5 Jul 2014

നീലച്ചടയന്‍

ഇരുപതുവാട്ട്‌സിന്റെ സാധാ ബള്‍ബ്. പൊടിപിടിച്ച, അലക്ഷ്യമായ പഴയ കെട്ടിടം.

ഉണങ്ങിയ ഇലകള്‍ തരിതരിയായി കിടക്കുന്നു. നെല്ലു പതിരും തരംതിരിക്കുന്ന പോലെ, വളരെ കൃത്യതയോടെ അവന്‍ ഇലകളെ കുരുവില്‍ നിന്നും വേര്‍പെടുത്തി. ഓയില്‍ പേപ്പറെന്നോ മറ്റോ അവര്‍ പറയുന്നതു കേട്ടു.

പീരങ്കിയില്‍ വെടിമരുന്നു നിറച്ചു കഴിഞ്ഞു. ഇനി ആക്രമണമാണ്!

തല പെരുത്തുതുടങ്ങി. തലയുടെ വശങ്ങളിലാണ് തരിപ്പ്. ഒരു അര്‍ത്ഥവൃത്താകൃതിയില്‍ പെരുപ്പ് പടര്‍ന്നു. തളര്‍ന്നുവീഴുവാന്‍ തുടങ്ങിയപ്പോള്‍ ഒരു മിന്നല്‍പിണര്‍ നാഢീവ്യൂഹത്തിലൂടെ കയറിയിറങ്ങി. കട്ടിലിലേക്ക് വീണെങ്കിലും ഒരു വിധത്തില്‍ എഴുന്നേറ്റു നിന്നു.

ബുദ്ധിമുട്ടാണ്; വേച്ചുപോകുന്നു. ശിവമൂലി ശരീരത്തേയും ചിന്തകളേയും എടുത്തെറിഞ്ഞു തുടങ്ങിയിരിക്കുന്നു.

തോല്‍ക്കാന്‍ എന്നെ കിട്ടില്ല! വീണ്ടും എഴുന്നേറ്റു നിന്നു. കാല്‍പ്പത്തി പതിഞ്ഞ സ്ഥലം മാത്രം അനുഭവപ്പെടുന്നു, ചുറ്റുപാടെല്ലാം 360 ഡിഗ്രിയില്‍ കറങ്ങിമറിയുന്നു. ചുറ്റും ചിരിക്കുന്ന മുഖങ്ങള്‍. നൃത്തം ചവിട്ടുന്ന രൂപങ്ങള്‍.

എന്നില്‍ നിന്നും ഞാന്‍ തെറിച്ചുപോകുന്നു. ഇരുവശങ്ങളിലേക്കും.

കണ്ണുതുറന്ന് അധികനേരം നില്‍ക്കുവാന്‍ സാധിക്കുന്നില്ല. കണ്ണടച്ചാലോ ശക്തമായ പ്രകാശം കണ്ണിലൂടെ തുളച്ചുകയറി, കാലിലൂടെ ഇറങ്ങിപോകുന്നു. സഹിക്കാനാവാത്ത അസ്വസ്ഥത.

കണ്ണുതുറന്നാല്‍ ലോകം കീഴ്‌മേല്‍ മറിയുന്നു, അടച്ചാല്‍ അസഹനീയമായ അസ്വസ്ഥത.

കണ്ണടച്ചു, ഉറങ്ങാന്‍ ശ്രമിച്ചു. പറ്റുന്നില്ല. ചുറ്റും നിശബ്ദത. ഫാനിന്റെ മുരള്‍ച്ചയില്‍ കാതോര്‍ത്തു. ഡമരുനാദം കേള്‍ക്കുന്നു. ഹേയ്, അല്ല. ഫാനിന്റെ ശബ്ദമാ. തോന്നലായിരിക്കും. വീണ്ടും ഫാനിന്റെ ശബ്ദം മാറി. ശിവന്റെ കൈയില്‍ കാണാറുള്ള ഡമരു. കണ്ടുമറന്ന ഓം നമശിവായ സീരിയലിന്റെ
 ടൈറ്റില്‍ സോങ് ഓര്‍മ വന്നു...

