15 Dec 2014

വെള്ളിവെളിച്ചത്തില്‍ മുങ്ങി തലസ്ഥാനനഗരി... ചലച്ചിത്രമേള വിശേഷങ്ങള്‍

കഴുത്തില്‍ തൂക്കിയ ഡെലിഗേറ്റ് പാസ്, ചാക്ക് സഞ്ചി, അത്യാവശ്യം ഗൗരവം... മതി! ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ഇത്രയും തന്നെ ധാരാളം. കൊച്ചുവെളുപ്പാങ്കാലത്തേ ഞാനും വേഷഭൂഷാധികളണിഞ്ഞ് ഇറങ്ങി, 19ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കാളിയാകാന്‍...

വല്യ കാര്യത്തില്‍ റിസര്‍വേഷനൊക്കെ ചെയ്ത്, ടിക്കറ്റുമായി ന്യൂ തീയറ്ററിലെയ്ക്കു ചെന്നു. മുന്‍കൂട്ടിയുള്ള എല്ലാ ബുക്കിംഗുകളും റദാക്കിയതായി മേല്‍നോട്ടക്കാര്‍ അറിയിച്ചു. ഒടുവില്‍ അവരുടെയെല്ലാം കാലുപിടിച്ച് അകത്തുകയറി. റിസര്‍വേഷന്‍ ചെയ്ത് സിനിമ കാണാനെത്തിയ മണ്ടന്‍മാരോടൊപ്പം തറയിലിരുന്ന് കന്നിക്കാഴ്ച ആരംഭിച്ചു. ഫ്രെഞ്ച് ചിത്രമായ 'ദ നണ്‍' ആണ് തിരശീലയില്‍. നിലത്തിരുന്നിട്ടു സബ്‌ടൈറ്റില്‍ കാണാന്‍ വയ്യ. അതുകൊണ്ട് വാതിലിനരികിലേക്കു നീങ്ങി. അങ്ങനെ രണ്ടു മണിക്കൂര്‍ നിന്നാണ് പടം കണ്ടത്. കന്യാസ്ത്രീ മഠത്തിലെ മനുഷ്യത്വ രഹിതമായ സംഭവങ്ങളാണ് ഇതിവൃത്തം. ചിത്രം അത്ര കേമമായി തോന്നിയില്ല.


അടുത്തതായി ധന്യ തീയറ്ററിലേയ്ക്ക്. അവിടെ സ്ഥിതി ശാന്തം, സുന്ദരം. ചൈനീസ് ചിത്രമായ അട. ടിബത്യന്‍ സന്യാസിയുടെ കന്നി ചിത്രം. താരെ സമീന്‍ പര്‍, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ കൈകാര്യം ചെയ്ത അതേ വിഷയം. മുളയിലേ നുള്ളപ്പെടുന്ന ബാല്യം. സിനിമ കൊള്ളാം.

പഴയപോലെ ഓടാനൊന്നും വയ്യ. അതുകൊണ്ട് ഉച്ചയ്ക്കുള്ള സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചു. അതിനിടയ്ക്ക് കൈരളിയുടെ മുന്നില്‍ ചുംബന സമരമെന്ന് വാര്‍ത്ത. ക്ഷീണമെല്ലാം മറന്ന് ആവേശത്തോടെ ഓടി, സ്ഥലത്തേയ്ക്ക്. എന്നാല്‍ സ്വല്പം വൈകിപ്പോയി. ഉമ്മ കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ശരിക്കും നഷ്ടബോധം ഉണ്ടായത്. ചുമ്മാ കെട്ടിപ്പിടിക്കലൊന്നുമല്ല, സായിപ്പ് പോലും സുല്ലിട്ടു പോകുന്ന ഫ്രഞ്ച് കിസ്. കേരളത്തിലെ സ്ത്രീ ശാക്തീകരണം കണ്ട് മനസുനിറഞ്ഞു.



