. കർണാടകയും വയനാടും തമ്മിലുള്ള അതിർത്തിയാണ് ഈ മല. സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിലുള്ള ഈ മല കാടും വന്യജീവികളും നിറഞ്ഞതാണ്‌. തൊട്ടടുത്തായിതന്നെ 1700 മീറ്റർ ഉയരത്തിൽ  പക്ഷിപ്പതാളം സ്ഥിതി ചെയ്യുന്നുവെങ്കിലും മാവോയിസ്റ്റ് കടന്നുകയറ്റം സംശയിച്ചു നിലവിൽ  അവിടെ ട്രക്കിംഗ് നിരോധിച്ചിരിക്കുകയാണ്.


   വയനാടിന്റെ പല മേഘലകളിലും മാവോയിസ്റ്റുകളുടെ നിരന്തരമായിട്ടുള്ള ഇടപെടലുകൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മാനന്തവാടിയിലെ ചൂരണിയിൽ ലഘുലേഖ വിതരണം ക്വാറി ആക്രമണം തുടങ്ങിയവയും അടുത്തയിടെ ഉണ്ടായതാണ്. ഇതിനാലൊക്കെ ഒട്ടുമിക്ക പൊതുപ്രദേശങ്ങളിലും പ്രധാന നേതാക്കൾക്കായുള്ള ലുക്ക്‌ ഔട്ട്‌ നോട്ടീസ്  പതിപ്പിച്ചിട്ടുണ്ട്.

   തിരുനെല്ലി ഐ ബി ഓഫീസിൽ നിന്നും രാവിലെ 8 മണിയോടുകൂടി ട്രക്കിംഗ് ആരംഭിച്ചു. 5 പേർക്ക് 1500 രൂപാ എന്നതാണ് പാക്കേജ്. ഞങ്ങൾ 3 പേർ മാത്രമേ ഉണ്ടായിരിന്നുവെങ്കിലും മുഴുവൻ തുകയും അടയ്ക്കേണ്ടി വന്നു.  സമീപവാസിയായ മോഹനനാണു ഗൈഡ്. കുറുമർ എന്ന ആദിവാസി വിഭാഗത്തിൽപെട്ടയാളാണ് മോഹനൻ. കഴിഞ്ഞ 12 വർഷമായി ഈ തൊഴിൽ ചെയ്യ്തു വരുന്നു.


കാടിന്റെ കഥകൾ പറഞ്ഞു തരുന്ന മോഹനൻ

വാച് ടവർ
  മൊത്തം 12 കിലോമീറ്റർ ഉണ്ട് ട്രക്കിംഗ്. കുത്തനെയുള്ള മലകയറ്റമാണ് ആദ്യത്തെ പകുതിയോളം ദൂരം. ഈ കയറ്റത്തിനിടക്കാണ് ഫോറെസ്റ്റ് വാച് ടവർ. നല്ല ഉയരത്തിൽ സ്ഥിതി ചെയുന്ന ഈ ടവറിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ശിരോഭ്രമണാവസ്ഥ അനുഭവപ്പെടും. ടവറിനും ഇരട്ടി ഉയരത്തിലാണ് ബ്രഹ്മഗിരി മല. കായികാധ്വാനം വളരെയധികം വേണ്ടിവരുന്ന ഒരു പ്രവർത്തിയാണ് ഈ മലകയറ്റം. അത്യാവശ്യം കുടവയറുള്ള ഞാൻ വളരെ വളരെ കഷ്ട്ടപെട്ടാണ് മുകളിലെത്തിയത്. വെള്ളവും ബിസ്കറ്റും ആവശ്യത്തിനു കൊണ്ടുപോയതുകൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ പകുതിവഴിയിൽ ഞാൻ വീണുപോയേനെ.

ടവറിൽ നിന്നുമുള്ള കാഴ്ച
  ബ്രഹ്മഗിരിയുടെ മുകളിലെത്തിയപ്പോൾ സ്വർഗം കിട്ടിയ അനുഭൂതി. കർണാടക അതിർത്തിയിലെ ഫയർ ലൈൻ പോകുന്നത് ഇതുവഴിയാണ്. അതിർത്തിയിൽ നിന്നും വരുന്ന കാട്ടുതീ തടയാനാണ് ഫയർ ലൈൻ ഉണ്ടാക്കിയിടുന്നത്. എന്നാൽ കർണാടകക്കാർ ഇതൊന്നും ചെയ്യാറില്ല. വനനിയമങ്ങളുടെ നിഷ്കർഷതയിലും പരിപാലനത്തിലും കേരളത്തെ അപേക്ഷിച്ച് അവർ വളരെ പിന്നിലാണ്.
മലമുകളിലെ വിശ്രമം

