11 May 2014

പൂരപ്പറമ്പില്‍...

   തൃശൂര്‍ പൂരം ആസ്വദിക്കണമെങ്കില്‍ വ്യക്തമായ ആസൂത്രണത്തോടെ വേണം പൂരപ്പറമ്പില്‍ എത്താന്‍. ഇല്ലെങ്കില്‍ കുറേ ആളുകളുടെ ഇടയിലൂടെ തേരാപാരാ നടക്കാം. എന്താണ് അവിടെ സംഭവിക്കുന്നതെന്നുപോലും മനസിലാവുകയില്ല.
തൃശുര്‍ പൂരത്തിന്റെ വാദ്യഘോഷാദികളിലൂടെ ഒരു യാത്ര...

   രാവിലെ സ്വല്‍പ്പം വൈകിയാണ് ഞാന്‍ എത്തുന്നത്. അപ്പോഴേക്കും പടിഞ്ഞാറേ നടയിലെ നടുവിലാല്‍ വഴി ഘടകപൂരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളുടെ പൂരങ്ങളായിരുന്നു എഴുന്നള്ളിയിരുന്നത്. മൊത്തം 8 ഘടകക്ഷേത്രങ്ങളാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. വാദ്യമേളക്കൊഴുപ്പോടെയാണ് ഇരുകൂട്ടരും തിരുനടയിലെത്തിയിരിക്കുന്നത്.


   പാറമേക്കാവിലേക്ക് ഞാന്‍ നടന്നു. പാറമേക്കാവും തിരുവമ്പാടിയും മാത്രമല്ല, അമ്പലപ്പറമ്പില്‍ ഏഷ്യാനെറ്റും കൈരളിയും വരെ ഏറ്റുമുട്ടുന്നു. ഏറ്റവും മികച്ച രീതിയില്‍ പൂരം ആരവതരിപ്പിക്കും എന്ന മത്സരം.


   കിഴക്കേ ഗോപുരത്തിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന പാറമേക്കാവിന്റെ മുന്നിലായി 14 ഗജവീരന്‍മാരും ഭക്തജനങ്ങളും ഭഗവതിയുടെ എഴുന്നള്ളത്തും കാത്ത് അക്ഷമരായി നില്‍ക്കുന്നു. ആനപ്പുറത്തിരിക്കുന്നവര്‍ മൊബൈലില്‍ സംസാരിച്ച് സമയംകളയുമ്പോള്‍, പോലീസുകാര്‍ മേളക്കാര്‍ക്ക് അണിനിരക്കാന്‍ പാകത്തിന് ജനങ്ങളെ ഒതുക്കുവാന്‍ ശ്രമിക്കുന്നു. പൂരത്തിന്റെ ആവേശത്തില്‍ മതിമറന്ന ആയിരക്കണക്കിന് ആളുകളാണവിടെ തടിച്ച് കൂടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ തള്ളി നീക്കുക എന്നത് ചില്ലറപ്പണിയുമല്ല.


   അവിടിവിടെയായി മേളക്കാര്‍ അണിനിരന്നു. ഏതാനം മിനിറ്റുകള്‍ക്കുള്ളില്‍ പാറമേക്കാവ് ശ്രീപത്മനാഭന്റെ പുറത്തിരുന്ന് ഭഗവതി എഴുന്നള്ളി. ഹര്‍ഷാരവത്തില്‍ പൂരപ്പറമ്പ് പ്രകമ്പനം കൊണ്ടു.