വൈകുന്നേരം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം, ദ പ്രസിഡന്റ്. കനകക്കുന്ന് നിശാഗന്ധിയിലെ തുറന്ന വേദിയിലാണ് പ്രദര്‍ശനം. ജനകീയ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാകുന്ന ഏകാധിപതിയുടെ, ജീവനുവേണ്ടിയുള്ള നെട്ടോട്ടമാണ് ഈ ഉറാനി ചിത്രത്തിന്റെ ഇതിവൃത്തം. 'അവാര്‍ഡ് ഫിലി'മുകളില്‍ കാണുന്ന അമാന്തം പ്രസിഡന്റിനില്ല. കാണികളെ ചിരിപ്പിക്കുകയും ഒടുവില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഊര്‍ജസ്വലമായ ചിത്രം. എന്നാല്‍ ഒരു തീയറ്ററിന്റെ അന്തരീക്ഷം വേദിക്ക് നല്‍കാനായില്ല. അതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചവും തൊട്ടടുത്ത് നടക്കുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരവുമെല്ലാം ചിത്രത്തെ പൂര്‍ണമായും ആസ്വദിക്കുന്നതിന് വിലങ്ങുതടിയായി. പോരാത്തതിന് സദസിലെ കൊച്ചുകുട്ടികളുടെ ഒച്ചയും ബഹളവും കൂടി ചേര്‍ന്നതോടെ മൊത്തത്തില്‍ അവിഞ്ഞ ഒരു അന്തരീക്ഷമായിരുന്നു നിശാഗന്ധിയില്‍ ഉണ്ടായിരുന്നത്. എന്നിരുന്നാലും സിനിമ കൊള്ളാം.
കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ജനസാഗരത്താല്‍ അങ്ങനെ വീണ്ടും തലസ്ഥാന നഗരി നിറഞ്ഞിരിക്കുന്നു. ഇനിയുള്ള ഒരാഴ്ച കാഴ്ചയുടെ പൂരമാണ്; വിവാദങ്ങളുടെയും... ( തുടരും )

25 Nov 2014

തണുപ്പ് തുടങ്ങി, ഇനി മലയോരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം...

യാത്രകള്‍ പലപ്പോഴും ശരീരത്തെ തളര്‍ത്തുമെങ്കിലും മനസിന് ഊര്‍ജം പകര്‍ന്നുകൊണ്ടേ ഇരിക്കും. അങ്ങനെ ഞാന്‍ വീണ്ടും ഇറങ്ങി, കുമളിയിലേയ്ക്ക്. കൂടെ മൂന്ന് സുഹൃത്തുക്കളും...

അപ്രതീക്ഷിതമായി തീരുമാനിച്ച ഈ യാത്ര കുമളിയിലെ അണക്കര ഗ്രാമത്തിലേയ്ക്കാണ്. എന്നത്തേയും പോലെ, ഇത്തവണയും ഇരുചക്രവാഹനത്തില്‍ തന്നെയാണ് യാത്ര. കോട്ടയത്തു നിന്നും മൂന്ന്-മൂന്നര മണിക്കൂര്‍ കൊണ്ട് കുമളിയില്‍ എത്താം. അവിടെ നിന്നും കട്ടപ്പന റോഡിലൂടെ 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അണക്കര കവലയില്‍ എത്തും. നാലു കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് ചെന്നാല്‍, തമിഴ്‌നാട്-കേരള അതിര്‍ത്തിയായി.


പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഉയര്‍ന്ന പ്രദേശത്തു നിന്നുമുള്ള കാഴ്ച ഓരോ മലയാളിലേയും ചിന്തിപ്പിക്കുന്ന ഒന്നാണ്. താഴെ ഏക്കറു കണക്കിന് നീണ്ടു നിവര്‍ന്നു കിടക്കുന്ന കൃഷിഭൂമിയാണ് കാണാന്‍ സാധിക്കുന്നത്. വരണ്ട ആ ഭൂമിയിയെ, കൃഷിയുടെ പച്ചപ്പ് മൂടിയിരിക്കുകയാണ്. ഗൂഡല്ലൂരാണ് സ്ഥലം. എന്റെ മനസില്‍ ഓടിയെത്തിയ ചിന്ത ഇതായിരുന്നു: 'മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാടിനു കിട്ടുന്നതുകൊണ്ട് നമുക്ക് പച്ചക്കറി എങ്കിലും കിട്ടുന്നു. കേരളത്തിലേയ്ക്ക് എത്തിയാല്‍ കുറേ മാലിന്യം തള്ളി ഉപയോഗശൂന്യമാക്കാം എന്നല്ലാതെ എന്തു പ്രയോജനം'.



പാറക്കെട്ടുകളുടെ മുകളില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് നോക്കുമ്പോള്‍, വലതുവശത്ത് ലോവര്‍ ക്യാംപ്. ഇടതുവശത്ത് ഗൂഡല്ലൂരിലെ കൃഷിയിടങ്ങളും അതിനും അപ്പുറം ചെറിയ ഒരു പട്ടണവും. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിനെ ചെല്ലാര്‍ കോവില്‍മെട്ട് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നില്‍ക്കുമ്പോള്‍, മൊബൈല്‍ഫോണ്‍ തമിഴ്‌നാട് റോമിംഗിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൂപ്രീം കോടതി വിധി വന്നിരുന്ന നാളുകളില്‍, ഇവിടെ മലയാളികളും തമിഴന്‍മാരും തമ്മില്‍ കല്ലേറും അടിപിടിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പാറപ്പുറത്തിരുന്ന് കാഴ്ചകള്‍ കാണുമ്പോള്‍, തണുത്ത കാറ്റ് ശരീരത്തെ തഴുകുന്നുണ്ടായിരുന്നു.  കൂട്ടുകാരന്റെ നാടന്‍പാട്ടു കൂടിയായപ്പോള്‍, ശരീരത്തോടൊപ്പം മനസും തണുത്തു.


