23 Aug 2014

ജനങ്ങളുടെ ശബ്ദവുമായ് ഒഡേസാ സത്യന്‍

കഴിഞ്ഞ ആഴ്ച അന്തരിച്ച, ഒഡേസാ മൂവിസിന്റെ അമരക്കാരനായിരുന്ന ഒഡേസ സത്യനുമായി 30-03-14ല്‍ നടത്തിയ അഭിമുഖം
______________________________________________________________________________

തെരുവുകളിലൂടെ കനലടങ്ങാത്ത മനസ്സുമായി, ആടിയുലഞ്ഞു കടന്നുപോയ ജോണ്‍ എബ്രഹാം. നാട്ടുകാര്‍ക്കു മുന്നില്‍ കൈനീട്ടി കിട്ടിയ ചില്ലറത്തുട്ടുകളിലൂടെ, ജോണും കൂട്ടരും കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങളുടെ പേരായിരുന്നു 'ഒഡേസ മൂവീസ്'. മുതലാളിമാര്‍ക്കും താരങ്ങള്‍ക്കും മുന്നില്‍ ഓച്ഛാനിച്ചുനിന്ന മലയാള സിനിമയെ സാധാരണക്കാരനിലേക്ക് ചേര്‍ത്തുവെച്ച ഒഡേസ മൂവീസ്, സിനിമ എന്ന കലാരൂപത്തിന് തീയറ്ററുകളുടെ ആവശ്യം പോലുമില്ല എന്ന് മലയാളിയെ പഠിപ്പിക്കുകയായിരുന്നു.

ജോണ്‍ എബ്രഹാമിന്റെ മരണത്തോടെ അനിശ്ചിതത്ത്വത്തിലായ ഒഡേസ പ്രസ്ഥാനം പുനരുജ്ജീവിക്കുന്നത് സത്യന്റെ വരവോടെയാണ്. ജനങ്ങള്‍ക്കുവേണ്ടി സിനിമയിലൂടെ ശബ്ദിക്കണമെങ്കില്‍ നല്ലൊരു കലാകാരന്‍ മാത്രമായാല്‍ പോര, മറിച്ച് നല്ലൊരു സമൂഹസ്‌നേഹി കൂടിയാവണം എന്ന് സിനിമാ ലോകത്തെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.

പഴയകാല അനുഭവങ്ങളും, കാലത്തിനനുസരിച്ച് ഒഡേസയുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ മാറ്റങ്ങളും, നേരിട്ട പ്രതിസന്ധികളും ഒഡേസ മൂവീസിന്റെ സാരഥി സി.വി. സത്യന്‍ അഥവാ ഒഡേസ സത്യന്‍ പങ്കുവെച്ചപ്പോള്‍...


  • ഒഡേസയുടെ പ്രവര്‍ത്തനങ്ങളുടെ ആരംഭം എങ്ങനെയായിരുന്നു ?
   ഒരുപറ്റം സി പി എം എല്‍ പ്രവര്‍ത്തകരോടൊപ്പം, 1984ലാണ് ഒഡേസ എന്ന പ്രസ്ഥാനത്തിന്റെ ആലോചനകള്‍ തുടങ്ങുന്നത്. 1984 ഡിസംബറില്‍ പ്രഥമയോഗം കൂടുകയും ചെയ്തു. ഫാറൂഖ് കോളജിന്റെ അടുത്തായി പ്രവര്‍ത്തിച്ചിരുന്ന പാരലല്‍ ആര്‍ട്ട്‌സ് കോളജില്‍ വെച്ചായിരുന്നു യോഗം. സോമനാഥന്‍ എന്ന മുന്‍കാല നക്‌സല്‍ പ്രവര്‍ത്തകന്റെ വീടും കോളജുമായിരുന്നു പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങള്‍.
   മലബാറിലെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളെ തിരിച്ചുപിടിക്കുന്നത് ജോണ്‍ അവിടെ സജീവമായതോടെയാണ്. ദൃശ്യമേഖലയിലെ മൂലധനത്തിനെതിരെ ഒരു കാഴ്ചപ്പാടുമായിട്ടാണ് ജോണിന്റെ രംഗപ്രവേശം. സാങ്കേതികത വിരല്‍ത്തുമ്പിലെത്തിയ ഇന്നത്തെ കാലത്ത് ചിന്തിക്കുമ്പോള്‍ ഇത് നിസ്സാരമാണ്.  ജനകീയ ചിത്രം എന്ന ചിന്തയുമായി മുന്നോട്ടുവന്ന ജോണിനെ കലാകാരനെന്നതിനുമപ്പുറം, യഥാര്‍ഥ ഒരു മനുഷ്യ സ്‌നേഹിയെ കാട്ടിത്തരുന്ന ഒന്നായിരുന്നു. 