   കുറച്ചുനേരം അവിടെയിരുന്നു വിശ്രമിച്ചതിനു ശേഷം മലയുടെ അപ്പുറത്തെ വശത്തേക്ക് ഇറങ്ങിതുടങ്ങി. ആദ്യം എളുപ്പമെന്നു തോന്നിയെങ്കിലും കയറ്റത്തെക്കാളും ബുദ്ധിമുട്ടേറിയതാണ് കുത്തനെയുള്ള ഇറക്കമെന്നു താമസിയാതെ മനസിലായി. എന്നാൽ കുറച്ചുമുന്പായി ആന ഈ ഇറക്കത്തിലൂടെ പോയിരുന്നതായി മോഹനൻ കണ്ടുപിടിച്ചു. ആന എങ്ങനെ ഇതുവഴി പോയി എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഉടനെ ആനയെ കാണാം എന്ന പ്രതീക്ഷയിൽ ഞാൻ ജാഗരൂകനായി മുൻപോട്ടു നീങ്ങി. വയനാട്ടിൽ ആദിവാസികളുൾപ്പെടെ എല്ലാവരും ആനയെ ഒരുപോലെ ഭയക്കുന്നു. ആനകളുടെ സ്ഥിരം ആക്രമണങ്ങൾ തന്നെയാണ് ഇതിനു കാരണം. ഇതിനാൽ ഗൈഡ് പണിക്ക് ആളുകൾ അധികം വരാറില്ല എന്ന് മോഹനൻ ഞങ്ങളോട് പറഞ്ഞു.

ആനയുടെ കാൽപ്പാടുകൾ

മലയിറക്കം

  മലയിറക്കം അവസാനിക്കുനിടത്താണ് ബംഗ്ലാവ് ഷോല എന്നറിയപ്പെടുന്ന ഭാഗം. നിബിഡവനമായ ഇവിടെ  പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു ബംഗ്ലാവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരവശിഷ്ട്ടവും ബാക്കിയില്ലാതെ ബംഗ്ലാവ് നശിച്ചുപോയി.

ബംഗ്ലാവ് ഷോല

"മലമറിച്ച"തിനു ശേഷം  ( പിന്നിൽ ബ്രഹ്മഗിരി മല )

  വീണ്ടും മൊട്ടക്കുന്നിലേക്കു ഞങ്ങൾ നടന്നു കയറി. വഴിയിൽ കിടന്നു ഒരു മുള്ളൻപന്നിയുടെ മുള്ള് കിട്ടി. കുറച്ചു ദൂരം താണ്ടിയപ്പോൾ അടുത്തുള്ള മറ്റൊരു നിബിഡവനത്തിൽ നിന്നും ആനയുടെ ചിന്നം വിളിയും അതോടൊപ്പം മരച്ചില്ല ഒടിക്കുന്ന ശബ്ദവും കേട്ടു. മോഹനൻ പറഞ്ഞ ആന ഇതുതന്നെ എന്നു ഉറപ്പായി. എന്നാൽ ആ ഭാഗത്തേക്ക് പോകുവാൻ ഡിപ്പാർട്ടുമെന്റ് അനുവാദമില്ലെന്നു അയാൾ പറഞ്ഞത് ഞങ്ങളിൽ നിരാശയുണ്ടാക്കി.


  ആനയെ കാണാൻ കഴിയാത്തതിന്റെ ക്ഷീണം മാറ്റിയത് ചുരത്തോട് വെള്ളച്ചാട്ടത്തിൽ കുളിച്ചാണ്. ഉച്ചക്ക് 1 മണിക്കും ഫ്രീസറിലെ വെള്ളത്തിന്റെ തണുപ്പാണ് വെള്ളത്തിന്. അത്രയും നേരം നടന്നതിന്റെ മുഴുവൻ ക്ഷീണവും ഇവിടത്തെ കുളിയിലൂടെ പമ്പകടന്നു.

ഞങ്ങളുടെ കുളിസീൻ A  ആയതിനാൽ ഇടാൻ കഴിയില്ല , ക്ഷമിക്കുക!

  അരമണിക്കൂർ ജലക്രീഢയ്ക്ക് ശേഷം ബ്രഹ്മഗിരിയുടെ ഒരുവശം ചുറ്റി തിരികെ വാച് ടവറിന്റെ അടുത്തെത്തി. അവിടെനിന്നും തിരിച്ചുള്ള മലയിറക്കം. 3 മണിയോടെ താഴെ ഐ ബി യിൽ എത്തിച്ചേർന്നു. കയ്യും കാലും ഒടിഞ്ഞു മടങ്ങിയെങ്കിലും ഈ ട്രക്കിങ്ങിലൂടെ  മനസിനു ലഭിച്ച സുഖം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

                                                                                    തുടരും...




3 comments: