24 Dec 2013

ഇടുക്കി ഡാം : അതി ഭീകരമാം വിധം "അ"സാധാരണം !

     ഡിസം.21 മുതൽ ജനു.12 വരെ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നിരിക്കുന്നു. കേരളത്തിന്റെ പ്രധാന ഊർജ്ജ ഉറവിടവും, ഏഷ്യയിലെ ഏറ്റവും വലിയആർച്ച് ഡാമുമായ ഇടുക്കി ഡാം കണ്ടറിയേണ്ട ഒരു വിസ്സ്മയം തന്നെയാണ്.   

    ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ചേർന്ന ഒരു ജലഭിത്തിയാണ് "ഇടുക്കി ഡാം" എന്നറിയപ്പെടുന്ന പ്രസ്തുത സ്ഥലം. ഏതാനം ദൂരം മാറി സ്ഥിതിചെയ്യുന്ന കുളമാവ് ഡാം കൂടി ചേരുമ്പോഴാണ് ഇടുക്കി അണക്കെട്ട്  പൂർണമാവുന്നത്‌.


കുളമാവ് ഡാം

ചെറുതോണി ഡാം

ഇടുക്കി ആർച്ച് ഡാം
 പാലായിൽ നിന്നുമാണ് എന്റെ യാത്ര ആരംഭിച്ചത്.അവിടെനിന്നും 45 കിലോമീറ്റർ ദൂരമുണ്ട് മൂലമറ്റത്തേക്ക്.ഇടുക്കി അണക്കെട്ടിൽ നിന്നും വരുന്ന ജലത്തെ വൈദ്യുതിയാക്കി മാറ്റുന്ന "ഇടുക്കി പവർ സ്റ്റേഷൻ" സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. അണക്കെട്ടിൽ നിന്നും 43 കിലോമീറ്റർ അകലെയാണ് പവർ സ്റ്റേഷൻ. എന്നാൽ ഇവിടം സന്ദർശകനിരോധിതമേഘലയാണ്‌.


മൂലമറ്റം എത്താറാകുന്നതോടെ, കാഞ്ഞാർ പ്രദേശം മുതൽക്കെ തൊടുപുഴയാർ ദൃശ്യമായി തുടങ്ങും. ഇടുക്കിയിലെ ജലം വൈദ്യുതിയാക്കിയത്തിനു ശേഷം പുറത്തുവിടുന്നതിൽ നിന്നുമാണ് തൊടുപുഴയാറിന്റെ ഉത്ഭവം.

തൊടുപുഴയാർ (പനോരമ ഷോട്ട് )

മൂലമറ്റം കഴിഞ്ഞാൽ പിന്നെയങ്ങോട്ടുള്ള സംസ്ഥാന ഹൈവേ ( SH-33) മലയോരപ്പാതയാണ്. ഇരുവശവും പച്ചപ്പ്‌ നിറഞ്ഞ യാത്ര എന്നാൽ വളരെ ആസ്വാദ്യകരവുമാണ് .
എന്റെ സഹചാരി ഉമേഷ്‌


പ്രകൃതിക്കൊരു "മരണ"മാല്യം : പ്ലാസ്റ്റിക് സഞ്ചികളിലായി നിറച്ച മാലിന്യങ്ങൾ മരങ്ങളിൽ തൂക്കിയിട്ടിരിക്കുന്നത് വഴിയോരങ്ങളിലെ   സ്ഥിരം കാഴ്ച്ച യായിരുന്നു.

 40 കിലോമീറ്ററോളം കഴിയുമ്പോൾ കുളമാവ് അണക്കെട്ടിലെത്തും. അണക്കെട്ടിന്റെ മുകളിലൂടെയാണ്‌ റോഡ്‌  പോകുന്നത്.വാഹനങ്ങൾ കടന്നുപോകും എന്നതൊഴിച്ചാൽ ഇവിടവും നിരോധിതമേഘലയാണ്‌. അണക്കെട്ടിന്റെ മുകളിൽ നിൽക്കുവാണോ ഫോട്ടോ എടുക്കുവാനോ അനുവാദമില്ല.

അണക്കെട്ടിന്റെ മുകളിലൂടെ പോകുന്ന സംസ്ഥാന ഹൈവേ

കുളമാവ് അണക്കെട്ടിന്റെ ഒരു വിദൂരദൃശ്യം
    തുടർന്ന് പെരിയാറിന്റെ തീരത്തുകൂടെ സഞ്ചരിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടിൽ എത്താം.


    ചെറുതോണിയിലാണ് പ്രവേശനകവാടം. നടന്നും സ്പീഡ് ബോട്ടിൽ സഞ്ചരിച്ചും അണക്കെട്ടിനെ കാണുവാനുള്ള സംവിധാനം ഇവിടെയുണ്ട്. ഫോട്ടോഗ്രഫി കർശ്ശനമായി നിരോധിച്ചിരിക്കുന്നു. സന്ദർശ്ശകരെ വിശദമായ പരിശോധന നടത്തിയതിനു ശേഷം മാത്രമേ അകത്തു പ്രവേശിപ്പിക്കുകയുള്ളൂ.




     ചെറുതോണി 5 ജലനിര്‍ഗ്ഗമനമാര്‍ഗ്ഗമുള്ള കൂറ്റൻ അണക്കെട്ടാണ്. അതിനെ തുടർന്ന് മലയെ ചുറ്റി ആർച്ച് ഡാമിലേക്കുള്ള വഴികിടക്കുന്നു. അണക്കെട്ടിന്റെ നിർമാണഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന റോപ് വേയ്കളുടേയും മറ്റും അവശിഷ്ട്ടങ്ങൾ ഈ മലയിൽ കാണാം. കുറവൻ മലയിൽ നിന്നും കുറത്തിമലയിലേക്ക് ഒരു മതിലുപോലെ ഇടുക്കി ഡാം കിടക്കുന്നു. അണക്കെട്ടിനു ശേഷം കുറത്തി മലയെ തുളച്ചാണ് വഴി കടന്നുപോകുന്നത്. ആർച്ച് ഡാമിന്റെ അകത്തായി പ്രവർത്തിക്കുന്ന സ്റ്റേഷനിലേക്കുള്ള ലിഫ്റ്റ്‌ ഈ തുരംഗത്തിലാണ്. അണക്കെട്ടിന്റെ അങ്ങോട്ടും ഇങ്ങോട്ടും കൂടി ഏകദേശം 6 കിലോമീറ്റർ നടക്കുവാനുള്ള ദൂരം ഉണ്ട്.