   ചെമ്പട ആരംഭിക്കുകയായി. പെരുവനം കുട്ടന്‍മാരാറാണ് മേളത്തിന്റെ പ്രമാണി. ഉന്തും തള്ളും സഹിച്ച് മണിക്കൂറുകള്‍ കാത്തുനിന്ന് അവശരായ കാണികള്‍ നിമിഷനേരം കൊണ്ട് ഊര്‍ജസ്വലരാവുന്ന കാഴ്ച ഇവിടെ കാണുവാന്‍ സാധിക്കും. കൈകള്‍ വാനിലേക്കുയര്‍ത്തി, പൂരത്തിന്റെ സ്റ്റൈലില്‍ ആയിരങ്ങള്‍ ആടിത്തുടങ്ങി. കുടമാറ്റവും അതോടൊപ്പമുണ്ട്. ഓരോ പുതിയ കുട ചൂടുമ്പോളും വലിയ ആര്‍പ്പുവിളികളാണ് കാണികളില്‍ നിന്നുംമുണ്ടാകുന്നു. ആവേശം വര്‍ധിപ്പിക്കുവാന്‍ പാകത്തിന് വെടിക്കെട്ടും അരങ്ങേറി.
പാറമേക്കാവ് മേളം
   കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്ത മഴ പൂരപ്രേമികളെ ആശങ്കയുടെ മുള്‍മുനയിലാണ് കൊണ്ടെത്തിച്ചത്. മഴമൂലം ഇത്തവണ സാംമ്പിള്‍ വെടിക്കെട്ടും റദ്ദാക്കിയിരുന്നു. എന്നാല്‍ രാവിലെയായതോടെ സൂര്യന്‍ മാനത്ത് തിളങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്.

   മണിക്കൂറുകള്‍ നീണ്ട ചെമ്പട അവസാനിച്ച്, വടക്കുംനാഥന്റെ മുന്നിലേക്കായി ഭഗവതി എഴുന്നള്ളത്ത് ആരംഭിച്ചു. നട്ടുച്ചയായി അപ്പോഴേക്കും. തൃശൂര്‍ നഗരസഭയുടെ സൗജന്യ സംഭാരവിതരണത്തില്‍ നിന്നും രണ്ടു ഗ്ലാസ് വാങ്ങിക്കുടിച്ച് പൂരത്തിന്റെ പിന്നാലെ ഞാനും നടന്നു.

   അമ്പലത്തിന്റെ മതില്‍ക്കകത്തേക്ക് പ്രവേശിച്ച് തെക്കേ ഗോപുരവും പടിഞ്ഞാറേ ഗോപുരവും ചുറ്റിയാണ് ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നത്. അവിടെ നടക്കുന്ന പാണ്ടിമേളത്തിന്റെ ഏഴയലത്തുപോലും അടുക്കാന്‍ പറ്റില്ല എന്നതാണ് വാസ്തവം. തിക്കിയും തിരക്കിയും മനസുമടുത്തപ്പോള്‍ അടുത്തുകണ്ട ആല്‍ത്തറയുടെ ചുവട്ടില്‍ പോയിരുന്നു.

ഇലഞ്ഞിത്തറ മേളം
   അപ്പോഴാണ് ഞാന്‍ മറ്റൊരുകാര്യം ശ്രദ്ധിക്കുന്നത്; എല്ലാവരും ചെരുപ്പിട്ടാണ് മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ചിരിക്കുന്നത്. മാത്രവുമല്ല, ചുറ്റമ്പലത്തില്‍ ചെരുപ്പിട്ട് കയറിനില്‍ക്കുന്നു കുറേ 'ഭക്തജനങ്ങള്‍'. കൂള്‍ഡ്രിംഗസ് കച്ചവടവും മതില്‍ക്കകത്ത് പൊടിപൊടിക്കുന്നു. കഷ്ടം തന്നെ!

   പെട്ടന്ന് വാനം ഇരുണ്ടു, മഴ ആരംഭിച്ചു. ആളുകള്‍ ചിന്നിച്ചിതറിയോടി. പാണ്ടിമേളം നടക്കുന്നത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ്. ഈയൊരു അവസരം മുതലെടുത്ത് പാണ്ടിമേളത്തിന്റെ അടുത്തെത്താന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. ഗാനമേള നടക്കുമ്പോള്‍ കാണുന്ന സദസിന് സമാനമായ ആള്‍ക്കൂട്ടം. കനത്തമഴയത്ത് മേളത്തില്‍ കുതിര്‍ന്ന് ആടിത്തിമിര്‍ക്കുന്ന അബാലവൃദ്ധം ജനങ്ങള്‍.

