6 Mar 2014

കർഷകനോടൊപ്പം..... ( അവസാന ഭാഗം )

ദിവസം  114
തീയതി  ഫെബ്രു. 12 , 2014


   അങ്ങനെ കൊയ്ത്തു-മെതി യന്ത്രമായ 'ക്രോപ്പ് ടൈഗര്‍', നൂറു മേനി കൊയ്യാന്‍ തയ്യാറായി ഗ്രാമത്തിലെത്തി. ഉത്സവപറമ്പില്‍ എഴുന്നള്ളത്തിന് തയ്യാറായ ഗജരാജനെ കണ്ട പ്രതീതിയില്‍ കര്‍ഷകരും  നാട്ടുകാരും. അടുത്ത ഒരാഴ്ച്ചയോളം ഇവനായിരിക്കും നാട്ടിലെ സംസാരവിഷയം.

   കഴിഞ്ഞ രണ്ടു കൊല്ലമായി യന്ത്ര സഹായത്തോടെയുള്ള കൊയ്ത്താണ് നടന്നു വരുന്നത്. അതിനു മുന്‍പൊക്കെ അഞ്ചും ആറും പേരടങ്ങുന്ന കൊയ്ത്തുകാര്‍ ഒരാഴ്ച്ചയോളം അധ്വാനിച്ചാണ് കൊയ്തിരുന്നത്. യന്ത്രം വന്നതോടെ ആഴ്ച്ചകള്‍ എന്നത് മണിക്കൂറുകളായി ചുരുങ്ങി. എന്നാല്‍ കൊയ്ത്തുകാരുടെ കൃത്യത അവയ്ക്ക് നല്‍കുവാന്‍ പലപ്പോഴും കഴിയാറില്ല. നെല്ല് പൊട്ടിപോവുക എന്നത് യത്രക്കൊയ്ത്തിലെ ഒരു പ്രധാന പ്രശ്‌നമാണ്.

   ഗ്രാമത്തിലെ അന്‍പതേക്കറോളം പാടം കൊയ്ത്തിനു തയ്യാറായിക്കഴിഞ്ഞു. ആദ്യമായി ടോമിയുടെ പാടത്തുനിന്നുമാണ് തുടക്കം. അതിനു ശേഷമാണ് ഉണ്ണികൃഷ്ണന്റെ പാടം. രാവിലെ 11.30 കഴിഞ്ഞപ്പോള്‍ ടൈഗര്‍ എത്തി.





   യന്ത്രത്തിന്റെ മുന്‍വശത്തെ ബ്ലേഡ് നെല്‍ചെടിയെ ചുവടേ മുറിച്ച്, വേര്‍തിരിച്ച നെല്ലിനെ സംഭരണിയിലേക്ക് കടത്തിവിടുന്നു. വൈക്കോല്‍ പുറന്തള്ളുകയും ചെയ്യുന്നു. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന 'ക്രോപ്പ് ടൈഗറി'ന്റെ ഒരു മണിക്കൂര്‍ വാടക 1750 രൂപയാണ്. ഒന്നര ഏക്കര്‍ പാടം കൊയ്യാന്‍ വെറും രണ്ടു മണിക്കൂറാണ് എടുത്തത്.




   ഒന്നര ഏക്കറില്‍ നിന്നും 1.6 ടണ്‍ എന്നതാണ് ഉണ്ണികൃഷ്ണന്റെ പാടം നല്‍കിവരുന്ന ശരാശരി വിളവ്. എന്നാല്‍ ഇതിലും കൂടുതല്‍ വിളവുനല്‍കുന്ന പാടശേഖരങ്ങള്‍ കടപ്ലാമറ്റത്തുണ്ട്.  വെയിലിന്റെ ലഭ്യതയാണ് ഇതിന്റെ പ്രധാന കാരണം. തെക്കു-വടക്കായി പാടം സ്ഥിതി ചെയ്യുകയും കിഴക്കു-പടിഞ്ഞാറ് വെയിലടിക്കുകയും ചെയ്യുന്നു. ഇതുമൂലം രാവിലെ പത്തു മുതല്‍ വൈകിട്ടു മൂന്നു വരെ മാത്രം വെയില്‍ ലഭിക്കുമ്പോള്‍, മറ്റു ചില നിലങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വെയില്‍ ലഭിക്കുന്നു. വിളവിലെ വ്യതിയാനത്തിനു കാരണം ഇതാണ്.