ചെറുതോണിയെയും ആർച്ച് ഡാമിനെയും ബന്ധിപ്പിക്കുന്ന മല.
പുറത്തിറങ്ങിയതിനു ശേഷം ചെറുതോണിയുടെ താഴേക്കുള്ള വഴിയെ പോയി നോക്കി. ഇവിടെയാണ്‌ അടുത്തയിടെ ഇറങ്ങിയ "ഇടുക്കി ഗോൾഡ്‌" എന്ന ചിത്രത്തിലെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.അവിചാരിതമായി ഇവിടം കാണുവാൻ സാധിച്ചത് യാത്രയ്ക്ക് കൂടുതൽ ആനന്ദം നൽകി.

ഇടുക്കി ഗോൾഡ്‌ ചിത്രീകരിച്ച ശ്രീ വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ (പനോരമ ഷോട്ട്  )
    തുടർന്നു  ചെറുതോണി ടൌണിൽ എത്തണം ആർച്ച് ഡാമിന്റെ കീഴ്പ്പോട്ടു പോകുവാൻ.ടൌണിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം കടന്നാൽ ഇവിടെയെത്താം.

    555 അടി പൊക്കമുള്ള ഈ ഭീമാകരൻ ജലഭിത്തിയുടെ ചുവട്ടിലെത്തുമ്പോൾ ഒരു നിമിഷം നമ്മുടെ ശ്വാസം നിലച്ചു പോകും. ഇടുക്കി എന്ന പേര് ഒരുപക്ഷേ ഇടുക്കിലിരികുന്ന ഈ അണക്കെട്ടിൽ നിന്നുമാവാം ഉണ്ടായത്. ഇവിടെ സന്ദർശകർക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എന്നാൽ ഫോട്ടോഗ്രഫി ഇവിടെയും നിരോധിച്ചിരിക്കുന്നു.

   മറ്റു ജില്ലകളെ പോലെ ഇടുക്കി ടൌണ്‍ എന്നുപറയുന്ന ഒന്ന് ഇടുക്കി ജില്ലക്കില്ല. 1976 വരെ കോട്ടയവും അതിനുശേഷം പൈനാവും ആണ് ഇടുക്കിയുടെ ആസ്ഥാനം. 

   മലയോര കർഷകന്റെ നാട്ടിൽ നിന്നും, കേരളത്തിനു വെളിച്ചം പകരുന്ന ഈ അത്ഭുതത്തെ കണ്ടറിയാൻ സാധിച്ചത്തിന്റെ ആത്മസംതൃപ്‌ത്തിയോടെ ഞാൻ മടങ്ങി.

21 Dec 2013

Drishyam : "Never deceives the audience"

     "Drishyam" will never deceive your expectations. It is a director's movie with a well framed story, that also from the director jeethu joseph itself. Mohanlal also got a recovery from his last two flops "geethanjali"and "ladies&gentlemen".





         Jeethu is combining our "traditionally" different genre of film stories in to a single one like his previous hit "memories". Here also we can see a"sathyan anthikkadu" type of story progressing towards a "k.madhu's" style. Smooth and steady narration of the story will take the control of audience after the first half. The story also points out many current socials issues.

Good crane shots and steadicam shots by sujith vasudevan, can be frequently seen allover  the movie.

       The core message of the movie, "For our dear one's we will go to any extent" cannot be justified in a social system, even though it is a fact. Selfishness will never make a healthy society. Anyway the movie can be recommended as a must watch for this festival season.

18 Dec 2013

ആറന്മുള വിമാനത്താവളം : കോഴിത്തോട് ഇനിയെങ്ങോട്ട് ?

     "കെ ജി എസ് എയറോപോളിസി"ന്റെ ആദ്യ പടിയായ എയർപോർട്ട് വരുന്നതോടുകൂടി നശിക്കപ്പെടുന്ന, പമ്പയാറിന്റെ ഒരു ജലശ്രോദസ്സായ കോഴിത്തോടിനെ പിന്തുടർന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളാണ്  ഇവിടെ വിവരിക്കുന്നത്. ഇതിലൂടെ കോഴിത്തോട് എന്ന ജലശ്രോദസ്സിന്റെ ഇന്നത്തെ  അവസ്ഥയും പ്രാധാന്യവും മനസ്സിലാക്കിത്തരുക എന്നതാണ് ഉദ്ദേശിക്കുന്നത്.
 
     വാരിയാപുരം,ഇലന്തൂർ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു കരിമാരത്തുമലയുടെ അടുത്തെത്തുമ്പോഴാണ് കോഴിത്തോടിനെ വിഴുങ്ങുവാൻ തയ്യാറായി വിമാനത്താവളം ഒരുങ്ങുന്നത്. 