7 Jun 2014

ഏപ്രില്‍ 1 : ലോക പരിസ്ഥിതി ദിനം...



    മരമൊരു വരം, ഒരു മരം ആയിരം പുത്രന്‍മാര്‍ക്ക് സമം... എന്നൊക്കെ നമ്മള്‍ പലയിടത്തും പ്രയോഗിക്കുമെങ്കിലും, സ്വന്തം വീടിന്റെ ഏഴയലോക്കത്തുപോലും ഒരു മരം നിര്‍ത്തിപ്പൊറുപ്പിക്കില്ല. അതിന് യുക്തിപൂര്‍വ്വമായ പല കാരണങ്ങളും നമ്മള്‍ കണ്ടെത്തും. എന്നാലും ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് ജോലി സ്ഥലത്തും വഴിയോരത്തുമായി നമ്മളെല്ലാവരും തൈകള്‍ നട്ട് പ്രകൃതി സ്‌നേഹം കാട്ടുകയും ചെയ്യും. വിഷുവും ഓണവും വരുമ്പോള്‍ കഷ്ടപ്പെട്ട് മുണ്ടും സാരിയും ഉടുക്കുന്നതുപോലെ.

    ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ാം തീയതി മൂന്നര ലക്ഷത്തിലധികം തൈകള്‍ കോട്ടയത്ത് മാത്രകമായി വിതരണം ചെയ്തു. അതോടൊപ്പം നിരവധി സാമൂഹിക-സാംസ്‌കാരിക പ്രമുഖര്‍ കേരളമൊട്ടാകെ, ഓടി നടന്ന് മരതൈകള്‍ നട്ടുപിടിപ്പിച്ചു; പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഘോരം ഘോരം പ്രസംഗിച്ചു. എല്ലാ വര്‍ഷവും കണ്ടുവരുന്ന ഒരു കാഴ്ചയായതിനാല്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും, വര്‍ഷം തോറും ഇങ്ങനെ തൈകള്‍ നട്ട് വളര്‍ത്തുന്നുണ്ടെങ്കില്‍ നമ്മുടെ നാട് എന്നേ ഒരു കൊടുംകാടായി മാറേണ്ടതായിരുന്നു എന്ന സംശയം മാത്രം ബാക്കി.

    ഈ തൈകളുടെയൊക്കെ ഭാവി എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും നല്ലപോലെ അറിയാം. ഒന്നുകില്‍ അവിടെനിന്ന് കരിഞ്ഞു പോകും, അല്ലെങ്കില്‍ ചപ്പും ചവറും അവയ്ക്കുമേല്‍കൂട്ടിയിട്ട് നശിപ്പിക്കും. ഇനി കഷ്ടകാലത്തിന് വളര്‍ന്നുവന്നാലോ, റോഡ് വികസനം, ഫ്‌ലൈ ഓവര്‍ എന്നൊക്കെ പറഞ്ഞ് വെട്ടിമാറ്റുകയും ചെയ്യും. എന്തിനാണിങ്ങനെയൊരു പ്രഹസനം. ഒന്നും പുതിയതായി നട്ടില്ലെങ്കിലും വേണ്ടില്ല, ഉള്ളത് മുറിച്ച് കളയാതെ പ്രകൃതി ദിനം ആചരിച്ചുകൂടേ. ഉള്ളതിന്റെ വില മനുഷ്യര്‍ക്ക് മനസിലാക്കിക്കൊടുത്തുകൂടേ.


എറണാകുളത്തുനിന്നുമൊരു കാഴ്ച...
    കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നും കൂത്താട്ടുകുളം വരെയുള്ള പാത ഇരുവശങ്ങളിലും മരങ്ങള്‍ നിറഞ്ഞതും, ഏത് കൊടും ചൂടിലും സുഖകരമായ യാത്രാനുഭവം പകരുന്നതുമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇവയില്‍ പകുതിമുക്കാലോളവും മുറിച്ചുമാറ്റിയത്. അതുപോലെ തന്നെ എം സി റോഡ് വികസനത്തിന്റെ പേരില്‍ വേറേയും ആയിരത്തി എണ്ണൂറ് മരങ്ങള്‍ കോട്ടയത്ത്‌ 'സ്‌കെച്ച്' ചെയ്യപ്പെട്ടു കഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ കണക്ക് പകുതിയായി കുറച്ചുവെങ്കിലും, അവയുടെ ഭാവിയും വ്യത്യസ്തമാകാനിടയില്ല.