  • ഒഡേസയുടെ ആദ്യ ചിത്രമായ 'അമ്മ അറിയാനി'ല്‍ താങ്കളുടെ പ്രവര്‍ത്തനം എന്തെല്ലാമായിരുന്നു?
ജോലി സ്ഥലത്ത് അപകടത്തില്‍പ്പെട്ട്, വികലാംഗനായ പാറമടതൊഴിലാളി കറുപ്പുസ്വാമിയുടെ കഥ ചിത്രത്തിലവതരിപ്പിക്കുവാനാണ് ജോണ്‍ എന്നെ വിളിക്കുന്നത്. കറുപ്പുസ്വാമിയുടെ കൂടെ യഥാര്‍ത്ഥ സമരത്തിലും ഞാന്‍ പങ്കാളിയായിരുന്നു. ഞാന്‍ അഭിനയുച്ചിരുന്നുവെങ്കിലും, നടന്‍ എന്ന നിലക്കായിരുന്നില്ല എന്നെ വിളിച്ചത്.
   സി പി എം നടത്തിയിരുന്ന പാറമടയായിരുന്നതിനാല്‍, അവര്‍ക്കെതിരേയുള്ള ഒരു സമരമായിരുന്നു അത്. 1978ല്‍ നടന്ന ഈ സമരം, വലിയ അക്രമങ്ങളില്‍ വരെ എത്തിച്ചേര്‍ന്നിരുന്നു. ഇതെല്ലാം നേരിട്ടറിയാവുന്നയാള്‍ എന്ന നിലയ്ക്കാണ് ജോണ്‍ എന്നെ വിളിക്കുന്നത്. ചിത്രത്തില്‍ സമരകഥ വിവരിക്കുന്നത് ഞാനാണ്. അതോടൊപ്പം ധനസമാഹാരം, പ്രദര്‍ശനം മുതലായ സംഘടനാപ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കാളിയായിരുന്നു.
   അമ്മ അറിയാനില്‍ അവതരിപ്പിച്ച എല്ലാ സംഭവങ്ങളും യാഥാര്‍ത്ഥത്തില്‍ നടന്നവയാണ്.
  • ജോണ്‍ എബ്രഹാമിന്റെ മരണത്തിനുശേഷം ഒഡേസ പ്രസ്ഥാനത്തിന്റെ അവസ്ഥ എന്തായിരുന്നു?
   1987ലെ ജോണിന്റെ മരണത്തിനു ശേഷം മുന്നോട്ട് കൊണ്ടുപോവാന്‍ ആളില്ലായിരുന്നു. ജോണിന്റെ കാഴ്ച്ചപ്പാടില്‍ നിന്നും പൊരുതാന്‍ പറ്റുന്ന, സര്‍ഗാത്മകരായ ആരുമുണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. ജോണിന്റെ മരണശേഷം ഒഡേസയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്തിലായി. പലരും അവരുടെ കുടുബത്തിലേക്കും വ്യക്തിജീവിതത്തിലേക്കും മടങ്ങി. 1990-91 കാലഘട്ടത്തിലാണ് ഒഡേസയുടെ പുനഃപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