      ആറന്മുള പുഞ്ചയും മല്ലപ്പുഴശ്ശേരി പുഞ്ചയും ചേരുന്ന പാടശേഖരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഈ രണ്ടു പുഞ്ചയുടേയും ഇടയിലൂടെ ഒഴുകിയിരുന്ന നീർച്ചാൽ മണ്ണിട്ട്‌ നികത്തിയാണ് എബ്രഹാം കലമണ്ണിൽ ആദ്യ എയർസ്ട്രിപ് നിർമാണത്തിന് തയ്യാറെടുത്തത്.പിന്നീട് ഇതിൽ നിന്നുമയാൾ പിന്മാറിയെങ്കിലും അപ്പോഴേക്കും നീർച്ചാൽ അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. കോഴിത്തോടിൽ നിന്നും ഉത്ഭവിച്ചിരുന്ന ഈ നീർച്ചാലിലെ ജലമുപയോഗിച്ചായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുൻപുവരെ ഇവിടെ കൃഷി നടത്തിയിരുന്നത്. നിലവിൽ നിരവധിയാളുകൾ കുടിൽ കെട്ടി സമരം നടത്തുന്നതും ഈ നികത്തിയ നിലത്തിലാണ്.

തോടിന്റെ നികത്തിയ ഭാഗം
കരിമാരത്തു വന്നുചേരുന്ന കോഴിത്തോട്


നികത്തിയ നിലത്തിലെ കുടിൽ കെട്ടി സമരം

നികത്തിയ ചാൽ
പൂർണമായ നികത്തലിൽ നിന്നും താല്ക്കാലികമായി കോഴിത്തോട്  രക്ഷപെട്ടെങ്കിലും, വിമാനത്താവളം നടപ്പിലാകുന്നതോടെ കരിമാരത്തു വെച്ച് ഈ തോട് അവസാനിക്കും. 
                                                                                                                                                                  

      കരിമാരത്തു വെച്ച് ഈ തോട് മൂടപ്പെട്ടാൽ ഒരു നഷ്ട്ടം എന്നുപറയുവാൻ പാകത്തിന് എന്തെങ്കിലുമുണ്ടോ എന്നതറിയുകയാണ് എന്റെ അടുത്ത ലക്‌ഷ്യം.അതിനായി കരിമാരം മുതൽ പമ്പയാർ വരെയുള്ള കോഴിത്തോടിന്റെ പുരോഗതി കാണുവാൻ ഞാൻ പുറപ്പെട്ടു.
     കരിമാരത്ത് വീതി കുറഞ്ഞെങ്കിലും അടുത്ത കടവായ പള്ളിമുക്കം ഭാഗത്തെ
 ഇടക്കടവിൽ എത്തുമ്പോൾ നല്ല വീതിയിലാണ് കോഴിത്തോട് ഒഴുകുന്നത്‌.

 
ഇടക്കടവിലെ കോഴിത്തോട്
                                                                                                                                                                   

             2003 ൽ  ഉദ്ഘാടനം നടത്തിയ നാൽക്കാലിക്കൽ വലിയപാലത്തിൽ നിന്നാൽ ഇടക്കടവിനു ശേഷമുള്ള തോടിന്റെ അവസ്ഥയും പാഴ്ഭൂമിയായി കിടക്കുന്ന പാടങ്ങളും കാണുവാൻ കഴിയും. പന്തളത്തിലേക്കുള്ള വഴിയായ ഈ പാലത്തിന്റെ പണിയോടനുബന്ധിച്ചു നടത്തിയ മണ്ണിടീൽ പാടങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു.

ഇടക്കടവിൽ നിന്നും ഒഴുകിയെത്തുന്ന  കോഴിത്തോട്
മണ്ണിട്ട്‌ വീതി കുറഞ്ഞ ഭാഗം








പാലം കടന്നുള്ള തോടിന്റെ  യാത്ര

                                                                                                                                                                

തുടർന്ന് തുരുത്തിമലയിലെത്തുകയും ഒഴൂർകടവ് പാലത്തിനടിയിലൂടെ പമ്പയാർ ലക്ഷ്യമിട്ട് നീങ്ങുകയും ചെയ്യുന്നു.
 
ഒഴൂർ കടവ് പാലം

തുരുത്തിമലയിലൂടെ കോഴിതോട്




                                                                                                                                                       

അവസാനമായി ഞാൻ ചെന്നെത്തുന്നത്  പ്രധാന റോഡിലുള്ള "കോഴിപ്പാലം" എന്ന കോവിൽപാലത്തിലാണ്. തോടിന്റെ രണ്ടു വശങ്ങളിൽ നിന്നും മണ്ണിട്ട്‌ വീതി കുറഞ്ഞ അവസ്ഥയാണ് ഇവിടേയും കാണുവാൻ കഴിഞ്ഞത്. കോഴിത്തോട് പമ്പയാറുമായി ചേരുന്നത് ഇതിന്റെ അടുത്താണ്.


പമ്പയോട് കോഴിതോട് വന്നുചേരുന്ന സ്ഥലം

     ആറന്മുള ഗ്രാമത്തിന്റെയും പമ്പയാറിന്റെയും ഒരു പ്രധാന  ജലസ്രോദസ്സാണ് അതിജീവിക്കുവാൻ പാടുപെട്ടുകൊണ്ടിരിക്കുന്ന ഈ ജലാശയം. എയർപോർട്ട് വരുന്നത് തീർച്ചയായും ഇതിനൊരു ഭീഷണിയാണ്.

         ആറന്മുളയിലെ പ്രശ്നങ്ങൾക്ക് ആത്യന്തികമായ കാരണം നെൽകൃഷിയുടെ നാശമാണ്. കൃഷി നിലക്കുകയും പാഴ്ഭൂമിയായി കൃഷിയിടങ്ങൾ കിടക്കുകയും ചെയ്യ്തതാണ് വ്യവസായികളെ ആകർഷിക്കുന്നതിനും ഭൂമി ഉടമകൾ അതു വില്ക്കുവാൻ നിർബന്ധിതരായിമാറിയതിനും കാരണം. നെൽകൃഷി നടത്തിയാണ് ഇവിടെ സമരം ചെയ്യേണ്ടത്. അപ്പോൾ മാത്രമേ യഥാർത്ഥത്തിലുള്ള വികസനം ആറന്മുളയിലുണ്ടാവുകയുള്ളൂ. എങ്കിൽ മാത്രമേ ആ പൈതൃക ഗ്രാമത്തെ വീണ്ടും അതിന്റെ പ്രൗഢിയിൽ എത്തിക്കാനാവുകയുള്ളൂ.