    എ സി കാറില്‍ സഞ്ചരിക്കുന്നവന് തണലുണ്ടെങ്കിലും ഇല്ലെങ്കിലും
ഒരുപോലെയാണ്. ഇതെല്ലാം ബാധിക്കുന്നത് കാല്‍ നടക്കാരനേയും ബസിലും ഇരുചക്രവാഹനങ്ങളിലുമൊക്കെ പോകുന്നസാധാരണക്കാരനേയുമാണ്. ഇതെല്ലാം മനസിലാക്കി, പ്രഹസനമല്ലാത്ത, പ്രയോജനകരവും ആത്മാര്‍ത്ഥവുമായ പ്രകൃതി സേവനമാണ് ആവശ്യം. പശ്ചിമഘട്ടത്തിന്റേയും പൈതൃക ഗ്രാമങ്ങളുടേയും നെല്‍ വയലുകളുടേയുമെല്ലാം സംരക്ഷണം ഇതേ പോലെയാണ് കാണുന്നതെങ്കില്‍, പരിസ്ഥിതി ദിനാചരണത്തെ ഏപ്രില്‍ ഒന്നിലേക്ക് മാറ്റുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

28 May 2014

'അസുരന്‍'മാര്‍ വിഹരിക്കുന്ന അസുരകുണ്ട്...


 നാനൂറ്റിപതിനെട്ടല്ല നാലുലക്ഷത്തിപതിനെട്ട് ബാറുകള്‍ തുറന്നാലും, നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന, പാടത്തും പറമ്പിലും കാട്ടിലുമിരുന്നുള്ള മദ്യപാനം കുറയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്. വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നുകൂടിയാണിത്. പരിസരമലിനീകരണത്തിനോടൊപ്പം, പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്ക്
 വലിയ ബുദ്ധിമുട്ടുകളും ഇക്കൂട്ടരില്‍ നിന്ന് നേരിടേണ്ടി വരുന്നു...
നാട്ടുകാരുടെ മദ്യപാനകേന്ദ്രവും സാമൂഹികവിരുദ്ധരുടെ ഇഷ്ടപ്രദേശവുമായിമാറിയ അസുരകുണ്ട് എന്ന കൃത്രിമജലാശയത്തിലേക്ക്...

___________________________________

   ഷൊര്‍ണൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, അസുരകുണ്ട് ജലസംഭരണി ആകര്‍ഷകമായ ഒരു ഭൂപ്രദേശമാണ്. വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ, 1977ലാണ് ജലസംഭരണി നിര്‍മ്മിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്നും സംസ്ഥാന പാത 22 ലൂടെ യാത്ര ചെയ്താല്‍ ആറ്റൂര്‍ ഗ്രാമപ്രദേശത്ത് എത്തിച്ചേരാം; അവിടെ നിന്നും പഴയന്നൂര്‍ റോഡിലൂടെ സഞ്ചരിച്ച് അസുരകുണ്ടിലെത്താം. തൃശൂര്‍ വനവകുപ്പിന്റെ കീഴിലുള്ള മച്ചാട് ഡിവിഷനിലാണ് ജലസംഭരണി സ്ഥിതിചെയ്യുന്നത്. 10 മീറ്റര്‍ മാത്രം ഉയരമുള്ള അണക്കെട്ടാണിത്.