  • ഒഡേസയുടെ പിന്നീടുണ്ടായ ചിത്രങ്ങളും ജനങ്ങളുടെ പ്രതികരണവും എങ്ങനെയായിരുന്നു?
   ജോണിന്റെ ഗ്ലാമര്‍ പിന്നീട് ഒഡേസയ്ക്ക് ലഭിച്ചില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജനകീയ ചലച്ചിത്രമെന്ന കാഴ്ചപ്പാടിനെ നിലനിര്‍ത്തി 5 ചിത്രങ്ങള്‍ ചെയ്തു. കവി എ അയ്യപ്പനെക്കുറിച്ചുള്ള 'ഇത്രയും യാത ഭാഗം', നക്‌സല്‍ വര്‍ഗീസ് വധത്തിന്റെ അന്വേഷണം നടത്തിയ 'വേട്ടയാടപ്പെട്ട മനസ്സ'്, പ്രണയവിവാഹങ്ങള്‍ നേരിടുന്ന രാഷ്ട്രീയ-മതപരമായ മുതലെടുപ്പുകള്‍ പ്രതിപാദിക്കുന്ന 'മോര്‍ച്ചറി ഓഫ്് ലൗ', അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള 'അഗ്നിരേഖ' എന്നിങ്ങനെ നാല് ചിത്രങ്ങള്‍ അമ്മ അറിയാനുശേഷം പുറത്തിറക്കി. ഒഡേസാ മൂവീസിന്റെ ആറാമത്തെ സംരംഭമായ 'വിശുദ്ദപശു' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നു.
   അഗ്നിരേഖയുടെ ആദ്യ പ്രദര്‍ശനം കോഴിക്കോട് വെച്ച് നടത്തിയപ്പോള്‍ 2000ലധികം ആളുകള്‍ ചിത്രം കാണുവാനായി വന്നു. തുടര്‍ന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. അഗ്നിരേഖ, അയ്യപ്പന്റെ എന്നിവ ഏറ്റവും മികച്ച പ്രതികരണം കിട്ടിയ ചിത്രങ്ങളാണ്.
   കണ്ണൂര്‍,വയനാട,് തലശ്ശേരി, തൃശ്ശൂര്‍, എന്നിവിടങ്ങളിലെ അനവധി വേദികളിലായി ഒഡേസ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. കേരളത്തിന്റെ പുറത്തായി ബോംബെ യൂണിവേഴ്‌സിറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് എന്നിവിടങ്ങളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഫിലിം ഫെസ്റ്റിവലുകളിലും ഒഡേസയുടെ ചിത്രങ്ങള്‍ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നു.