       ആറന്മുളയിൽ വിമാനം പറപ്പിക്കുവാൻ ധ്രിതി കാട്ടുന്ന സർക്കാർ മറിച്ച് നെല്കൃഷിയെ പുനരാര്‍ജ്ജിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള നടപടികൾക്കാണ് ധ്രിതി കാട്ടേണ്ടത്‌.

- ഹരി


14 Dec 2013

വെടിവഴിപാട് - " എല്ലാവരും കണ്ടിരിക്കേണ്ട ഒരു A പടം "

ഇക്കഴിഞ്ഞ ചലച്ചിത്ര മേളയിലെ സിനിമകളിൽ വിരളമായി മാത്രം കണ്ട , ഒരു സാമൂഹികപുനർവിചിന്തനം നൽകുന്ന വിഷയമാണ് വെടിവഴിപാട് പറയുന്നത്. "ബ്ലാക്ക്‌ ഫോറസ്റ്റ്" പോലെയുള്ള നിലവാരം കുറഞ്ഞ സിനിമകൾ പ്രദര്ശിപ്പിച്ച മേളയിൽ  ഈ ചിത്രം വന്നില്ല എന്നത് വളരെ പരിതാപകരമായ ഒരു കാര്യമാണ്.


     "സദാചാരവാദികൾ പൊറുക്കുക" എന്ന പരസ്യവാചകത്തിൽ സൂചിപ്പിക്കുന്നതുപോലെതന്നെ സമൂഹത്തിലെ കപട സദാചാരങ്ങളെ തുറന്നുകാണിക്കുകയാണ് ശംഭു പുരുഷോത്തമൻ എന്ന നവ-സംവിധായകൻ.
കുടുംബവുമായി തിയറ്ററിലിരുന്നു കാണുവാൻ സാധിക്കാത്ത നിരവധി രംഗങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി എല്ലാവരും ചിന്തിക്കേണ്ട ഒരു വിഷയമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. പൊങ്കാല എന്ന പ്രശസ്ത്തമായ അനുഷ്ഠാനത്തെ പശ്ചാത്തലമാക്കി എന്നാൽ അതിനു യാതൊരു അപകീർത്തിയും നൽകുവാൻ ഇടയുണ്ടാക്കാതെയാണ് ചിത്രം കഥ പറയുന്നത്. കണ്ണകിക്കായി സമർപ്പിക്കുന്ന പൊങ്കാലയുടെ പുരാണപശ്ചാത്തലം പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചിത്രത്തിലുടനീളം പ്രബലരായ സ്ത്രീകഥാപാത്രങ്ങളെ കാണുവാൻ സാധിക്കും.
     അശ്ലീല ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന  തിയറ്റർ പൊങ്കാലയുടെ ദിവസങ്ങളിൽ "കുമാരസംഭവം" പ്രദർശിപ്പിക്കുന്നു  സാമുഹികവിരുദ്ധർ ഉത്സവസേവാ രംഗത്തേക്ക് വരുന്നു  താല്പ്പര്യമില്ലാത്ത യുവതി അമ്മായിയമ്മയുടെ നിർബന്ധത്തിനുവഴങ്ങി പൊങ്കാലയിടുവാൻ പോകുന്നു മുതലായ എല്ലാ സൂചനകളും സമൂഹത്തിലെ കപടസദാചാരത്തെ വിളിച്ചോതുന്നു. ചൊവ്വാ ദോഷം എന്ന വിശ്വാസം മൂലം വിവാഹിതരാവേണ്ടിവന്ന, എന്നാൽ ജീവിതത്തിൽ ഒരു ചേർച്ചയും ഉണ്ടാവാത്ത ദംബതികളിലൂടെ അന്ധവിശ്വാസങ്ങളേയും ചിത്രം ചോദ്യം ചെയ്യുന്നു.
       ആദ്യപകുതിയിൽ അശ്ലീലം നിറഞ്ഞ ഒരു എന്റർറ്റൈനർ മാത്രമാണ് എന്ന് തോന്നിച്ചെങ്കിലും  രണ്ടാം പകുതിയോടെ കൂടുതൽ സാമുഹികചിന്തകളും ചോദ്യങ്ങളുംകൊണ്ട് നിറഞ്ഞ ഒരു മികച്ച ചിത്രമായി മാറി "വെടിവഴിപാട്"

13 Dec 2013

നഗരക്കാഴ്ച്ചകൾ...മീനച്ചിലാറിൽ "വാകവരാൽ" പ്രത്യക്ഷപ്പെട്ടപ്പോൾ

കോട്ടയം: നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുകമായി മീനച്ചിലാറിൽ അപൂർവ്വയിനം മത്സ്യമായ "വാകവരാൽ". വെള്ളിയാഴ്ച്ച 4 മണിയോടെയാണ് കോട്ടയത്തിനടുത്ത് ചുങ്കത്തിലായി ഈ അപൂർവ്വ ദൃശ്യം സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.രണ്ടു വലിയ മത്സ്യങ്ങളും അവയോടൊപ്പം നൂറുകണക്കിന് മൽസ്യകുഞ്ഞുങ്ങളുമാണ് പാലത്തിനോട് ചേർന്ന് കാണപ്പെട്ടത്.


