7 Jun 2014

ഏപ്രില്‍ 1 : ലോക പരിസ്ഥിതി ദിനം...



    മരമൊരു വരം, ഒരു മരം ആയിരം പുത്രന്‍മാര്‍ക്ക് സമം... എന്നൊക്കെ നമ്മള്‍ പലയിടത്തും പ്രയോഗിക്കുമെങ്കിലും, സ്വന്തം വീടിന്റെ ഏഴയലോക്കത്തുപോലും ഒരു മരം നിര്‍ത്തിപ്പൊറുപ്പിക്കില്ല. അതിന് യുക്തിപൂര്‍വ്വമായ പല കാരണങ്ങളും നമ്മള്‍ കണ്ടെത്തും. എന്നാലും ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് ജോലി സ്ഥലത്തും വഴിയോരത്തുമായി നമ്മളെല്ലാവരും തൈകള്‍ നട്ട് പ്രകൃതി സ്‌നേഹം കാട്ടുകയും ചെയ്യും. വിഷുവും ഓണവും വരുമ്പോള്‍ കഷ്ടപ്പെട്ട് മുണ്ടും സാരിയും ഉടുക്കുന്നതുപോലെ.

    ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ാം തീയതി മൂന്നര ലക്ഷത്തിലധികം തൈകള്‍ കോട്ടയത്ത് മാത്രകമായി വിതരണം ചെയ്തു. അതോടൊപ്പം നിരവധി സാമൂഹിക-സാംസ്‌കാരിക പ്രമുഖര്‍ കേരളമൊട്ടാകെ, ഓടി നടന്ന് മരതൈകള്‍ നട്ടുപിടിപ്പിച്ചു; പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഘോരം ഘോരം പ്രസംഗിച്ചു. എല്ലാ വര്‍ഷവും കണ്ടുവരുന്ന ഒരു കാഴ്ചയായതിനാല്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും, വര്‍ഷം തോറും ഇങ്ങനെ തൈകള്‍ നട്ട് വളര്‍ത്തുന്നുണ്ടെങ്കില്‍ നമ്മുടെ നാട് എന്നേ ഒരു കൊടുംകാടായി മാറേണ്ടതായിരുന്നു എന്ന സംശയം മാത്രം ബാക്കി.

    ഈ തൈകളുടെയൊക്കെ ഭാവി എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും നല്ലപോലെ അറിയാം. ഒന്നുകില്‍ അവിടെനിന്ന് കരിഞ്ഞു പോകും, അല്ലെങ്കില്‍ ചപ്പും ചവറും അവയ്ക്കുമേല്‍കൂട്ടിയിട്ട് നശിപ്പിക്കും. ഇനി കഷ്ടകാലത്തിന് വളര്‍ന്നുവന്നാലോ, റോഡ് വികസനം, ഫ്‌ലൈ ഓവര്‍ എന്നൊക്കെ പറഞ്ഞ് വെട്ടിമാറ്റുകയും ചെയ്യും. എന്തിനാണിങ്ങനെയൊരു പ്രഹസനം. ഒന്നും പുതിയതായി നട്ടില്ലെങ്കിലും വേണ്ടില്ല, ഉള്ളത് മുറിച്ച് കളയാതെ പ്രകൃതി ദിനം ആചരിച്ചുകൂടേ. ഉള്ളതിന്റെ വില മനുഷ്യര്‍ക്ക് മനസിലാക്കിക്കൊടുത്തുകൂടേ.


എറണാകുളത്തുനിന്നുമൊരു കാഴ്ച...
    കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നും കൂത്താട്ടുകുളം വരെയുള്ള പാത ഇരുവശങ്ങളിലും മരങ്ങള്‍ നിറഞ്ഞതും, ഏത് കൊടും ചൂടിലും സുഖകരമായ യാത്രാനുഭവം പകരുന്നതുമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇവയില്‍ പകുതിമുക്കാലോളവും മുറിച്ചുമാറ്റിയത്. അതുപോലെ തന്നെ എം സി റോഡ് വികസനത്തിന്റെ പേരില്‍ വേറേയും ആയിരത്തി എണ്ണൂറ് മരങ്ങള്‍ കോട്ടയത്ത്‌ 'സ്‌കെച്ച്' ചെയ്യപ്പെട്ടു കഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ കണക്ക് പകുതിയായി കുറച്ചുവെങ്കിലും, അവയുടെ ഭാവിയും വ്യത്യസ്തമാകാനിടയില്ല.

    എ സി കാറില്‍ സഞ്ചരിക്കുന്നവന് തണലുണ്ടെങ്കിലും ഇല്ലെങ്കിലും
ഒരുപോലെയാണ്. ഇതെല്ലാം ബാധിക്കുന്നത് കാല്‍ നടക്കാരനേയും ബസിലും ഇരുചക്രവാഹനങ്ങളിലുമൊക്കെ പോകുന്നസാധാരണക്കാരനേയുമാണ്. ഇതെല്ലാം മനസിലാക്കി, പ്രഹസനമല്ലാത്ത, പ്രയോജനകരവും ആത്മാര്‍ത്ഥവുമായ പ്രകൃതി സേവനമാണ് ആവശ്യം. പശ്ചിമഘട്ടത്തിന്റേയും പൈതൃക ഗ്രാമങ്ങളുടേയും നെല്‍ വയലുകളുടേയുമെല്ലാം സംരക്ഷണം ഇതേ പോലെയാണ് കാണുന്നതെങ്കില്‍, പരിസ്ഥിതി ദിനാചരണത്തെ ഏപ്രില്‍ ഒന്നിലേക്ക് മാറ്റുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.