  • ധനസമാഹരണം എങ്ങനെയാണ്?
   പൈസ പിരിച്ച് സിനിമയെടുക്കുക എന്നത് അത്ര നിസ്സാരമായൊരു പ്രവര്‍ത്തിയല്ല. ശരീരഭാഷ വരെ ശൃദ്ധിച്ചാണ് ജനങ്ങള്‍ പൈസ തരുന്നത്. പണപ്പിരിവ് എന്നതിനാവശ്യമായ ജനകീയസ്വഭാവം സംവിധായകനുണ്ടാവണം. ശരീരഭാഷയില്‍ കൂടുതല്‍ സത്യസന്ധതയും വിനയവും ആവശ്യമാണ്. എന്നാല്‍ മുഖ്യധാരാ സിനിമ ഇതൊന്നും ആവശ്യപ്പെടുന്നില്ല. അവിടെ കലാകാരന് സര്‍വ്വ അധികാരവും ഗ്ലാമറും ഉണ്ട്.
   അമ്മ അറിയാന്റെ ആവര്‍ത്തനമല്ല, അതിന്റെ കാഴ്ചപ്പാട് മുറുകെ പിടിച്ചാണ് ഈ ജനകീയ പ്രസ്ഥാനം മുന്നോട്ട് പോയത്. ആരോടും എന്തോടും വാങ്ങാം എന്ന രീതിയിലല്ല ധനസമാഹരണം. സംസ്ഥാന ഫണ്ടുകള്‍, എന്‍ ജി ഒ സഹായങ്ങള്‍ എന്നിവയൊന്നും ഞങ്ങള്‍ സ്വീകരിക്കാറില്ല. ജനകീയ സിനിമയുടെ കാഴ്ചപ്പാടില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക എന്നതാണ് പ്രധാനം; പ്രസ്ഥാനം എത്ര വലുതായി അല്ലെങ്കില്‍ എത്ര ചെറുതായി എന്നതിലല്ല.
  • എന്‍ജിഒ സഹായങ്ങള്‍ എന്തുകൊണ്ടാണ് സ്വീകരിക്കാത്തത്?
   വിഷ്വല്‍ മേഖലയില്‍ എന്‍ ജി ഒ കടന്നുകയറ്റം കൂടിവരുന്നു. തൃശ്ശുരിലെ വിബ്ജിയൊര്‍ മേളകളൊക്കെ എന്‍ ജി ഒ ധനസഹായത്തോടെ നടക്കുന്നവയാണ്. എന്നാല്‍ അവര്‍ കൊണ്ടുവന്ന ചിത്രങ്ങള്‍ അരാഷ്ട്രീയ വത്കരണമാണ് നടത്തുന്നത്. ഉദാഹരണത്തിന് കൊക്കകോളയെക്കുറിച്ചുള്ള ഡോക്യുമെന്ററി. സി പി എം ആണ് കൊക്ക കോളയെ കൊണ്ടുവന്നത്, എന്നാല്‍ ചിത്രത്തില്‍ അവരാണ് സമരനായകന്‍മാര്‍. സിനിമ ഗംഭീരം എന്നുപറഞ്ഞ് കേരളം മുഴുവനും കൊണ്ടാടുകയും ചെയ്യ്തു. എന്‍ ജി ഒ ചിത്രങ്ങള്‍, യഥാര്‍ത്ഥ രാഷ്ട്രീയം ചോര്‍ത്തിക്കളയുന്നു. ജോണ്‍ ഉണ്ടാക്കിയ ജനകീയ സിനിമകളുടെ ഇടങ്ങളിലെല്ലാം ഇന്ന് എന്‍ ജി ഒ കടന്നുകയറ്റം ധാരാളമായി ഉണ്ടാകുന്നു. ഇതെല്ലാം ജനകീയ സിനിമ നേരിടുന്ന വെല്ലുവിളികളാണ്.
  • സിനിമ പ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാറുണ്ടോ?
   സിനിമ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും പേഴ്‌സ് എടുക്കാന്‍ മറന്നു പോയി എന്നും മറ്റും പറയുന്നവരാണ്്. കെ പി കുമാരന്‍, ടി വി ചന്ദ്രന്‍ തുടങ്ങിയവര്‍ ചോദിച്ചാല്‍ തരുന്നവരാണ്. രഞ്ജിത്ത്, കമല്‍, ഷാജി കൈലാസ്, മുന്‍മന്ത്രി എം എ ബേബി തുടങ്ങിയവരും സഹായിച്ചിട്ടുണ്ട്. ഫെസ്റ്റിവലുകളിലും പിരിവുകള്‍ നടത്താറുണ്ട്.
   ഷൂട്ടിംഗിനനുസരിച്ചാണ് ഫണ്ട് സമാഹരണവും. ഒന്നിച്ചുപിരിക്കാറില്ല. ഇപ്പോള്‍ വിശുദ്ധപശുവിന്റെ എഡിറ്റിംഗിനായി ധനസമാഹരണം നടന്നുകൊണ്ടിരിക്കുന്നു.
  • ജനകീയ സിനിമ എന്ന ആശയം പ്രാവര്‍ത്തികമാക്കുമ്പോള്‍ നേരിടേണ്ടിവരാറുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
   മുതലാളിത്ത സിനിമയുടെ ഗ്ലാമറോ അധികാരമോ പ്രശസ്തിയോ ഒന്നും ജനകീയ സിനിമ എന്ന ആശയത്തില്‍ ലഭിക്കില്ല. ദൃശ്യമേഖലയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണിത്. നമ്മള്‍ നമ്മളോട് തന്നെ നടത്തുന്ന ഒരു സമരമാണിത്. ഇവിടെ സംവിധായകന്‍ കൊണ്ടാടപ്പെടുകയില്ല. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചിത്രം ബോംബെ സെന്റ് തെരേസാസില്‍ കാണിച്ചു. എന്നാല്‍ കേരളത്തില്‍ സി പി എം ശക്തികേന്ദ്രങ്ങളായ പല ഗ്രാമങ്ങളിലും വേദി ലഭിച്ചില്ല. രാഷ്ട്രീയമായ നിരീക്ഷണത്തിലൂടെ മാത്രമേ ഇവിടെ ചിത്രങ്ങള്‍ കാണിക്കപ്പെടുകയുള്ളൂ. ഇതുപോലെയുള്ള സാഹചര്യങ്ങള്‍ ജനകീയ സിനിമകളുടെ വേദി കുറയ്ക്കും. രാഷ്ട്രീയമായ സത്യങ്ങള്‍ തുറന്നുപറയുന്ന ചിത്രങ്ങള്‍ക്ക്, പ്രദര്‍ശനത്തിനുള്ള സ്‌പേസ് കുറയും. ജോണ്‍ ഈ പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ല.
   ചിത്രീകരണത്തിലും നിരവധി പ്രശ്‌നങ്ങള്‍ ഒഡേസ നേരിടാറുണ്ട്. പൊളിറ്റിക്കല്‍ ഡോക്യുമെന്ററികള്‍ ചെയ്യുമ്പോള്‍ ധാരാളം തടസങ്ങള്‍ നേരിടേണ്ടിവരും. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ പല പ്രദേശങ്ങളിലും 'വിശുദ്ധ പശു'വിന്റെ ചിത്രീകരണം തടഞ്ഞിട്ടുണ്ട്.
  • ഒഡേസയുടെ ഇന്നത്തെ പ്രവര്‍ത്തനരീതി എങ്ങനെയാണ്?
   വളരെ അയഞ്ഞ ഒരു ചട്ടക്കൂടില്‍ നിന്നാണ് ഒഡേസ പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോള്‍ നേതൃനിരക്കുവേണ്ടി പിടിവലി ഉണ്ടാകും. അതിനാല്‍ സംഘടന എന്നതില്‍ നിന്നും മാറി, ഒത്തുചേരല്‍ എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം നടത്തി വരുന്നത്. പുതിയ പുതിയ ചെറുപ്പക്കാരാണ് ഇപ്പോഴും ഒഡേസയുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