മീനച്ചിലാറിൽ പ്രത്യക്ഷപ്പെട്ട വാകവരാൽ
 വരാലുകളിൽ ഏറ്റവും വലുതും അപൂര്‍വ്വവും വാകവരാലാണ്. സാധാരണ വരാല്‍ 90 സെ.മീ വളരുമ്പോള്‍ വാകവരാല്‍ 120 സെ.മീ. വരെ വളരുന്നു; 8-10 കിലോഗ്രാം തൂക്കവും വയ്ക്കും.ശുദ്ധജല മത്സ്യങ്ങളില്‍ കേരളീയര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒരു മത്സ്യമാണ് വാകവരാല്‍ എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും വാകവരാലിന്റെ ലഭ്യത പ്രശ്‌നമാണ്. ദക്ഷിണ ഏഷ്യയിൽ മാത്രം കാണപ്പെടുന്ന ഇവ ശാസ്ത്രീയമായി അറിയപ്പെടുന്നത് Channa striata, snakehead murrel എന്ന പേരിലാണ് *.


     അവയെ എങ്ങനെയെങ്കിലും പിടിക്കുക എന്നതാണ് നാട്ടുകാരുടെ അടുത്ത ലക്‌ഷ്യം. അതിനായുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണവിടെ.

      തുടർന്നു വഴിയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുകാണുവാൻ
 തിങ്ങിക്കൂടിയത്  ചുങ്കo പാലത്തിൽ ഗതാഗതക്കുരുക്കിനിടയാക്കി.



മീനച്ചിലാറിൽ പ്രത്യക്ഷപ്പെട്ട "വാകവരാലി"നെ കാണുവാൻ ചുങ്കo പാലത്തിൽ ജനം തിങ്ങിനിറഞ്ഞപ്പോൾ






 ( * വാകവരാലിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട്: http://www.doolnews.com/how-to-cultivate-varal-fish-malayalam-252.html )

10 Dec 2013

അന്താരാഷ്ട്ര ചലച്ചിത്ര മേള, കേരളം 2013 : ഒരു പ്രേക്ഷകാനുഭവം ! (അവസാന ഭാഗം)

 ഡിസം.9, തിങ്കൾ :  ഇന്നത്തെ ദിവസം മടങ്ങിപ്പോകേണ്ടതിനാൽ രണ്ടു ചിത്രങ്ങൾ മാത്രമേ എനിക്ക് കാണുവാൻ കഴിയുള്ളൂ. ആദ്യ ചിത്രത്തിനായി ഞാൻ ശ്രീപദ്മനാഭയിൽ കയറി.


 മത്സര വിഭാഗത്തിലെ അർജെന്റിന ചിത്രം "ഇറാറ്റ". യുവ സംവിധായകൻ ഇവാൻ വെസ്കോവോയുടെ കന്നി ചിത്രമാണിത്.പ്രദര്ശനത്തിന് മുൻപായി ചിത്രത്തിന്റെ സംവിധായകനും  കൂടെ ചിത്രത്തിന്റെ വസ്ത്രാലങ്കാരികയുമായ ലുസിയ ക്ലോറെൻസയും  പ്രേക്ഷകരെ അഭിസംബോദന ചെയ്യുകയുണ്ടായി.

Ivan vescovo & Luzia clourensa
 ചിത്രത്തിന് മുൻപായി "plz standup for the national anthem" എന്ന് കാണിച്ചുകൊണ്ട് "ജനഗണമന" യുടെ ഈണം പശ്ചാത്തലസംഗീതമായ ഒരു പരസ്യചിത്രം പ്രദർശിപ്പിച്ചു. എന്നാൽ കുറച്ചുപേർ എഴുനേറ്റുനിന്നില്ല എന്ന് പറഞ്ഞ് ഒരു സ്ത്രീ രോഷാകുലയായി. "ദേശഭക്തി അടിച്ചേൽപ്പിക്കണ്ടതല്ല" എന്ന് മറ്റൊരാൾ. എല്ലാരും കൂടെ കൂവി അവരെ ഇരുത്തി.
 Chrome Pictures Pvt Ltd ഇറക്കിയ പരസ്യചിത്രത്തിനുമുൻപിൽ എന്തിനു എഴുനേൽക്കണം എന്ന് ഞാനും ആലോചിച്ചു.

സിനിമ ആരംഭിച്ചു.

 "ഇറാറ്റ" എന്ന വാക്കിന്റെ അർഥം എഴുത്തിൽ ഉണ്ടാകുന്ന തെറ്റ് എന്നാണ്.  യുലിസെസ് എന്ന ചെറുപ്പക്കാരൻ തന്റെ കാമുകി ആല്മയുടെ തിരോധാനത്തിന്റെ പിന്നിലെ നിഘൂടത കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബ്ലാക്ക്‌ & വൈറ്റിൽ ചിത്രീകരിച്ച ഇറാറ്റ" "ഫിലിം നൊയിർ" സ്റ്റൈലിലാണ്  അവതരിപ്പിച്ചിരിക്കുന്നത്. കഥ നടക്കുമ്പോൾ അതിനോടൊപ്പം തന്നെ  ഫ്ലാഷ്ബാക്കും കൂട്ടികലർത്തി "മൊണ്ടാഷ്" എഡിറ്റിംഗിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ചിത്രത്തിനെ കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ സാങ്കേതികതയിലും കഥയിലും സങ്കീർണ്ണമായ ഒരു നല്ല ത്രില്ലർ. എന്നാൽ ഛായാഗ്രഹണം എഡിറ്റിംഗ് വിഭാഗത്തിലെ മികവല്ലാതെ സാമൂഹികമായും സാംസ്ക്കാരികമായും ഒന്നും പറയുവാനില്ലാത്ത ചിത്രം.
 

അവസാനമായി ഞാൻ കാണുവാൻ പോയത് ചൈനീസ്‌ ചിത്രം "എ ടച്ച്‌ ഓഫ് സിൻ" ആണ്.കലാഭവനിൽ ഓടിയെത്തിയപ്പോഴേക്കും ഹൗസ്ഫുൾ! സീറ്റുകളിലും നിലത്തും വരെ ആളുകൾ. എന്തായാലും കണ്ടിട്ടേയുള്ളൂ ബാക്കി എന്നുകരുതി ഞാനും നിലത്തിരുന്നു.