   നാല്‍പ്പത് ചണച്ചാക്കിലാക്കി, കൊയ്ത നെല്ലിനെ അറകളിലേയ്ക്ക് മാറ്റി. കീടനാശിനികള്‍ ഇല്ലാത്ത ഈ നെല്ല്, സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മറ്റ് കര്‍ഷകരില്‍ നിന്നും കിലോയ്ക്ക് പതിനാറ് രൂപാ നിരക്കില്‍ സഹകരണ സംഘം റൈസ് മില്‍, നീണ്ടൂര്‍, നെല്ല് സംഭരിക്കും.വിപണിവിലയ്ക്ക് നാട്ടുകാരും നെല്ല് വാങ്ങും. എന്നാല്‍ വൈക്കോലിന്റെ ആവശ്യക്കാര്‍ ഇത്തവണ കുറഞ്ഞിരിക്കുന്നു. കിലോയ്ക്ക് ഒരു രൂപാ നിരക്കിലാണ് വൈക്കോല്‍ വില്‍ക്കുന്നത്.

   അന്‍പതേക്കറോളം വരുന്ന പാടങ്ങളില്‍ നിന്നുമായി ഏകദേശം അറുപത് ടണ്‍ നെല്ല് ഈ കൊച്ചു ഗ്രാമം ഉത്പാദിപ്പിച്ചു. ഭക്ഷ്യ ഉത്പാദനത്തിലൂടെ പതിമൂന്ന് ലക്ഷം രൂപയുടെ വാണിജ്യമാണ് ഇവര്‍ നടത്തിയിരിക്കുന്നത്‌. രണ്ട് മാസത്തെ മുഴുവന്‍ സമയ പ്രവര്‍ത്തനവും തുടര്‍ന്നുള്ള മേല്‍നോട്ടവും മാത്രമാണ് ഇതിനാവശ്യമായി വന്നതും.

   'നെല്‍കൃഷി നഷ്ടമാണ്' എന്ന് പറയുന്നവര്‍ക്കുള്ള 'ചുട്ട' മറുപടിയാണീ കണക്കുകള്‍.




   ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ പ്രയോജനകരമായ ഒന്നാണ് നെല്‍കൃഷി. മാറിയ കാലത്തിനനുസരിച് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കാതെ, പഴയ സമ്പ്രദായങ്ങള്‍ തുടര്‍ന്നതിലൂടെയാണ് പല സ്ഥലങ്ങളിലും നെല്‍കൃഷി നഷ്ടത്തിലായത്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്, സംസ്‌കാരവും പാരമ്പര്യവും മുറുകെപ്പിടിക്കുകയാണ് ഉണ്ണികൃഷ്ണനുള്‍പ്പെടുന്ന കടപ്ലാമറ്റത്തെ കര്‍ഷകസമൂഹം.

   വിത്തു വിതയ്ക്കല്‍ മുതല്‍ കൊയ്യല്‍ വരെ നേരില്‍കണ്ട്, നെല്‍കൃഷിയെ അടുത്തറിയുവാന്‍ സാധിച്ചതിന്റെ ആത്മനിര്‍വൃതിയോടെ ഞാന്‍ കടപ്ലാമറ്റം ഗ്രാമത്തിനോട് വിട പറഞ്ഞു.

   കൊയ്ത്തിന്റെ ആരവം തീരുന്നതിന് മുന്‍പേ പാടങ്ങളില്‍ കുട്ടികളുടെ ആരവം തുടങ്ങി. ക്രിക്കറ്റും ഫുട്‌ബോളുമായി അവധിക്കാലം ആഘോഷിക്കുവാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു...

                                                                                                                      (അവസാനിച്ചു )



No comments:

Post a Comment