  • സാങ്കേതികവിദ്യയുടെ പുരോഗതിയേയും നവമാധ്യമങ്ങളെ ഒഡേസ എത്രത്തോളം പ്രയോജനപ്പെടുത്തുന്നു?
   സാങ്കേതിക വിദ്യയുടെ വളര്‍ച്ച, സിനിമാ നിര്‍മാണത്തില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുന്നുണ്ട്. ഒഡേസയുടെ പുതിയ ചിത്രം 'വിശുദ്ധ പശു'വിന്റെ ചിത്രീകരണം ഭാരതത്തിന്റെ വിവിധ കോണുകളിലായാണ് നടക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ പോവുക എന്നത് ചിലവ് കൂട്ടും. അങ്ങനെയുള്ള അവസരങ്ങളില്‍ ക്യാമറ പോലെയുളള സാങ്കേതിക വശങ്ങളിലെ പുതിയ വികസനങ്ങള്‍ ചിലവ് കുറക്കാന്‍ ഉപകാരപ്പെടുന്നു. പ്രചാരണങ്ങള്‍ നടത്തുവാനും നവമാദ്ധ്യമങ്ങള്‍ വളരെയധികം ഉപകാരപ്രദമാണ്.
  • ജനകീയം എന്നു പറയപ്പെടുന്ന ഒഡേസ പ്രസ്ഥാനം, ആനുകാലിക വിഷയങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ല?
   നന്നായി പഠനം നടത്തി വേണം വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍. പെട്ടന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഓടുമ്പോള്‍ അതൊരു മാധ്യ മ പ്രവര്‍ത്തനമായി മാറും. സര്‍ഗാത്മകത അതില്‍ ഉണ്ടാവില്ല. എന്നാല്‍ പ്രാദേശികമായി ഇത് ചെയ്യുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട്. ഒരു സംഭവമുണ്ടായി ഉടനെ എടുക്കുന്നത് നല്ല മെതേുമല്ല.
  • തെക്കന്‍ കേരളത്തില്‍ ഒഡേസക്ക് ഇപ്പോള്‍ വേരുകളുണ്ടോ?
   ജോണിന്റെ കാലത്ത് ധാരാളം ഉണ്ടായിരുന്നു. നിരവധി ചെറുപ്പക്കാര്‍ തെക്കന്‍ കേരളത്തില്‍ ഇതിനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീടത് കുറഞ്ഞു. സാങ്കേതികവിദ്യയുടെ മാറ്റവും, ചെന്നു പ്രദര്‍ശിപ്പിക്കേണ്ട ആവശ്യത്തെ കുറച്ചുകൊണ്ടുവന്നു. എന്നാല്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ എല്ലായിടത്തും കൊണ്ടുപോയി പ്രദര്‍ശിപ്പിക്കാറുണ്ട്.
  • ഇന്നത്തെ ഫിലിം സൊസൈറ്റികളെക്കുറിച്ച് താങ്കള്‍ക്കെന്താണ് അഭിപ്രായം?
   ഫിലിം സൊസൈറ്റികള്‍ കാലഹരണപ്പെട്ടു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. സിനിമ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കേണ്ട കാര്യം ഇന്നില്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ച, സിനിമകളേയും ഡോക്യുമെന്ററികളേയും ആളുകളില്‍ എളുപ്പത്തില്‍ എത്തിക്കുന്നു. സംഘടനാ പാടവം മാറി, സര്‍ഗാത്മകമായ കഴിവുകളാണ് ഫിലിം സൊസൈറ്റികള്‍ക്ക് ഇന്നത്തെക്കാലത്ത് വേണ്ടത്. എന്നാല്‍ അങ്ങനെയുള്ളവരാകട്ടെ മുഖ്യധാരാ സിനിമകളിലേക്കും പോയി.
  • സിനിമയോടൊപ്പം മറ്റെന്തൊക്കെ മേഖലകളിലാണ് ഒഡേസ ശൃദ്ധ ചെലുത്തുന്നത്?
   കലാകാരന്‍മാര്‍ക്കും സംഘടനകള്‍ക്കും നാടകങ്ങള്‍ അവതരിപ്പിക്കുവാന്‍ ഒഡേസ അരങ്ങൊരുക്കുന്നു. കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുവീരന്റെ ചക്രം തുടങ്ങിയ നാടകങ്ങള്‍ ഒഡേസയുടെ വേദികളില്‍ അരങ്ങേറിയിട്ടുണ്ട്. പെയിന്റിങ്ങ് എക്‌സിബിഷനുകളും ഒഡേസയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. എല്ലാവര്‍ക്കും ഒത്തുചേരാനുള്ള ഒരു വേദി എന്ന നിലക്കാണ് പ്രധാനമായും ഒഡേസ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്.
  • ആദ്യകാലപ്രവര്‍ത്തകരില്‍ ആരെങ്കിലും ഇപ്പോഴും സജീവമായി രംഗത്തുണ്ടോ 
   ആദ്യകാല പ്രവര്‍ത്തകരില്‍ ഹരിനാരായണന്‍ മാത്രമാണ് ഇപ്പോള്‍ സജ്ജീവമായുള്ളത്. ഒഡേസയുടെ എല്ലാ ചിത്രങ്ങളുടേയും സംഗീതസംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹമാണ്. കൂടാതെ മധുമാഷെ പോലെയുള്ള ചില ആളുകളും സഹായസഹകരണങ്ങളുമായി ഇപ്പോഴും ഒഡേസയുടെ കൂടെയുണ്ട്.

