28 Mar 2014

നോഹ

   ബൈബിളിലെ നോഹയുടെ പെട്ടകം ആധാരമാക്കി, റസല്‍ ക്രോ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് നോഹ. 'ദി റെസ്‌ലര്‍', 'ദി ഫൗണ്ടന്‍' തുടങ്ങിയ നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായ ഡാരണ്‍ അരോണോഫ്‌സ്‌ക്കിയുടെ ആറാമത്തെ ചിത്രമാണിത്. ഐമാക്‌സ് 3ഡിയില്‍ ഇറക്കിയിരിക്കുന്ന ചിത്രം പ്രമേയംത്തിലും ദൃശ്യമികവിലും ഒരുപോലെ മികച്ചതാണ്. ബൈബിളിന്റെ അര്‍ത്ഥതലങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നു എന്ന വിമര്‍ശനത്തിന്റെ പേരില്‍  ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയിരുന്നു. അതോടൊപ്പം തന്നെ ഇസ്ലാമിക സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണ് നോഹയുടെ കഥ എന്ന വാദത്തിന്റെ പേരില്‍ ഇപ്പോഴും നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്നു.

   മനുഷ്യകുലം നശിപ്പിച്ചു നാറാണക്കല്ലാക്കിയ ഭൂമിയെ ഒന്നില്‍ നിന്നും വീണ്ടും തുടങ്ങാനായി ദൈവം നോഹയെ നിയോഗിക്കുന്നു. എന്നാല്‍ മനുഷ്യകുലം ഇല്ലാത്ത ഒരു ലോകം തുടങ്ങണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇച്ഛാശക്തിയോടെ ഇതിനായി പ്രവര്‍ത്തിക്കുമ്പോഴും, മനുഷ്യന്റെ അധികാരമോഹം, പ്രതികാരം, വാത്സല്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ നോഹയ്ക്ക് പ്രതിസന്ഥികള്‍ സൃഷ്ടിക്കുന്നു. ഇവയെ തരണം ചെയ്ത്,  ദൈവീകമായ ഈ ദൗത്യം നിറവേറ്റുക എന്നതാണ് നോഹയുടെ മുന്നിലെ വെല്ലുവിളി.

   ഗ്രാഫിക്‌സുകളോടൊപ്പം തകര്‍പ്പന്‍ 3ഡി രംഗങ്ങളും നിറഞ്ഞതാണ് ആദ്യ പകുതി. രണ്ടാം പകുതിയില്‍ ചിത്രം കൂടുതല്‍ ഗൗരവമേറിയ ആശയങ്ങളിലേക്ക് എത്തിച്ചേരുന്നു.

   മനുഷ്യന്റെ അധികാരമോഹവും അഹങ്കാരവുമെല്ലാം അവനെ സഹജീവികളില്‍ നിന്നുമകറ്റുകയും, തമ്മിലടിയിലൂടെ ലോകത്തിനുതന്നെ ഭീഷണിയായി മാറുകയും ചെയ്തു. എല്ലാ ശക്തികളും സൃഷ്ടാവിന് സ്വന്തമാണെന്നും, അതിനാല്‍ മനുഷ്യകുലത്തിന് ലഭിച്ച ഈ അവസരം തമ്മിലടിച്ചും നശിപ്പിച്ചും കളയാനുള്ളതല്ലെന്നും ചിത്രം വ്യക്തമാക്കുന്നു.

അവസാന വാക്ക്‌ :  മികച്ച ചിത്രം!

No comments:

Post a Comment