16 May 2014

പെട്ടിതുറന്നപ്പോള്‍..!

   
    ചരിത്ര വിജയവും ചരിത്ര പരാജയവും ഒരേസമയം കാട്ടിത്തന്ന 16ാം ലോകസഭ തിരഞ്ഞെടുപ്പ്, നരേന്ദ്ര മോദി എന്ന വിജയശ്രീലാളിതനേയും രാഹുല്‍ ഗാന്ധി എന്ന പാഴ് ബിംബത്തിനേയും ഭാരതീയ ജനതക്ക് കാട്ടിത്തന്നു. 226 സീറ്റില്‍ നിന്നും രണ്ടക്കത്തിലേക്ക് യു പി എ സഖ്യം തകര്‍ന്നടിഞ്ഞപ്പോള്‍, 282 എന്ന മികച്ച ഭൂരിപക്ഷം ബി.ജെ.പി സ്വന്തമാക്കി. 15ാം ലോകസഭയില്‍ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായിരുന്ന ബി. എസ്. പി ചിത്രത്തില്‍ നിന്ന് മാഞ്ഞുപോവുകയും ആറാം സ്ഥാനത്ത് നിന്നിരുന്ന എ.ഐ.എ.ഡി.എം.കെ ഇവരുടെ സ്ഥാനത്തേക്ക് പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്യപ്പെട്ടു. മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന് കൊട്ടിഘോഷിക്കപ്പെട്ട ആം ആദ്മിയെ തഴഞ്ഞ്, ഡല്‍ഹി ബി.ജെ.പിയെ സ്വീകരിച്ചു. എന്നാല്‍ പഞ്ചാബില്‍ 4 സീറ്റ് വിജയിക്കുവാനായതും വാരാണസിയില്‍ അരവിന്ദ് കേജ്രിവാള്‍ നരേന്ദ്രമോദിയോട് യുദ്ധം ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയതും ആം ആദ്മിയെ തള്ളിക്കളയാറായിട്ടില്ല എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.


     എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന രീതിയില്‍ തന്നെയായിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. യു.പി.എ യുടെ ദേശീയ നാണക്കേടിന് തെല്ലൊരു ശമനം നല്‍കി യു.ഡി.എഫ് 12 സീറ്റ് നേടി. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കെ.സി വേണുഗോപാല്‍, പി.കെ. ബിജു, ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, ഇന്നസെന്റ്, എ. സമ്പത്ത്, എന്‍. കെ പ്രേമചന്ദ്രന്‍, കെ.വി. തോമസ്, സി.എന്‍. ജയദേവന്‍ എന്നിവര്‍ പതിനായിരങ്ങള്‍ നേടിയപ്പോള്‍, ലക്ഷാധിപതികളായി മാറി എം.ബി രാജേഷും ജോസ് കെ. മാണിയും ഇ. അഹമ്മദും. തിരുവനന്തപുരവും കണ്ണൂരും വടകരയും ഇഞ്ചോടിഞ്ച് മല്‍സരമാണ് കാഴ്ചവെച്ചത്. ബി. ജെ. പിയുടെ പ്രതീക്ഷയായിരുന്ന രാജഗോപാല്‍ 8000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയെങ്കിലും, പിന്നീട് ഈ ലീഡ് കുറയുകയും, 15470 വോട്ടിന്‌ ശശി തരൂര്‍ വിജയിക്കുകയായിരുന്നു. ശ്രീമതിയും മുല്ലപ്പള്ളിയും ഇതുപോലെതന്നെ ത്രിശ്ശഃങ്കുവില്‍ നിന്നാണ് ഫലമറിഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടെ, എറണാകുളത്തെ അനിതാ പ്രതാപ് 50000ലധികം വോട്ടും തൃശൂരെ സാറാ ജോസഫ് 44000ലധികം വോട്ടുകള്‍ നേടി. ബി. ജെ. പി യുടെ എം. ടി. രമേഷ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ ഒരു ലക്ഷത്തിനു മുകളില്‍ വോട്ട് നേടി, ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

    ഇടതിന് കേരളത്തില്‍ ലാഭമായിരുന്നുവെങ്കിലും ദേശീയതലത്തില്‍ കനത്ത നഷ്ടം തന്നെയാണുണ്ടായിരിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കപെട്ടേക്കാം എന്ന ഭയത്തിലാണവര്‍. ഒരുപക്ഷേ ആം ആദ്മി ആയിരിക്കാം ഇവര്‍ക്ക് പകരം ദേശീയപാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ പോകുന്നത്.

    2 ലക്ഷത്തിനുമുകളില്‍ നിഷേധവോട്ടാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലുമായി ലഭിച്ചത്. 40000ത്തിലധികം നിഷേധവോട്ടുകള്‍ മലപ്പുറത്തും ആലത്തൂരുമായി ലഭിച്ചപ്പോള്‍, പത്തനംതിട്ടയിലും കോട്ടയത്തും 15000ഓഉംപേരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

2 comments:

  1. ഓരോ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ അടയാളപ്പെടുത്തലാണ്. തങ്ങളുടെ തീർപ്പ് യുക്തമായാൽ ജനങ്ങൾക്ക് ആഹ്ലാദിക്കാൻ ജനങ്ങൾ അവസരമുണ്ടാകും. അല്ലെങ്കിൽ അനുഭവിക്കുക എന്ന ദുര്യോഗവും.

    നിഷേധവോട്ടുകൊണ്ട് നിലവിൽ പ്രയോജനമൊന്നുമുണ്ടായിട്ടില്ല എന്നാണ് എന്റെ നിരീക്ഷണം.

    ReplyDelete

  2. നിഷേധവോട്ട് എന്നത് ഒരു അടയാളമാണ്. ജനം തിരഞ്ഞെടുപ്പിലും പാര്‍ട്ടികളിലും എത്രത്തോളം വിശ്വാസം അര്‍പ്പിക്കുന്നു എന്നതിന്റെ അടയാളം... വിശ്വാസം കുറയുമ്പോള്‍, അല്ലെങ്കില്‍ ഇല്ലാതാകുമ്പോള്‍ അരാഷ്ട്രീയവാദി ആകാതെ, പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗ്ഗമാണിത്..

    ReplyDelete