28 May 2014

'അസുരന്‍'മാര്‍ വിഹരിക്കുന്ന അസുരകുണ്ട്...


 നാനൂറ്റിപതിനെട്ടല്ല നാലുലക്ഷത്തിപതിനെട്ട് ബാറുകള്‍ തുറന്നാലും, നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന, പാടത്തും പറമ്പിലും കാട്ടിലുമിരുന്നുള്ള മദ്യപാനം കുറയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്. വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നുകൂടിയാണിത്. പരിസരമലിനീകരണത്തിനോടൊപ്പം, പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്ക്
 വലിയ ബുദ്ധിമുട്ടുകളും ഇക്കൂട്ടരില്‍ നിന്ന് നേരിടേണ്ടി വരുന്നു...
നാട്ടുകാരുടെ മദ്യപാനകേന്ദ്രവും സാമൂഹികവിരുദ്ധരുടെ ഇഷ്ടപ്രദേശവുമായിമാറിയ അസുരകുണ്ട് എന്ന കൃത്രിമജലാശയത്തിലേക്ക്...

___________________________________

   ഷൊര്‍ണൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, അസുരകുണ്ട് ജലസംഭരണി ആകര്‍ഷകമായ ഒരു ഭൂപ്രദേശമാണ്. വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ, 1977ലാണ് ജലസംഭരണി നിര്‍മ്മിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്നും സംസ്ഥാന പാത 22 ലൂടെ യാത്ര ചെയ്താല്‍ ആറ്റൂര്‍ ഗ്രാമപ്രദേശത്ത് എത്തിച്ചേരാം; അവിടെ നിന്നും പഴയന്നൂര്‍ റോഡിലൂടെ സഞ്ചരിച്ച് അസുരകുണ്ടിലെത്താം. തൃശൂര്‍ വനവകുപ്പിന്റെ കീഴിലുള്ള മച്ചാട് ഡിവിഷനിലാണ് ജലസംഭരണി സ്ഥിതിചെയ്യുന്നത്. 10 മീറ്റര്‍ മാത്രം ഉയരമുള്ള അണക്കെട്ടാണിത്.



    ഷൊര്‍ണൂരുള്ള സുഹൃത്തിനെ കൂട്ടിയാണ്, നാട്ടുകാര്‍ക്കിടയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അസുരകുണ്ട് ജലസംഭരണിയിലേക്ക് ഞാന്‍ പോയത്. ഞാന്‍ അസുരകുണ്ടിലേക്ക് പോകാം എന്നു പറഞ്ഞപ്പോള്‍, 'വേണോ?' എന്നാണ് ആദ്യമവനെന്നോട് ചോദിച്ചത്. കൊലപാതകമൊക്കെ നടന്ന സ്ഥലമാണെന്നും അതിനാല്‍ പോകുന്നത് സുരക്ഷിതമല്ലെന്നും അവന്‍ പറഞ്ഞപ്പോള്‍, ഏതായാലും പോയിനോക്കാമെന്ന് ഞാന്‍ പറഞ്ഞു. ചെക്‌പോസ്റ്റിലെ പോലീസുകാരന്റെ ഭയങ്കരമായ ചോദ്യം ചെയ്യല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി ഇവന്‍ പറയുന്നപോലെയൊന്നുമല്ല, വളരെ കര്‍ക്കശമായിട്ടാണ് അവിടെ കാര്യങ്ങള്‍ നടന്നുപോകുന്നതെന്ന്. എന്നാല്‍ ഉള്ളിലേക്ക് ചെന്നപ്പോള്‍ എത്രത്തോളമാണ് അവിടുത്തെ കര്‍ക്കശത്വം എന്നതെനിക്ക്‌ വ്യക്തമായി.
   സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമാണിവിടം. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് കടന്നുള്ള വഴിയായിട്ടുകൂടെ, അങ്ങിങ്ങായി മദ്യപിച്ചുകൊണ്ടിരിക്കുന്ന ചെറുകൂട്ടങ്ങളെ ധാരാളം കാണാമിവിടെ. വഴിയുടെ നടുക്ക് കുപ്പിവെച്ച് അടിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. കുപ്പിതട്ടാതെ, ഒതുങ്ങി ഞങ്ങള്‍ ഡാമിലേക്ക് നീങ്ങി.

   മനംമടുപ്പോടെയാണ് ചെന്നതെങ്കിലും, അണക്കെട്ടിന്റെ അകത്തേക്ക് പ്രവേശിച്ചതോടെ ഈയൊരു മാനസികാവസ്ഥ മാറി. കരിമ്പനയും കുടപ്പനയും ഉള്‍പ്പടെ നിരവധി വൃക്ഷലതാതികളാല്‍ ചുറ്റപ്പെട്ട തടാകമാണിവിടെ കാണുവാന്‍ സാധിച്ചത്‌. തടാകത്തിന് മിഴിവേകുവാന്‍ നൂറുകണക്കിന് പക്ഷികളും. വേനലിന്റെ ബാക്കിപത്രമായി, അണക്കെട്ടില്‍ തെളിഞ്ഞുവന്ന പാറക്കെട്ടുകളും ചതുപ്പ് നിലങ്ങളും, അസുരകുണ്ടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. പക്ഷിക്കാഷ്ഠത്താല്‍ ചിത്രപ്പണി നടത്തിയ പാറക്കെട്ടുകളും ഇളം പുല്ലുകള്‍ നിറഞ്ഞ നദീതടങ്ങളും പക്ഷികളുടെ കളകൂജനവും തടാകത്തിനെ ചുറ്റപ്പെട്ടിരിക്കുന്ന വൃക്ഷലതാതികളും ചേര്‍ന്ന് ആനന്ദദായകമായ
 ഒരന്തരീക്ഷമാണ് ഇവിടം പ്രദാനം ചെയ്യുന്നത്.




      സാമൂഹികവിരുദ്ധരുടെ അതിപ്രസരം മൂലം, ഈ സൗന്ദര്യത്തിലേക്ക് എത്തിപ്പെടുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ട് തന്നെ സ്ത്രീകളേയും കുട്ടികളേയും കൂട്ടി ഇവിടെ വരുവാന്‍ ആരും ധൈര്യപ്പെടാറില്ല. 'അസുരകുണ്ട്' അക്ഷരാര്‍ത്ഥത്തില്‍ അസുരന്‍മാരുടെ കുണ്ടാകുന്നതും അങ്ങനെയാണ്. വിനോദസഞ്ചാരത്തിന് വളരെയധികം സാധ്യതകളുള്ള ഈ മനോഹരമായ ജലസംഭരണി, അധികൃതരുടെ അനാസ്ഥമൂലം കുത്തഴിഞ്ഞ നിലയിലെത്തിച്ചേര്‍ന്നിരിക്കുന്നു.








1 comment:

  1. ആ ‘അസുരന്മാരെ’ മാറ്റിനിർത്തിനോക്കിയാൽ അതൊരു നല്ല പ്രദേശം തന്നെയായിരിക്കും. പോയിക്കാണണമെന്നുണ്ട്.

    ഉപകാരപ്രദമായ ലേഖനം...

    ReplyDelete