സ്ട്രീറ്റ് ഫിലിം മേക്കിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ചൈനീസ്‌ സിക്സ്ത് ജനറെഷൻ സംവിധായകൻ ജിയ ജങ്കെയാണ്.നാലു വിവിധ കഥാപാത്രങ്ങൾ, അവർ പാപത്തിലേക്ക് എങ്ങനെ എത്തപ്പെടുന്നു എന്നതാണ് ചിത്രം പറയുന്നത്. പ്രതികരണശേഷിയുള്ള ഒരു തൊഴിലാളി, അന്യനാട്ടിൽ കൊലപാതകവും മോഷണവുമായി കഴിയുന്നയാൾ, മറ്റൊരാളുടെ ഭർത്താവുമായി സ്നേഹത്തിൽ കഴിയുന്ന ഒരു ഹോട്ടൽ ജീവനക്കാരി, ചെറുപ്പക്കാരനായ ഒരു ഫാക്ടറി തൊഴിലാളി എന്നിവരിലൂടെ സമകാലീന ചൈനയിലെ അഴിമതിയും മുതലാളിത്തവും സാധാരണക്കാരനെ ഏതവസ്ഥയിൽ കൊണ്ടെത്തിക്കുന്നു എന്ന് കാട്ടിത്തരുകയാണ്  ജിയ.തറയിലിരുന്നാണ് കണ്ടതെങ്കിലും വളരെയധികം ചാരിതാർധ്യത്തോടെയാണ്‌ തിയറ്റർ വിട്ടു പുറത്തു വന്നത്. 

ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുക എന്നത് ഒരു "സ്റ്റൈൽ സിംബൽ" മാത്രമായി മാറിയ, സിനിമയെക്കുറിച്ച് ഏക്കും പോക്കും അറിയാത്ത ഒരു ബഹുഭൂരിപക്ഷത്തെയാണ് ഞാൻ എല്ലായിടത്തും കണ്ടത്. സിനിമകളിലെ പല കോപ്രായങ്ങൾക്കുംവിവേകമില്ലാതെ കൈയടിച്ചും വേഷഭൂഷാദികളിൽ "ബുദ്ധിജീവി" ലുക്ക്‌ വരുത്തിയും വ്യക്തിത്വം നഷ്‌ടപ്പെട്ട ഒരു പറ്റം ആളുകൾ.

പ്രവേശന പാസ്സ് സുഹൃത്തിനെ തിരിച്ചേൽപ്പിച്ചു തമ്പാനൂർ ലക്ഷ്യമിട്ട് ഞാൻ നടന്നു. ഏതായാലും ഒരു മികച്ച ചിത്രത്തിലൂടെ എന്റെ മേള സന്ദർശനം അവസാനിപ്പിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഞാൻ തിരുവനന്തപുരം നഗരത്തോട് വിട പറഞ്ഞു.
                                                                                                                     ( അവസാനിച്ചു) 

അന്താരാഷ്ട്ര ചലച്ചിത്ര മേള, കേരളം 2013 : ഒരു പ്രേക്ഷകാനുഭവം ! (ഒന്നാം ഭാഗം)

ഡിസം.8, ഞായർ: കേരളത്തിന്റെ ചലച്ചിത്രമാമാങ്കമായ അന്താരാഷ്ട്ര ചലച്ചിത്ര മേള അനുഭവിച്ചറിയുവാൻ പുലർച്ചെ 8 മണിയോടുകൂടി ഞാൻ തലസ്ഥാനനഗരിയിൽ എത്തി.സ്വന്തമായി ഡെലിഗേറ്റ് പാസ്സ് ഇല്ലാതിരുന്നതിനാൽ, സ്റ്റാച്യു ജംഗ്ഷനിൽ ചെന്ന് നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്ന പാസ്സ് സുഹൃത്തിൽ നിന്നും കയ്യ്പ്പറ്റി.


        
        നേരത്തേ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം തുർക്കിഷ് ചിത്രമായ Meddah (Storyteller) കാണുവാനായി കെ എസ്‌ എഫ് ഡി സി യുടെ തിയേറ്റർ കോംപ്ലെക്സിൽ എത്തി. മൂന്നു സ്ക്രീനുകളുള്ള കോംപ്ലെക്സിലെ "കൈരളി"യിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.എന്നാൽ അവിടെ ചെന്നപ്പോളാകട്ടെ സൂചികുത്താനിടമില്ലാത്തയത്രേം തിരക്ക്. കാത്തുനില്ക്കാതെ അടുത്ത സ്ക്രീനായ "ശ്രീ"യിൽ കയറി.ഈജിപ്ത്യൻ ചിത്രമായ Al-Khoroug Lel-Nahar (Coming Forth By Day) ആണ് പ്രദർശനം. വലിയ തിരക്കില്ല. ചുറ്റുവട്ടം നോക്കിയപ്പോ അദാ ഇരിക്കുന്നു കവി കുരീപ്പുഴ ശ്രീകുമാർ. എല്ലാ ചിത്രവും ആരംഭിക്കുന്നതിനു മുൻപായി രണ്ടു അവതാരകമാർ വന്ന് ചിത്രത്തിനെകുറിച്ച് വിവരണം നല്കും.കൃത്യസമയത്തുതന്നെ ചിത്രം ആരംഭിച്ചു.

kairali,sree & nila
inside sree


      