സമീപത്തായി സ്ഥിതി ചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടം അത്യന്തം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഏകദേശം 2000 അടിയോളം പൊക്കത്തില്‍ നിന്നും താഴേയ്ക്ക് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

അടുത്തു താമസിക്കുന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നും, അവന്റെ അമ്മ ഉണ്ടാക്കിതന്ന കപ്പ കൂടിക്കഴിച്ചതോടെ ആഗമന ഉദ്ദേശ്യം പൂര്‍ത്തിയായി. കുമളി-കുട്ടിക്കാനം-മുണ്ടക്കയം-കാഞ്ഞിരപ്പള്ളി.... മടക്കയാത്ര അങ്ങനെ തിരികെ കോട്ടയത്ത്‌ അവസാനിച്ചു. കൈയും കാലും ചന്തിയും മരച്ചുവെങ്കിലും മനസിന് എന്തെന്നില്ലാത്ത ഉന്‍മേഷം. അപ്പോഴേയ്ക്കും അടുത്ത യാത്രയെക്കുറിച്ചുള്ള പദ്ധതികള്‍ മനസില്‍ പൊട്ടിമുളച്ചു കഴിഞ്ഞിരുന്നു...

28 Aug 2014

പുട്ടുകച്ചവടമായി മാറാതെ, ആഘോഷിക്കാം നമുക്കീ ഓണക്കാലത്തെ...


 *******************************************************************************

മലയാളിയുടെ മനസിന് കുളിര്‍മയുള്ള ഓര്‍മകളുമായി വീണ്ടുമൊരു ഓണക്കാലം വന്നെത്തി...

പൂക്കളമിടുന്നത് ഇന്നു മുതലാണ്. അത്തം മുതല്‍ ഉത്രാടം വരെ പത്ത് ദിവസം പൂക്കളമിടും. പുലര്‍ച്ചെ കുളിച്ച് ശുദ്ധിയോടെ പൂക്കളമിടണമെന്നാണ് വെപ്പ്. അതുപോലെ അത്തത്തിന് തുമ്പപ്പൂ കൊണ്ടാണ് പൂക്കളം. എന്നാല്‍ ഇന്ന് തുമ്പപ്പൂ കണ്ടാല്‍ എത്രപേര്‍ക്ക് തിരിച്ചറിയാനാകുമെന്നത് മറ്റൊരു ചോദ്യമാണ്. പൂക്കളത്തില്‍ ഓണത്തപ്പനെ സ്ഥാപിക്കുക, ചാണകം മെഴുകുക എന്നിങ്ങനെയുള്ള രീതികളും ഇന്ന് വിരളമായി മാത്രം കാണുവാന്‍ സാധിക്കുന്നു. 



കടംവാങ്ങി കുറേ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക, ഓണവുമായി ഒരുബന്ധവുമില്ലാത്ത ഓണാഘോഷപ്പരിപാടികളില്‍ പങ്കെടുക്കുക എന്നിങ്ങനെയുള്ള കാര്യപ്പരിപാടികളാണ് ഇന്നത്തെ ഓണത്തെ ആകര്‍ഷകമാക്കുന്നത്. ഒത്തുചേരലിന്റെ ആഘോഷമെന്ന സങ്കല്‍പ്പത്തെ ഓണം ഇന്നും കാത്തു സൂക്ഷിക്കുന്നുവെങ്കിലും, കച്ചവടസംസ്‌കാരത്തിന്റെ ഭാഗമായുള്ള ഒത്തുചേരല്‍ മാത്രമായി മാറുന്നു ഇത്.

എന്നാല്‍ കാലം മാറിയെന്ന പരിഭവവുമായി ഇരിക്കാതെ, കച്ചവടക്കാരുടെ മാസ്മരികവലയത്തെ ഭേദിച്ച് പുറത്ത് കടക്കുക. ഓണത്തെ ക്രിയാത്മകമായി സമീപിക്കുക. അത്തപ്പൂവിടുക, ബന്ധു-മിത്രാദികളുമായി ഒത്തുചേരുക, വീട്ടില്‍ ഉപ്പേരിയും പായസവും വെക്കുക. കോടീശ്വരന്‍മാരായ കച്ചവടക്കാരെ സഹായിക്കുന്നതിനു പകരം തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുക.

എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു...

 *******************************************************************************