  • വരും കാലങ്ങളില്‍ ഈ കാഴ്ചപ്പാടിലുള്ള പ്രവര്‍ത്തനം എത്രത്തോളം പ്രായോഗികമാണ്?
   മുതലാളിത്ത കലാവിപണിയില്‍ സര്‍ഗാത്മതയ്ക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ ഒഡേസ പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങള്‍, നിര്‍മ്മാതാവിന്റെ ബന്ധനങ്ങളൊന്നുമില്ലാതെ സ്വതന്ത്രമാണ്. ഇങ്ങനെയുള്ള ഒരിടത്തേ പൂര്‍ണ്ണമായും ക്രിയാത്മകമായ കല കാണുവാന്‍ സാധിക്കൂ. അതിനാല്‍ എല്ലാ തലമുറയ്ക്കും ഈ പ്രസ്ഥാനം അനിവാര്യമായ ഒന്നുതന്നെയാണ്.
  • ഈ പ്രസ്ഥാനത്തിലേക്ക് വന്നത് അബദ്ധമായി എന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
   രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച അതേ ഊര്‍ജ്ജം ഒഡേസയില്‍ പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്നു. ആരുടേയും അടുത്തേക്ക് തേടിപ്പോവാതെ, എല്ലാ സ്വാതന്ത്രത്തോടും കൂടി പ്രവര്‍ത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു.






No comments:

Post a Comment