    ഷൊര്‍ണൂരുള്ള സുഹൃത്തിനെ കൂട്ടിയാണ്, നാട്ടുകാര്‍ക്കിടയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അസുരകുണ്ട് ജലസംഭരണിയിലേക്ക് ഞാന്‍ പോയത്. ഞാന്‍ അസുരകുണ്ടിലേക്ക് പോകാം എന്നു പറഞ്ഞപ്പോള്‍, 'വേണോ?' എന്നാണ് ആദ്യമവനെന്നോട് ചോദിച്ചത്. കൊലപാതകമൊക്കെ നടന്ന സ്ഥലമാണെന്നും അതിനാല്‍ പോകുന്നത് സുരക്ഷിതമല്ലെന്നും അവന്‍ പറഞ്ഞപ്പോള്‍, ഏതായാലും പോയിനോക്കാമെന്ന് ഞാന്‍ പറഞ്ഞു. ചെക്‌പോസ്റ്റിലെ പോലീസുകാരന്റെ ഭയങ്കരമായ ചോദ്യം ചെയ്യല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി ഇവന്‍ പറയുന്നപോലെയൊന്നുമല്ല, വളരെ കര്‍ക്കശമായിട്ടാണ് അവിടെ കാര്യങ്ങള്‍ നടന്നുപോകുന്നതെന്ന്. എന്നാല്‍ ഉള്ളിലേക്ക് ചെന്നപ്പോള്‍ എത്രത്തോളമാണ് അവിടുത്തെ കര്‍ക്കശത്വം എന്നതെനിക്ക്‌ വ്യക്തമായി.
   സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമാണിവിടം. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് കടന്നുള്ള വഴിയായിട്ടുകൂടെ, അങ്ങിങ്ങായി മദ്യപിച്ചുകൊണ്ടിരിക്കുന്ന ചെറുകൂട്ടങ്ങളെ ധാരാളം കാണാമിവിടെ. വഴിയുടെ നടുക്ക് കുപ്പിവെച്ച് അടിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. കുപ്പിതട്ടാതെ, ഒതുങ്ങി ഞങ്ങള്‍ ഡാമിലേക്ക് നീങ്ങി.

   മനംമടുപ്പോടെയാണ് ചെന്നതെങ്കിലും, അണക്കെട്ടിന്റെ അകത്തേക്ക് പ്രവേശിച്ചതോടെ ഈയൊരു മാനസികാവസ്ഥ മാറി. കരിമ്പനയും കുടപ്പനയും ഉള്‍പ്പടെ നിരവധി വൃക്ഷലതാതികളാല്‍ ചുറ്റപ്പെട്ട തടാകമാണിവിടെ കാണുവാന്‍ സാധിച്ചത്‌. തടാകത്തിന് മിഴിവേകുവാന്‍ നൂറുകണക്കിന് പക്ഷികളും. വേനലിന്റെ ബാക്കിപത്രമായി, അണക്കെട്ടില്‍ തെളിഞ്ഞുവന്ന പാറക്കെട്ടുകളും ചതുപ്പ് നിലങ്ങളും, അസുരകുണ്ടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. പക്ഷിക്കാഷ്ഠത്താല്‍ ചിത്രപ്പണി നടത്തിയ പാറക്കെട്ടുകളും ഇളം പുല്ലുകള്‍ നിറഞ്ഞ നദീതടങ്ങളും പക്ഷികളുടെ കളകൂജനവും തടാകത്തിനെ ചുറ്റപ്പെട്ടിരിക്കുന്ന വൃക്ഷലതാതികളും ചേര്‍ന്ന് ആനന്ദദായകമായ
 ഒരന്തരീക്ഷമാണ് ഇവിടം പ്രദാനം ചെയ്യുന്നത്.




      സാമൂഹികവിരുദ്ധരുടെ അതിപ്രസരം മൂലം, ഈ സൗന്ദര്യത്തിലേക്ക് എത്തിപ്പെടുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ട് തന്നെ സ്ത്രീകളേയും കുട്ടികളേയും കൂട്ടി ഇവിടെ വരുവാന്‍ ആരും ധൈര്യപ്പെടാറില്ല. 'അസുരകുണ്ട്' അക്ഷരാര്‍ത്ഥത്തില്‍ അസുരന്‍മാരുടെ കുണ്ടാകുന്നതും അങ്ങനെയാണ്. വിനോദസഞ്ചാരത്തിന് വളരെയധികം സാധ്യതകളുള്ള ഈ മനോഹരമായ ജലസംഭരണി, അധികൃതരുടെ അനാസ്ഥമൂലം കുത്തഴിഞ്ഞ നിലയിലെത്തിച്ചേര്‍ന്നിരിക്കുന്നു.