*******************************************************************************
മലയാളിയുടെ മനസിന് കുളിര്‍മയുള്ള ഓര്‍മകളുമായി വീണ്ടുമൊരു ഓണക്കാലം വന്നെത്തി...
പൂക്കളമിടുന്നത് ഇന്നു മുതലാണ്. അത്തം മുതല്‍ ഉത്രാടം വരെ പത്ത് ദിവസം പൂക്കളമിടും. പുലര്‍ച്ചെ കുളിച്ച് ശുദ്ധിയോടെ പൂക്കളമിടണമെന്നാണ് വെപ്പ്. അതുപോലെ അത്തത്തിന് തുമ്പപ്പൂ കൊണ്ടാണ് പൂക്കളം. എന്നാല്‍ ഇന്ന് തുമ്പപ്പൂ കണ്ടാല്‍ എത്രപേര്‍ക്ക് തിരിച്ചറിയാനാകുമെന്നത് മറ്റൊരു ചോദ്യമാണ്. പൂക്കളത്തില്‍ ഓണത്തപ്പനെ സ്ഥാപിക്കുക, ചാണകം മെഴുകുക എന്നിങ്ങനെയുള്ള രീതികളും ഇന്ന് വിരളമായി മാത്രം കാണുവാന്‍ സാധിക്കുന്നു.
കടംവാങ്ങി കുറേ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക, ഓണവുമായി ഒരുബന്ധവുമില്ലാത്ത ഓണാഘോഷപ്പരിപാടികളില്‍ പങ്കെടുക്കുക എന്നിങ്ങനെയുള്ള കാര്യപ്പരിപാടികളാണ് ഇന്നത്തെ ഓണത്തെ ആകര്‍ഷകമാക്കുന്നത്. ഒത്തുചേരലിന്റെ ആഘോഷമെന്ന സങ്കല്‍പ്പത്തെ ഓണം ഇന്നും കാത്തു സൂക്ഷിക്കുന്നുവെങ്കിലും, കച്ചവടസംസ്‌കാരത്തിന്റെ ഭാഗമായുള്ള ഒത്തുചേരല്‍ മാത്രമായി മാറുന്നു ഇത്.
എന്നാല്‍ കാലം മാറിയെന്ന പരിഭവവുമായി ഇരിക്കാതെ, കച്ചവടക്കാരുടെ മാസ്മരികവലയത്തെ ഭേദിച്ച് പുറത്ത് കടക്കുക. ഓണത്തെ ക്രിയാത്മകമായി സമീപിക്കുക. അത്തപ്പൂവിടുക, ബന്ധു-മിത്രാദികളുമായി ഒത്തുചേരുക, വീട്ടില്‍ ഉപ്പേരിയും പായസവും വെക്കുക. കോടീശ്വരന്‍മാരായ കച്ചവടക്കാരെ സഹായിക്കുന്നതിനു പകരം തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുക.
എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു...
*******************************************************************************
നല്ല ചിന്തകള്‍...
ReplyDelete