23 Mar 2014

ശരീരത്തിനും മനസ്സിനും കുളിരേകി ഇരിങ്ങോള്‍...

 
   മരങ്ങളുടേയും കാടുകളുടേയും മഹത്വം പറയാന്‍ പറ്റിയ സമയമാണിപ്പോള്‍! കാരണം, പാലക്കാട് 40 ഡിഗ്രിയില്‍ എത്തിയപ്പോള്‍ കോട്ടയം 38 വരെയെത്തി. എന്തിന്, തണുപ്പിന് പേരുകേട്ട മൂന്നാറില്‍ വരെ 36 ഡിഗ്രി ചൂട്. ആഗോളതാപനം മലയാളികളും ചെറുതായിട്ട് അറിഞ്ഞുതുടങ്ങിയിരിക്കുന്നു...



                                             _____________________________
 
   കടുത്ത വേനലിലും വറ്റാത്ത നീരുറവകള്‍, ഇടതൂര്‍ന്ന വൃക്ഷലതാദികള്‍, പക്ഷികളുടെ കളകളാരവം... സൈലന്റ് വാലിയോ അഗസ്ത്യകൂടമോ അല്ല! പെരുമ്പാവൂര്‍ ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഇരിങ്ങോള്‍ കാവിലാണ് ഈ ജൈവവൈവിധ്യം കാണുവാന്‍ സാധിക്കുന്നത്.


   60 ഏക്കറോളം പടര്‍ന്നുപന്തലിച്ചുകിടക്കുന്ന കാടിന്റെ മധ്യത്തിലാണ്‌
ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂര്‍ പട്ടണത്തില്‍ നിന്നും നാലരക്കിലോമീറ്ററാണ് കാവിലേക്കുള്ള ദൂരം.
ഇലവുമരങ്ങളുള്‍പ്പടെയുള്ള  നിരവധി ആയുര്‍വേദ വൃക്ഷങ്ങള്‍ നിറഞ്ഞതാണ് ഈ കാവ്. നട്ടുച്ചക്കുപോലും സൂര്യപ്രകാശം ഉള്ളിലേക്ക്‌ കടത്തിവിടാതെ, തിങ്ങിനിറഞ്ഞ് ഇവ നിലകൊള്ളുന്നു. പക്ഷികളും ഇഴജന്തുക്കളും സജീവമായ ഇവിടെ ഒരുകാലത്ത് കുരങ്ങുകളും ധാരാളമുണ്ടായിരുന്നു.


   കംസന്‍ വധിക്കുവാന്‍ ശ്രമിച്ച പെണ്‍കുട്ടിയാണ് ഇരിങ്ങോള്‍ ഭഗവതിയായി മാറിയതെന്നാണ്‌ ഐതിഹ്യം. ചുറ്റുപാടുമുള്ള മരങ്ങളും ചെടികളും, ദേവീദേവന്‍മാരാകുന്ന സംരക്ഷണശക്തിയുടെ പ്രതീകമാണ്.


   ക്ഷേത്രത്തിന്റെ പഴയ നടത്തിപ്പുകാര്‍ നാഗഞ്ചേരി എന്ന കുടുബക്കാരായിരുന്നു. എന്നാല്‍ പിന്നീട് കുടുബം ക്ഷയിച്ചപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും  തറവാടായ നാഗഞ്ചേരി മന ലളിതകലാ അക്കാദമിയും ഏറ്റെടുത്തു. കലാപ്രവര്‍ത്തകര്‍ തമ്പടിച്ച ഇവിടം, 'ബുദ്ധിജീവികളു'ടെ കലാനിര്‍മാണങ്ങളാല്‍ നിറഞ്ഞു. 500 വര്‍ഷത്തിലധികം പഴക്കമുള്ള ഈ തറവാടിനുമുന്നില്‍ നഗ്നനായ പുരുഷരൂപമുള്‍പ്പടെയുള്ള നിരവധി സൃഷ്ടികള്‍ ഇന്ന്‌ കാണുവാന്‍ സാധിക്കും. ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ്് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാലയില്‍, ലോകപ്രശസ്ത ശില്‍പ്പികള്‍
നിര്‍മിച്ചവയാണിവയൊക്കെ.





   നഗരത്തിലെ പൊടിപടലങ്ങളിലൂടെ സഞ്ചരിച്ച്, ക്ഷീണിച്ചവശനായി എത്തിയ ഞാന്‍, ഉന്‍മേഷവാനായാണ് കാവില്‍നിന്നും പുറത്തിറങ്ങിയത്. മനസിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുക എന്ന ആരാധനാലയത്തിന്റെ കര്‍ത്തവ്യം, ഹരിതാര്‍ഭമായ അന്തരീക്ഷത്തിലൂടെ ഇരിങ്ങോള്‍ കാവ് പൂര്‍ത്തീകരിക്കുന്നു....








1 comment:

  1. The Baccarat strategy, and where to start in 2021
    I can help you with your gambling 바카라 strategy - I've done many studies on the Baccarat strategy and 바카라 사이트 where 1xbet to start in 2021.

    ReplyDelete