         
Coming Forth By Day
അറബ് സ്ത്രീ-സംവിധായികയായ ഹാല ലോട്ഫിയുടെ ഈ ചിത്രം വേൾഡ് സിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. തളർന്നു കിടപ്പിലായ അച്ചൻ, ആത്മാർഥമായി ശിശ്രുഷിക്കുന്ന മകൾ, നിർവികാരയായ അമ്മ എന്നിവരുടെ ജീവിതം കാണിക്കുന്ന ചിത്രം     ഒരുപക്ഷേ വിരസമായ ഒരു കഥാപശ്ചാത്തലത്തിലുള്ള ചിത്രമായതിനാലാവാം  കാണികളുടെ ക്ഷമനശിപ്പിക്കുന്ന രീതിയിലുള്ള ഒരു അനുഭവമാണ് നൽകുന്നത്. ജീവിതയാഥാർത്യങ്ങളായ അവസ്ഥകൾ പറയുന്ന ചിത്രം, അങ്ങനെയുള്ള ഒരവസ്ഥയുടെ വിരസത കാണികളിലുണ്ടാക്കുന്നതിലൂടെ വിജയിക്കുക തന്നെയാണ് ചെയ്യ്തത് എന്നും പറയാം .



     സിനിമയ്ക്കു ശേഷം പുറത്തിറങ്ങിയപ്പോൾ സംവിധായകൻ ഹരിഹരനെ കണ്ടു. അടുത്തതായി ടോപ്‌ ആംഗിൾ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം ബ്ലാക്ക് ഫോറെസ്റ്റ്‌ കാണാനായി കലാഭവൻ തിയറ്ററിലേക്ക് നടന്നു. ഞാൻ ചെന്നപ്പോഴേക്കും തിയറ്റർ നിറഞ്ഞിരുന്നു. ഏറ്റവും മുൻപിലായി ഒരു സീറ്റ്‌ കിട്ടി. ഉത്ഘാടനത്തിനായി എത്തിയ സംവിധായകൻ ജോഷി മാത്യു അടുത്ത സീറ്റിൽ തന്നെ ഉണ്ടായിരുന്നു. പുള്ളിയെ ചാനലുകാർ വീഡിയോയിൽ എടുത്തപ്പോൾ ഞാനും ഗമയോടെ അടുത്തിരുന്നു. 

        
         സിനിമ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങിപ്പോന്നു. അത്രയ്ക്ക് നല്ല ചിത്രം. ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്കു നാണക്കേടാണ് ഈ ചിത്രം എന്നെനിക്കു തോന്നി. പരിസ്ഥിതി സംരക്ഷണം എന്ന വിഷയം പ്രതിപാദിക്കുന്നു എന്നതൊഴിച്ചാൽ ഒരു നല്ല കാര്യവും ഈ ചിത്രത്തിനെകുറിച്ച് പറയുവാനില്ല.




       അടുത്തതായി കാണേണ്ട ചിത്രം ദി കൊഫീൻ മേക്കർ  രമ്യ തിയറ്ററിലാണ്. അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് നേരെ വിട്ടു രമ്യയിലേക്ക്. പ്രദർശനത്തിനു അര മണിക്കൂർ മുൻപേ തിയറ്റർ നിറഞ്ഞു. ചിത്രത്തിന്റെ സംവിധായിക വീണ ബക്ഷിയും പ്രേക്ഷകരുമായി സംവദിക്കുവാൻ എത്തിയിട്ടുണ്ടായിരുന്നു.

ജീവിതം സന്തോഷിക്കുവാനും മറ്റുള്ളവരെ സ്നേഹിക്കുവാനുമുള്ളതാണ് എന്ന സന്ദേശം നല്കുന്ന ഒരു ആർദ്രമായ ചിത്രമാണ് ദി കൊഫീൻ മേക്കർ . ശവപ്പെട്ടി നിർമാതാവും എന്നാൽ ഈ പണിയെ വെറുക്കുന്നവനുമായ ഒരാളുടെ  ജീവിതത്തിലേക്ക് മരണം ഒരാൾ രൂപമായി കടന്നുവരികയും, അതുവരെ അയാൾ ഒറ്റക്കിരുന്നു കളിച്ചിരുന്ന തന്റെ പ്രിയ-വിനോദമായ ചെസ്സ്‌ "മരണ"വുമായി  മത്സരിച്ചു കളിക്കുന്നതുമാണ് പ്രമേയം.ഗോവൻ ഇംഗ്ലീഷും കൊങ്കിണിയും കൂടിക്കലർന്ന ഭാഷയാണ്‌ കഥാപാത്രങ്ങൾ സംസാരിക്കുന്നത്.എന്നാൽ ഒരു രാജ്യാന്തര മേളക്ക് പ്രദർശിപ്പിക്കുവാൻ പാകത്തിനുള്ള വിഷയമോ മറ്റൊന്നും തന്നെ ഈ  ചിത്രത്തിനില്ല. ഇൻഗ്മർ ബർഗ്മാന്റെ ""ദി സെവൻത് സീൽ" എന്ന ചിത്രത്തിന്റെ അതേ ആശയമായ മരണവുമായുള്ള ചെസ്സു കളിയാണ് വീണ ബക്ഷി അതേപടി ഇതിൽ കാണിക്കുന്നത്. കഥാപാത്രത്തിന്റെ പേരിൽ പോലും സാമ്യം. "ദി സെവൻത് സീലി"ൽ മാക്സ് വോണ്‍ സൈദോയുടെ "അന്റോണിയസ്" എന്ന കഥാപാത്രം ഇതിൽ നസറുദിൻ ഷാ യുടെ "ആന്റ്റൊണ്‍" ആകുന്നു.