പെരുവനം കുട്ടന്‍മാരാറും സംഘവും...
   മഴ ശമിച്ചതോടെ, കുടമാറ്റമെങ്കിലും വൃത്തിക്ക് കാണാം എന്നുകരുതി തെക്കേ ഗോപുരത്തിന്റെ മുന്നിലേക്ക് പാഞ്ഞു. പടപേടിച്ചു പന്തളത്തുചെന്നപ്പോ, പന്തം കൊളുത്തി പട! പോലീസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളുമാണവിടെ. ഞാനും അതിനിടയിലേക്ക് നുഴഞ്ഞുകയറി. വി ഐ പി കസേരകളിലിരുന്ന് സായിപ്പന്‍മാര്‍ ഞങ്ങളുടെ ഈ ദുരവസ്ഥയെ കാമറയില്‍ പകര്‍ത്തുകയായിരുന്നു അപ്പോള്‍...



കുടമാറ്റത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍
   ഏതാനം മണിക്കൂറുകള്‍ക്ക് കഴിഞ്ഞപ്പോ പാറമേക്കാവ് ഭഗവതിയും സംഘവും പുറത്തേക്കിറങ്ങി. വഴിയിലേക്ക് നീങ്ങി, ക്ഷേത്രത്തെ അഭിമുഖീകരിച്ച് 15 ഗജരാജാക്കന്‍മാരും അണിനിരന്നു. തുടര്‍ന്ന് ശിവസുന്ദറിന്റെ പുറത്തായി തിരുവമ്പാടി ഭഗവതിയും കൂട്ടരും പൂരപ്പറമ്പിലേക്കിറങ്ങി. പാറമേക്കാവിനെ അഭിമുഖീകരിച്ച് തിരുവമ്പാടി ടീമും തയ്യാറായി. ഇരുകൂട്ടര്‍ക്കുമിടയിലായി, കയ്യടിച്ചും ആര്‍പ്പുവിളിച്ചും ജനസാഗരം.  

തിരുവമ്പാടി ഭഗവതി പൂരപ്പറമ്പിലേക്ക്...

പാറമേക്കാവിന്റെ കുടമാറ്റം...
   വിവിധ നിറത്തിലും രൂപത്തിലുമുള്ള കുടകള്‍ മാറി മാറി ചൂടുന്ന ചടങ്ങിനെ ജനങ്ങള്‍ ആഘോഷമാക്കിമാറ്റി. ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം കാണികളാല്‍ സമൃദ്ധം. തൃശൂര്‍ നഗരത്തിന്റെ മനസുനിറയെ പൂരം എന്ന ഒരൊറ്റ വികാരം മാത്രമായിരുന്നു അപ്പോള്‍...

3 comments:

  1. കുടമാറ്റത്തോടെ തൃശ്ശൂർ പൂരം അവസാനിക്കുന്നില്ല കെട്ടോ. അടുത്ത ദിവസം വെളുപ്പിന് വെടിക്കെട്ടും പിന്നെ പകൽപ്പൂരവും കഴിഞ്ഞ് ദേവിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് പൂരത്തിന്റെ ചടങ്ങുകൾ അവസാനിക്കുന്നത്.

    ReplyDelete
    Replies
    1. വെടിക്കെട്ട്് എടുത്തുപറയേണ്ട ഒന്നുതന്നെയാണ്...
      എന്നാല്‍ തൃശൂര്‍പൂരത്തിന്റെ ഒരു അംശം മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്... ഒരാള്‍ക്ക് അന്നേ ദിവസം പൂരപ്പറമ്പിലൂടെ നടന്നുകാണാന്‍ സാധിക്കുന്ന ഭാഗം... മുന്‍പും പിന്‍പും ഇതിനിടക്കുമായി വേറെയും പരിപാടികള്‍ നടക്കുന്നുണ്ട്...

      Delete
  2. ഞാൻ ഇതുവരെ തൃശ്ശൂർപൂരം കണ്ടിട്ടില്ല.

    ReplyDelete