സംവിധായിക : വീണ ബക്ഷി

 സിനിമയ്ക്കു ശേഷമുള്ള സമ്പർക്ക പരിപാടിയിൽ ഇതിനെക്കുറിച്ച്‌ സംവിധായികയോട് ഞാൻ ചോദിച്ചപ്പോൾ സെവൻത് സീലിനെക്കുറിച്ച് കേട്ടിട്ടേ ഇല്ല എന്നാണവർ പറഞ്ഞത്.കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അവർ പറഞ്ഞതും ശരിയാ, സിനിമ പിടിക്കണമെങ്കിൽ ബർഗ്മാൻ ആരാണെന്നൊന്നും അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല. എല്ലാ സിനിമ ആസ്വാദകരും കയ്യടിച്ചു.

കഷ്ട്ടം!

ഇതുവരെ ഒരു സിനിമയും ത്രിപ്ത്തി നല്കിയില്ല. ചെറിയൊരു മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി.

       പൊതുവെ നല്ല അഭിപ്രായം കേട്ട സിങ്കപൂരിയൻ  ചിത്രം "ഇലോ ഇലോ" കാണുവാൻ അതുല്യയിൽ എത്തി. ഒരു മണിക്കൂർ മുൻപേ തിയറ്ററിന്റെ പകുതി പോലുമില്ലാത്ത അണ്‍റിസർവ്വ്ട് സീറ്റുകൾ നിറഞ്ഞു. ഇടിച്ചുതള്ളി ആളുകൾ. ഇതെന്തു ന്യായം എന്നുപറഞ്ഞു ചില കാണികൾ സംഘാടകരുമായി വഴക്ക് തുടങ്ങി. ഒടുവിൽ കുറേ ആളുകൾ റിസർവ്വ്ട് സീറ്റുകളിൽ ചാടിക്കയറി ഇരുന്നു.

 എന്റെ പ്രതീക്ഷകൾ തെറ്റിയില്ല. നല്ല നിലവാരമുള്ള ഒരു ചിത്രം.

വഴക്കാളിയായ 10 വയസ്സുകാരന് അവനെ നോക്കാൻ വരുന്ന പെണ്‍കുട്ടിയുമായുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ്‌ ആൻടോണി ചെൻ എഴുതി സംവിധാനം ചെയ്യ്ത ഈ ന്യൂ ഏഷ്യൻ സിനിമ പറയുന്നത്.

വളരെ വികാരഭരിതമാണ് ചിത്രം.കഥയുടെ പശ്ചാത്തലത്തിൽ  സിംഗപ്പൂരിലെ സാമൂഹിക പ്രശ്നങ്ങളും ചർച്ചചെയ്യപ്പെടുന്നു. ഇംഗ്ലീഷ് അറിയാത്ത പ്രൊഫഷണൽ ആയ പുരുഷന് ജോലി നഷ്ട്ടമാവുമ്പോൾ വീട്ടിൽ ജോലിക്ക് വരുന്ന പെണ്‍കുട്ടി ഇംഗ്ലീഷ് അനായാസം സംസാരിക്കുന്നു എന്നതിലൂടെ  ആഗോളവത്കരണത്തിന്റെ ഭാഗമായി  ഇംഗ്ലീഷ് ഭാഷയ്ക്ക്‌ പ്രാധാന്യം നല്കാതിരുന്നത് 1997 ലെ ഏഷ്യൻ സാമ്പത്തിക മാന്ദ്യത്തിനു കാരണമായി എന്ന് ചിത്രം പരോക്ഷമായി പ്രതിപാദിക്കുന്നു.

മേളയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് "ഇലോ ഇലോ ".


        ജർമൻ എക്സ്പ്രെഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ഥമായ നിശബ്ദ ചിത്രം "ദ കാബിനറ്റ് ഓഫ് ഡോ.കാലിഗറി"യാണ് ഇന്നത്തെ എന്റെ അവസാന പ്ലാന്‍. രാത്രി ഭക്ഷണത്തിന് ശേഷം കെ എസ്‌ എഫ് ഡി സി യുടെ തിയേറ്റർ കോംപ്ലെക്സിലെ "നിള"യിലെത്തി.  


ഡി വി ഡി പ്രിൻറ് ആണ് ചിത്രം. രാത്രി ആയതിനാൽ വളരെ കുറച്ചുമാത്രം കാഴ്ച്ചക്കാർ. നിശബ്ദമായ ചിത്രം തുടങ്ങി മിനിറ്റുകൾക്കകം കാണികൾ അക്ഷമരായി പിറുപിറുത്തു തുടങ്ങി. "താല്പ്പര്യം ഇല്ലാത്തവന്മാർ ഇറങ്ങിപോടെ..." പുറകിൽ നിന്നും ഒരു കലാസ്നേഹി വിളിച്ചുപറഞ്ഞു. ഒരുപറ്റം "ന്യൂ ജനറേഷൻ" പിള്ളേർ സ്ഥലം കാലിയാക്കി. പിന്നീട് ഇതെന്തു സിനിമ എന്നുപറഞ്ഞു മറ്റുചിലരും ഇറങ്ങിപ്പോയി.ഒടുവിൽ ഞങ്ങൾ കുറച്ചുപേർ മാത്രം അവശേഷിച്ചു.

എന്നാൽ കാലത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് ഇപ്പോഴും നമ്മളെ രോമാഞ്ചപ്പെടുത്തുവാൻ കെൽപ്പുള്ള ചിത്രമാണ് "ദ കാബിനറ്റ് ഓഫ് ഡോ.കാലിഗറി".കഥാന്ത്യത്തിൽ "ട്വിസ്റ്റ്‌" എന്ന ആശയം  കൊണ്ടുവന്ന പ്രഥമചിത്രം, നിശബ്ദയുഗത്തിലെ ഹൊറർ ചിത്രങ്ങളുടെ ഏറ്റവും ഉത്തമ ഉദാഹരണം എന്നിങ്ങനെ സിനിമ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിനോടുള്ള ആളുകളുടെ പ്രതികരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
  
                                                                                                   
( തുടരും )




അവസാന ഭാഗം :
http://harisjourney.blogspot.in/2013/12/2013_10.html